ന്യൂയോര്‍ക്ക്: ലോകത്തെങ്ങും സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍ തടയാന്‍ ക്യാംപയിനുമായി ഹോളിവുഡ്. നൂറുകണക്കിന് നടിമാരും സംവിധായകരും നിര്‍മ്മാതാക്കളും മറ്റ് സിനിമാപ്രവര്‍ത്തകരും ചേര്‍ന്ന് ആരംഭിച്ച ക്യാംപയിന് 'ടൈംസ് അപ്' എന്നാണ് പേരിട്ടിരിക്കുന്നത്.
ഹോളിവുഡിലും രാജ്യത്തുടനീളവും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കാനും അതിക്രമങ്ങള്‍ നേരിടുന്നവരെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സഹായിക്കാന്‍ പണം കണ്ടെത്താനുമാണ് ടൈംസ് അപ് ക്യാംപയിന്‍.
ഷോണ്ട റൈംസ്, ആഷ്‌ലി ജൂഡ്, ഇവ ലൊങ്കോറിയ, നതാലി പോര്‍ട്മാന്‍, റീസ് വിതെര്‍സ്പൂണ്‍, എമ്മ വാട്‌സണ്‍ തുടങ്ങിയ പ്രമുഖരാണ് ക്യാംപയിന് പിന്നില്‍ അണി നിരക്കുന്നത്. 15 ലക്ഷം ഡോളര്‍ ലക്ഷ്യമിട്ട് ആരംഭിച്ച ക്യാംപയിന് ഇതുവരെ 13 മില്യണ്‍ ഡോളര്‍ നേടാനായി. ക്യാംപയിന്റെ ഭാഗമായി ഹോളിവുഡ് താരങ്ങള്‍ ഒപ്പിട്ട കത്ത് ന്യൂയോര്‍ക്ക് ടൈംസ് ജനുവരി 1ന് പ്രസിദ്ധീകരിച്ചിരുന്നു.
ഹോളിവുഡിലെ ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയവര്‍ക്ക് പിന്തുണയുമായി ആരംഭിച്ച മി ടു ക്യാംപയിന് വന്‍ സ്വീകാര്യതയാണ് ലോകമെമ്പാടും ലഭിച്ചിരുന്നത്. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ അടക്കമുള്ളവരില്‍നിന്ന് നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറയാന്‍ പ്രമുഖ വനിതകള്‍ തയ്യാറായിരുന്നു.
