കോച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി.അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.അതേസമയം സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസം നാലിലേക്ക് മാറ്റി. കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ അടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അറസ്റ്റ് ചെയ്യുമെന്ന ഭീഷണി നിലനില്‍ക്കുകയാണെന്നും കാണിച്ചായിരുന്നു സംവിധായകന്‍ നാദിര്‍ഷയും കാവ്യാമാധവനും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കവെ നടിയെ ആക്രമിച്ച കേസില്‍ ഇരുവരെയും പ്രതിയാക്കാനുള്ള തെളിവുകളില്ലെന്നും ഇപ്പോള്‍ അറസ്റ്റിന് തീരുമാനിച്ചിട്ടില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു.

പ്രോസിക്യൂഷന്റെ ഈ വാദം പരിഗണിച്ചാണ് കാവ്യ മാധവന്‍റെ ഹര്‍‍ജി ഹൈക്കോടതി തീപ്പാക്കിയത്. അറസ്റ്റിനുള്ള സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, നാദിര്‍ഷ നല്‍കിയ ഹാര്‍ജി കോടതി പരിഗണിക്കുന്നതിനായി അടുത്തമാസം നാലിലേക്ക് മാറ്റി. നാദിര്‍ഷയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു.

പ്രതികള്‍ നല്‍കുന്ന മൊഴിക്കനുസരിച്ച് പോലീസ് എടുത്തുചാടരുതെന്നും ഇത്തരം മൊഴികള്‍ അന്വേഷണത്തെ വഴിതിരിച്ചുവിടുമെന്നും കാവ്യാമാധവന്‍റെ ജാമ്യ ഹ‍ര്‍ജി തീര്‍പ്പാക്കവെ കോടതി പോലീസിനെ ഓര്‍മ്മപ്പെടുത്തി. ഇതിനിടെ കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍, ആറാം പ്രതി പ്രദീപ് എന്നിവര്‍ നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോകോടതി തള്ളി. മുഖ്യപ്രതി സുനില്‍കുമാര്‍ സിനിമ മേഖലയില്‍ ബന്ധമുള്ള ആളായതിനാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്.