ചെന്നൈ: പുതിയ ചിത്രം മെര്‍സലിന്‍റെ റിലീസ് പ്രതിസന്ധിയിലായതോടെ മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി നടന്‍ വിജയ്. ചിത്രത്തിന്റെ സെന്‍സറിങ് നടപടികള്‍ വൈകിക്കുന്നതിനെത്തുടര്‍ന്നാണ് എടപ്പാടി പളനിസ്വാമിയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചത്.
മൃഗസംരക്ഷണ ബോര്‍ഡിന്‍റെ അനുമതിയില്ലാതെ ഒട്ടേറെ മൃഗങ്ങളെയും പക്ഷികളെയും ഷൂട്ടിങിനായി ഉള്‍പ്പെടുത്തി എന്നു ചൂണ്ടികാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് നടപടികള്‍ വൈകിക്കുന്നത്. മൃഗസംരക്ഷണ ബോര്‍ഡില്‍നിന്ന് എന്‍ഒസി ലഭിക്കാതെ പ്രദര്‍ശനാനുമതി നല്‍കാനാവില്ലെന്നാണ് മേഖലാ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.
ചെന്നൈ ഗ്രീംസ് വേ റോഡിലുള്ള മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് വിജയും സംവിധായകന്‍ ആറ്റ്‌ലിയും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ മന്ത്രി കടമ്പൂര്‍ രാജുവും എടപ്പാടിയെ കണ്ടത്. സിനിമാ ടിക്കറ്റുകളുടെ നികുതി കുറച്ച നടപടിയില്‍ വിജയ് നന്ദി അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. ദീപാവലി റിലീസ് ആയി മെര്‍സല്‍ എത്തുമെന്നാണ് പ്രതീക്ഷ.
