ഈ ആഴ്ചയിലെ എലിമിനേഷന്‍ ലിസ്റ്റ് ശ്രീനിഷ്, ബഷീര്‍, ദിയ സന എന്നിവരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
ബിഗ് ബോസില്‍ ഓരോ വാരാന്ത്യത്തിലും ആരൊക്കെ പുറത്താവണമെന്ന് നിശ്ചയിക്കുന്നത് ആത്യന്തികമായി പ്രേക്ഷകരാണ്. ഓരോ തിങ്കളാഴ്ചയും മത്സരാര്‍ഥികള്‍ക്കിടയില്‍ തന്നെ നടത്തുന്ന വോട്ടെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ നേടുന്നവരാണ് നോമിനേഷന്‍ ലിസ്റ്റില്‍ വരിക. തുടര്‍ന്ന് തങ്ങളുടെ പ്രിയ മത്സരാര്‍ഥികളെ പുറത്താകലില്‍ നിന്ന് രക്ഷിക്കാന്‍ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം. ഓണ്‍ലൈന്‍, എസ്എംഎസ്, മിസ്‍ഡ് കോള്‍ വഴികളിലൂടെ വോട്ട് രേഖപ്പെടുത്താം. എന്നാല്‍ എത്രയുണ്ട് ബിഗ് ബോസിന്‍റെ ജനപിന്തുണ? എത്രത്തോളം വോട്ടുകള്‍ ഓരോ ആഴ്ചയും ബിഗ് ബോസിനെ തേടിവരുന്നുണ്ട്? കൗതുകമുള്ളൊരു കണക്ക് ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ വെളിപ്പെടുത്തി. പോയവാരം എത്ര വോട്ടുകള്‍ ബിഗ് ബോസിനെ തേടിയെത്തി എന്നതാണ് അത്.
ഒരു കോടിയിലധികം വോട്ടുകള്‍ പോയ വാരത്തില്‍ ബിഗ് ബോസിനെ തേടിയെത്തിയെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അഞ്ച് പേരാണ് ഈ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നത്. ശ്രീനിഷ് അരവിന്ദ്, പേളി മാണി, ബഷീര്‍ ബഷി, ദിയ സന, അര്‍ച്ചന എന്നിവര്‍. എന്നാല്‍ ശനിയാഴ്ച എപ്പിസോഡില്‍ ഇക്കൂട്ടത്തില്‍ രണ്ടുപേര്‍ സേഫ് സോണില്‍ ഇടംപിടിച്ചുവെന്നും മോഹന്‍ലാല്‍ പ്രേക്ഷകരെയും ബിഗ് ബോസ് മത്സരാര്‍ഥികളെയും അറിയിച്ചു. പേളി മാണി, അര്‍ച്ചന എന്നിവരാണ് സേഫ് സോണില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതോടെ ഈ ആഴ്ചയിലെ എലിമിനേഷന്‍ ലിസ്റ്റ് ശ്രീനിഷ്, ബഷീര്‍, ദിയ സന എന്നിവരിലേക്ക് ചുരുങ്ങി. ഇവരില്‍ ഒരാളോ ഒന്നിലധികം പേരോ പുറത്താകുമോ എന്നറിയാന്‍ ഞായറാഴ്ച എപ്പിസോഡ് വരെ കാത്തിരിക്കണം. അതിന്‍റെ സസ്‍പെന്‍സ് പങ്കുവച്ചാണ് മോഹന്‍ലാല്‍ ശനിയാഴ്ച എപ്പിസോഡ് അവസാനിപ്പിച്ചത്.
