മണ്ണിന് മണമുണ്ടോ സാര്‍- പുതിയ തലമുറ ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ. മണ്ണില്‍ നില്‍ക്കാനുള്ള അവസരം ഇല്ലാത്ത കാലത്ത് മണ്ണിന്റെ മണം എങ്ങനെ അറിയാനാണ്. ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് മണ്‍വെട്ടം എന്ന ഹ്രസ്വചിത്രം. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഹരി രാജാക്കാട് ആണ് മണ്‍വെട്ടം തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്.
മണ്ണിന് മണമുണ്ടോ എന്ന് ഒരു കുട്ടി ഒരു അധ്യാപകനോട് ചോദിക്കുന്നു. കുട്ടിക്കാലത്ത് മണ്ണില്‍ കളിച്ചുവളര്‍ന്ന അധ്യാപകന് പക്ഷേ മുതിര്‍ന്ന കാലത്ത് അതിനുള്ള ഉത്തരം നല്‍കാനാകുന്നില്ല. ആ ചോദ്യം അധ്യാപകനെ അസ്വസ്ഥനാക്കുന്നു. ഇന്നത്തെ കാലത്ത് നമ്മളെ എല്ലാവരെയും അസ്വസ്ഥനാക്കേണ്ട ചോദ്യം. സുഹൃദ് സദസ്സിലും ഇന്റര്‍നെറ്റിലും ഒക്കെ ഉത്തരത്തിനായി പരതിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ കുട്ടി തന്നെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ്. ലോക പരിസ്ഥിതി ദിനത്തില്‍, മണ്ണിനെ അറിഞ്ഞു വളരാന്‍ പ്രേരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് മണ്‍വെട്ടം.
ജയേഷ് മമ്പാടിന്റേതാണ് കഥ. അനില്‍ കൊച്ചുമത്തായി ആണ് മണ്‍വെട്ടം നിര്‍മ്മിച്ചിരിക്കുന്നത്. അനില്‍ മത്തായി തന്നെയാണ് പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്. മിംഗിള്‍ മോഹനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
