മലയാളത്തിന്‍റെ ആദ്യത്തെ സിനിമയാണ് ഡോ ജെ സി ഡാനിയേൽ സംവിധാനം ചെയ്ത വിഗതകുമാരൻ. പക്ഷേ ആ സിനിമയുടേതായി ഇന്ന് ആകെ അവശേഷിക്കുന്നത് സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ഒരേയൊരു നിശ്ചലചിത്രം മാത്രമാണ്. മലയാളസിനിമാചരിത്രത്തിലെ ഒരു വലിയ  കൈപ്പിഴവാണ് വിഗതകുമാരന്‍റെ പ്രിന്‍റ് നഷ്ടപ്പെടാൻ കാരണം. ഒരാറുവയസ്സുകാരൻ തിരിച്ചറിവില്ലാതെ ചെയ്ത തെറ്റ്. അന്നത്തെ ആറുവയസ്സുകാരൻ ഇന്ന് എൺപതുകാരനാണ്.

1930 നവംബർ ഏഴിന് റിലീസ് ചെയ്ത ആദ്യ മലയാള ചലച്ചിത്രം, വിഗതകുമാരൻ. മലയാളസിനിമയുടെ പിതാവുകണ്ട സെല്ലുലോയ്ഡ് സ്വപ്നത്തിന്‍റെ ശേഷിപ്പ് ഒരാറുവയസ്സുകാരന്‍റെ ബാല്യകൗതുകത്തിൽ ഇല്ലാതായിപ്പോയി.

ഐപാഡിലെ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങൾ കാട്ടിത്തന്ന് മലയാളസിനിമയുടെ കൂടി ചരിത്രമായ തന്‍റെ പിതാവിന്‍റെ ജീവിതത്തിലെ ഒരു കാലഘട്ടം അദ്ദേഹം വീണ്ടും ഓർത്തെടുത്തു.
സമ്പത്തും ജീവിതവും സിനിമക്കായി ഹോമിച്ച് മധുരയിലെ വീട്ടിൽ ആരും തിരിച്ചറിയാതെ മലയാളസിനിമയുടെ പിതാവ് ജെസി ഡാനയേൽ ജീവിതം തള്ളിനീക്കിയ കാലം, തന്‍റെ ബാല്യകൗതുകങ്ങളിൽ വിഗതകുമാരന്‍റെ പ്രിന്‍റ് നശിച്ചുപോകുന്നത് പപ്പ നിർവികാരമായാണ് കണ്ടിരുന്നതെന്ന് ഹാരിസ് ഡാനിയേൽ ഓർക്കുന്നു.

വീടും സ്വത്തുമെല്ലാം വിറ്റുപെറുക്കി പപ്പ നിർമ്മിച്ച വിഗതകുമാരനോട് അന്ന് ദേഷ്യമായിരുന്നു. ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം നശിപ്പിച്ച ഫിലിം ചുരുളുകൾ. പക്ഷേ പിന്നീടത് മലയാളസിനിമയുടെ ചരിത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നഷ്ടപ്പെടുത്തരുതായിരുന്നു എന്ന് തോന്നി. വൈകിയെങ്കിലും ജെസി ഡാനിയേൽ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. എൽഐസിയിൽ ദീർഘനാളത്തെ ഉദ്യോഗത്തിന് ശേഷം വിരമിച്ച ഹാരിസ് ദാനിയേൽ ക്രിസ്മസ് ആഘോഷിക്കാനാണ് കുടുംബത്തോടൊപ്പം കൊച്ചിയിലെ ബന്ധുവീട്ടിലെത്തിയത്.