കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ചില്ലുകള്‍ ചവിട്ടിയും കുത്തിയും പൊട്ടിക്കുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ കാറിന് മുകളില്‍ കയറി ചവിട്ടി തകര്‍ക്കുകയും ചെയ്യുന്നുണ്ട്.
മുംബൈ: ബോളിവുഡില്‍ വീണ്ടും മി റ്റൂ ക്യാമ്പയിന്‍ സജ്ജീവമാക്കി തനിക്കെതിരെ നടന്ന ലൈംഗികാതിക്രമം തുറന്നു പറഞ്ഞത് നടി തനു ശ്രീ ദത്തയാണ്. വെളിപ്പെടുത്തല്‍ വിവാദമാകുന്നതിനിടെ തനുശ്രീ ആക്രമിക്കപ്പെടുന്നതിന്‍റെ വീടിയോയും പുറത്തുവന്നു. കുടുംബത്തിനൊപ്പമുള്ള യാത്രയ്ക്കിടെ കാര്‍ തടഞ്ഞ് തനുശ്രീയെ ആക്രമിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ചില്ലുകള്‍ ചവിട്ടിയും കുത്തിയും പൊട്ടിക്കുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ കാറിന് മുകളില്‍ കയറി ചവിട്ടി തകര്‍ക്കുകയും ചെയ്യുന്നുണ്ട്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോണ്‍ ഒ കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടന്‍ നാനാ പാടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം തനുശ്രീ വെളിപ്പെടുത്തിയത്. ഇത് അന്ന് സംവിധായകനോട് തുറന്ന് പറഞ്ഞിരുന്നുവെന്നും അപ്പോള്‍ ഒരുകൂട്ടം ആളുകളാല്‍ ആക്രമിക്കപ്പെടുകയായിരുന്നുവെന്നുമാണ് തനുശ്രീ വ്യക്തമാക്കിയത്. ഈ ആക്രമണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്. മഹാരാഷ്ട്ര നവനിര്‍മാണ് സേന പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ വ്യക്തമാക്കിയിരുന്നു. 'അയാള്‍ നടിമാരെ അടിച്ചിട്ടുണ്ട്, പീഡിപ്പിച്ചിട്ടുണ്ട്. ഒരു ബഹുമാനവും ഇല്ലാതെയാണ് സ്ത്രീകളോട് പെരുമാറാറ്. ഇതെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരും ഇക്കാര്യം തുറന്ന് ചര്‍ച്ച ചെയ്യാറില്ല.'- തനുശ്രീ പറഞ്ഞു. വലിയ നടന്മാരുള്‍പ്പെടെ ഇന്‍ഡസ്ട്രിയിലെ എല്ലാവരും ഇത്തരത്തില്‍ മോശം സ്വഭാവമുള്ളവരെ സഹിക്കാന്‍ തയ്യാറുള്ളപ്പോള്‍ ഇന്ത്യന്‍ സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടാകില്ലെന്നും തനുശ്രീ ആരോപിച്ചു.
'അക്ഷയ് കുമാര്‍ നാന പടേക്കര്‍ക്കൊപ്പം കഴിഞ്ഞ എട്ട് വര്‍ഷത്തിനകം ഒരു പിടി ചിത്രങ്ങള്‍ ചെയ്തു. രജനീകാന്ത്, അദ്ദേഹത്തിന്റെ കാല എന്ന സിനിമയില്‍ നാന പടേക്കര്‍ക്കൊപ്പം അഭിനയിച്ചു. മോശമാണെന്ന് ഉറപ്പുള്ളവരെ ഇത്തരത്തില്‍ മഹാനടന്മാര്‍ പോലും അംഗീകരിക്കുന്ന സാഹചര്യത്തില്‍ എന്ത് മാറ്റം വരാനാണ്! ഇവരെപ്പറ്റിയൊക്കെ അണിയറയില്‍ ഗോസിപ്പുകള്‍ ഉയരും എന്നാല്‍ ആരും ഇവര്‍ക്കെതിരെ ഒന്നും ചെയ്യില്ല. കാരണം അവരുടെയെല്ലാം പി.ആര്‍ ടീം അത്ര ശക്തമാണ്. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്ന ഒരാള്‍ ജീവിതത്തിലും അങ്ങനെയാകണമെന്ന ഒരു തരം നിര്‍ബന്ധമാണ്.' തനുശ്രീ പറഞ്ഞു.
'ഹോണ്‍ ഒ.കെ' എന്ന ചിത്രത്തിലെ പാട്ട് രംഗങ്ങളില്‍ അഭിനയിക്കാനെത്തിയ തനുശ്രീ ദത്ത പിന്നീട് സെറ്റില്‍ വച്ച് ഒരു നടന്‍ തന്നെ ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചിത്രം ഉപേക്ഷിച്ചിരുന്നു. ഇമ്രാന്‍ ഹഷ്മിയോടൊപ്പം അഭിനയിച്ച 'ആഷിഖ് ബനായ' എന്ന ചിത്രമാണ് തനുശ്രീ ദത്തയെ ബോളിവുഡിലും പുറത്തും പ്രശസ്തയാക്കിയത്.
