കൊച്ചി: കേരളത്തിലെ സിനിമാ പ്രവർത്തകരുടെ സംഘടനയ്ക്ക് ഉന്നതാധികാര സമിതി വരുന്നു. കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടു. സിനിമാരംഗത്തെ സുപ്രധാനമായ തീരുമാനങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന രീതിയിൽ സമിതിയെ രൂപീകരിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.
അഭിനേതാക്കളുടെ സംഘടനയായ അമ്മ, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക, നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവർ ചേർന്നാണ് പുതിയ സമിതിക്ക് രൂപം നൽകിയത്. ഈ സംഘടകളിൽനിന്നെല്ലാം ഉന്നതാധികാര സമിതിയിൽ പ്രതിനിധ്യമുണ്ടാകുമെന്നാണു സൂചന.
നടി ആക്രമിക്കപ്പെട്ട സംഭവം, ദിലീപിന്റെ അറസ്റ്റ് തുടങ്ങിയ കാര്യങ്ങൾ സിനിമാ മേഖലയ്ക്ക് പ്രതിച്ഛായാ നഷ്ടമുണ്ടാക്കിയെന്നും ഇത് വീണ്ടെടുക്കലാണ് ഉന്നതാധികാര സമിതിയുടെ നിയോഗമെന്നുമാണ് റിപ്പോർട്ട്.
