ബിജെപി എംപിയും നടിയുമായ ഹേമമാലിനിക്കു 70 കോടി രൂപയുടെ ഭൂമി 1.75 ലക്ഷം രൂപയ്‍ക്കാണു മഹാരാഷ്ട്ര സർക്കാർ അനുവദിച്ചതെന്നു പുതിയ വിവരാവകാശ രേഖ. നൃത്തവിദ്യാലയം സ്ഥാപിക്കാൻ അന്ധേരിക്കു സമീപം ഓഷിവാരയിൽ ചതുരശ്ര മീറ്ററിന് 87.50 രൂപ എന്ന നിരക്കിൽ 2000 ചതുരശ്ര മീറ്റർ ഭൂമിയാണ് അനുവദിച്ചത്. സബേർബൻ ജില്ലാ കലക്ടറുടെ ഓഫിസിൽനിന്നുള്ള രേഖകളിൽനിന്നു ഇത് വ്യക്തമാണെന്നു വിവരാവകാശ പ്രവർത്തകന്‍ അനിൽ ഗൽഗാലി പറയുന്നു.

ഈ ഭൂമിക്കായി 1997ൽ ഹേമമാലിനി സർക്കാരിനു 10 ലക്ഷം രൂപയാണ് അഡ്വാൻസ് നൽകിയത്. ഇപ്പോഴത്തെ അവസ്ഥയില്‍ സർക്കാർ 8.75 ലക്ഷം രൂപ തിരികെ നൽകണം - അനിൽ ഗൽഗാലി പറയുന്നു. ഗൽഗാലിക്കു മുൻപു ലഭിച്ച വിവരാവകാശ രേഖയിൽ ചതുരശ്ര മീറ്ററിനു 35 രൂപ നിരക്കിൽ 70,000 രൂപയ്ക്കാണു ഭൂമി അനുവദിച്ചതെന്നാണു പറഞ്ഞിരുന്നത്. 1976ലെ നിരക്കുപ്രകാരം ചതുരശ്ര മീറ്ററിനു 350 രൂപ എന്ന കണക്കിലായിരുന്നു ഇടപാടെന്നാണ് പുതിയ രേഖകൾ പറയുന്നത്. ഇത്തരത്തിൽ ഭൂമി അനുവദിക്കുമ്പോൾ 25% നിരക്കു മാത്രം ഈടാക്കിയാൽ മതിയെന്ന വ്യവസ്ഥയിലാണു ചതുരശ്ര മീറ്റിന് 87.50 രൂപയായി വില വീണ്ടും കുറഞ്ഞതെന്നാണ് പറയുന്നത്.