അരുണ്‍ കുമാര്‍ അരവിന്ദ് ചിത്രമായ കാറ്റ് ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നും എല്ലാവരും അത് കാണണമെന്നും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ഫേസ്ബുക്ക് പേജിലാണ് വിനീത് ശ്രീനിവാസന്‍ കാറ്റിന് പിന്തുണയുമായി എത്തിയത്.
വിനീത് ശ്രീനിവാസന്റെ കുറിപ്പ് ഇങ്ങനെ...
അരുണ്‍ കുമാര്‍ അരവിന്ദിന്റെ കാറ്റ് എന്ന ചിത്രത്തെ കുറിച്ച് നല്ല റിവ്യൂകളാണ് ലഭിക്കുന്നത്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍റെ ചിത്രമായതിനാല്‍ തനിക്ക് ആ ചിത്രം റിലീസ് ദിവസം കാണണമെന്നുണ്ടായിരുന്നു. പക്ഷെ കേരളത്തിലില്ലാത്തതിനാല്‍ അത് സാധിച്ചില്ല. ചില ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുമ്പോള്‍ ശ്രദ്ധിക്കപ്പെടാതെ പോകും. എന്നാല്‍ പിന്നീട് ടോറന്റിലും ഡി.വി.ഡിയിലുമൊക്കെയായി കണ്ടതിന് ശേഷം അതിന് പ്രശംസകളുമായി എത്തും.ഈ ചിത്രത്തിന് അങ്ങനെ സംഭവിക്കരുതെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. എല്ലാ തരം സിനിമകളും ആസ്വദിക്കാനുള്ള പ്രക്ഷകര്‍ നമ്മുടെ കേരളത്തിലുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തീര്‍ച്ചയായും ചിത്രം കാണണം. ഞാന്‍ ഈ സിനിമയുടെ ഭാഗമല്ല. പക്ഷെ മലയാള സിനിമയില്‍ എന്റെ പ്രിയപ്പെട്ട അഞ്ച് യുവ സംവിധായകരില്‍ ഒരാളാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്- വിനീത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പി. പത്മരാജന്റെ കഥയെ ആസ്പദമാക്കിയാണ് കാറ്റ് ഒരുക്കിയിരിക്കുന്നത്. തിരക്കഥ പത്മരാജന്‍റെ മകന്‍ അനന്ത പത്മനാഭനാണ്. മുരളി ഗോപി, ആസിഫ് അലി, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
