സി.വി. സിനിയ

മികച്ച സിനിമകളുടെ വസന്തകാലാമായിരുന്നു 2017. 100ലധികം ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയെങ്കില്‍ അതില്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത് ചിലത് മാത്രമാണ്. അതില്‍ മഞ്ജുവാര്യര്‍, പാര്‍വതി, അനു സിത്താര എന്നീ താരങ്ങളാണ് മോസ്റ്റ് വാണ്ട്ട് ഹീറോയിന്‍ എന്ന ലേബല്‍ ചാര്‍ത്തപ്പെട്ടത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സിനിമ ഏത് ഭാഷകളില്‍ രചിക്കപ്പെട്ടാലും അത് നല്ലതാണെങ്കില്‍ കണ്ണിനും കാതിനും മനസ്സിനും കുളിര്‍മയും നൊമ്പരവു നല്‍കും.

അത്തരം സിനിമകളാണ് ഈ വര്‍ഷം പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നായി എത്തിയത്. ചിത്രത്തിന്‍റെ തുടക്കത്തില്‍ മഞ്ജുവാര്യരും പാര്‍വതിയും അനുസിത്താരയുമൊക്കെ മത്സരിച്ചെങ്കിലും വര്‍ഷാവസാനമായപ്പോഴേക്കും മായാനദിയിലൂടെ ഐശ്വര്യ ലക്ഷ്മി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.

പാര്‍വതി

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ടേക്ക് ഓഫ്. യുദ്ധകലുഷിതമായ ഇറാഖില്‍ അകപ്പെട്ടു പോകുന്ന നഴ്‌സുമാരുടെ കഥ പറയുന്ന ചിത്രമാണിത്. ചിത്രത്തില്‍ സമീറ എന്ന നഴ്‌സിന്റെ വേഷമിട്ട പാര്‍വതി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രേക്ഷകരുടെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന കഥാപാത്രമായിരുന്നു ഇത്.

മഞ്ജുവാര്യര്‍

സൈറാബാനു, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രവുമായി മലയാളത്തിന്‍റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എത്തിയിരിക്കുന്നത്. ലാളിത്യമുള്ള അഭിനയ ശൈലികൊണ്ടും സംഭാഷണം കൊണ്ടും മഞ്ജുവാര്യര്‍ പ്രേക്ഷകരുടെ മനം കവരുന്നത്.

അനു സിത്താര

അപ്പൂപ്പന്‍ താടി പോലെ പറന്നു നടക്കുന്ന സിനിമകളാണ് രഞ്ജിത്ത് ശങ്കറിന്‍റേത്. സിനിമയുടെ അവസാന ഭാഗമാകുമ്പോഴേക്കും പ്രേക്ഷകര്‍ക്കിടയില്‍ ഒരു പോസറ്റീവ് എനര്‍ജി ലഭിച്ചിരിക്കും. അതുപോലെ മാനുഷിക ബന്ധങ്ങള്‍ക്കും അദ്ദേഹം ഒരു സ്‌പേസ് സിനിമകളില്‍ നല്‍കാറുണ്ട്. അത്തരമൊരു ചിത്രമാണ് 'രാമന്‍റെ ഏദന്‍ തോട്ടം'. അനു സിത്താര അവതരിപ്പിച്ച മാലിനി എന്ന കഥാപാത്രം തന്നെയാണ് ചിത്രത്തില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. സ്ത്രീകള്‍ സ്വയം കണ്ടെത്തലിന്‍റെ രാഷ്ട്രീയം പറയുന്ന ചിത്രം കൂടിയായിരുന്നു ഇത്.

 അപര്‍ണ ബാലമുരളി

 'മഹേഷിന്‍റെ പ്രതികാരം' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചേക്കേറിയ അപര്‍ണാ ബാലമുരളിയാണ് ഇപ്പോഴത്തെ പ്രേക്ഷകരുടെ ഹീറോയിന്‍ എന്ന് തന്നെ പറയാം. 'സര്‍വ്വോപരി പാലാക്കാരന്‍' എന്ന ചിത്രത്തിലൂടെ അനുപമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് താരം. ഇത് മാത്രമല്ല ജിസ് ജോയ് 'സണ്‍ഡേ ഹോളിഡേ' എന്ന ചിത്രത്തിലും രസിപ്പിക്കുന്നതും ശക്തമായ കഥാപാത്രമാണ് അവതരിപ്പിച്ചത്.

 സുരഭി ലക്ഷ്മി


നവാഗതനായ അനില്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നാമിനുങ്ങ്. സുരഭിയും റെബേക്കാ തോമസുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരഭി എന്ന നടിയുടെ അഭിനയജീവിതം പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിയ ചിത്രമാണിത്. ഇതിലെ അഭിനയത്തിന് ദേശീയ പുരസ്കാരം വരെ സുരഭിയെ തേടിയെത്തി.

 വാമിഖ ഖബ്ബി

ഗുസ്തിയുടെയും ഗുസ്തിക്കാരുടെയും കഥപറയുന്ന അധികം സിനിമകളൊന്നുമില്ല. വിനോദത്തെ ഗൗരവത്തില്‍ സമീപിച്ച ചിത്രങ്ങള്‍ മലയാളത്തില്‍ കുറവാണ്. അത്തരമൊരു സിനിമയാണ് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത 'ഗോദ'. അതിഥി സിംഗ് എന്ന പെണ്‍കുട്ടിയിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. അതിഥിയായി വാമിക ഖബ്ബിയാണ് വേഷമിട്ടത്. നിശ്ചയദാര്‍ഢ്യത്തോടെ തന്‍റെ ലക്ഷ്യം കൈവരിക്കാന്‍ ജീവിതത്തോട് മല്ലടിക്കുന്ന പെണ്‍കുട്ടിയായാണ് വാമിക ചിത്രത്തില്‍ എത്തിയത്.

ശാന്തികൃഷ്ണ

മലയാള സിനിമാ പ്രേമികളുടെ ഹരമായിരുന്നു ശാന്തികൃഷ്ണ. നീണ്ട ഇടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്ത 'ഞണ്ടുകളുടെ നാട്ടില്‍' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. ശക്തമായ കഥാപാത്രമാണ് ഈ സിനിമയിലൂടെ ശാന്തികൃഷ്ണ അവതരിപ്പിച്ചത്. 

ഐശ്വര്യ ലക്ഷ്മി


 ടൊവിനോ തോമസ് ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ 'മായാനദി'. പ്രണയത്തിന്റെയും അതിിജീവനത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ അപ്പുവായി വേഷമിട്ട ഐശ്വര്യ ലക്ഷ്മി പ്രേക്ഷകരുടെ ഹൃദയത്തിലാണ് തങ്ങിനില്‍ക്കുന്നത്.