സിനിമാലോകത്തെ ഒരുപിടി കലാകാരന്മാരും, സാങ്കേതികപ്രവര്‍ത്തകരും പിന്നണിയില്‍ അണിനിരന്നപ്പോള്‍ മലയാള മ്യൂസിക് വീഡിയോ ഇന്‍ഡസ്ട്രിക്ക് പുതിയൊരുണർവായി 'ഹോപ്പ് - ദ ലവ് ദാറ്റ് ഹീൽസ്'.

പരസ്യചിത്രസംവിധായകനായ ആര്‍ട്ടെസ് ജോളി തിരക്കഥയെഴുതി, സംവിധാനം ചെയ്ത ഈ ആൽബത്തിന് വരികളെഴുതി സംഗീതം പകര്‍ന്നിരിക്കുന്നത് യദു കൃഷ്‍ണയാണ്. വിധു പ്രതാപിന്‍റെ ആലാപനസൗകുമാര്യതയും, തെന്നിന്ത്യൻ നടിയും മോഡലുമായ ദിഷാ പാണ്ടെയുടേയും, ഓസ്ട്രേലിയയിൽ നടനും മോഡലുമായ ജോ ജോസഫിന്റേയും അഭിനയമികവും ഹോപ്പിന്റെ മാറ്റകൂട്ടുന്നു.

മലയാളത്തിൽ സാധാരണയായി കണ്ടുവരുന്ന ഗിമ്മിക്കുകൾ പാടേ ഒഴിവാക്കി അർത്ഥസമ്പുഷ്ടമായ ദൃശ്യഭാഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ഒരു ആഖ്യാനമാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. സ്നേഹത്തിന് ഏത് ദുരന്തങ്ങളേയും മറിക്കടക്കുവാനുള്ള പ്രത്യാശ പ്രദാനം ചെയ്യാനാവുമെന്ന സാർവലൗകികമായ ആശയമാണ് ഈ ഗാനം മുന്നോട്ട് വയ്ക്കുന്നത്. ലളിതമായ വരികളും, അതിനൊത്ത സംഗീതവും ഈ ഗാനത്തെ നനുത്തൊരനുഭവമാക്കുന്നു. ഒരു ചെറിയ സിനിമാ കണ്ടുകഴിയുന്ന പ്രതീതിയാണ് ഗാനമവസാനിക്കുമ്പോള്‍ കാഴ്ചക്കാരനിലുണ്ടാവുന്നത്.

ക്യാമറ കിഷോര്‍ മണി, എഡിറ്റിംഗ് നിഖില്‍ വേണു, മ്യൂസിക് പ്രോഗ്രാമിംഗ് ശങ്കര്‍ ശര്‍മ, ആര്‍ട്ട് ഡയറക്ഷന്‍ ദില്‍ജിത്ത് എം ദാസ്, കളറിങ്ങ് വൈശാഖ്, കോസ്റ്റ്യൂംസ് ഫാഷന്‍മോന്‍ഗര്‍ അച്ചു, മേയ്ക്കപ്പ് ജയേഷ് കൃഷ്‍ണ, സ്റ്റില്‍സ് നൌഷാദ് കാമിയോ, കോറിയോഗ്രഫി കലാ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അന്‍സാര്‍ റഷീദ് എന്നിങ്ങനെയാണ് അണിയറപ്രവത്തകർ. സത്യം ഓഡിയോസ് വിപണിയിലെത്തിക്കുന്നു.