മുംബൈ: ഹൃഥ്വിക് റോഷനുമായ പ്രശ്നങ്ങളെ മലയാളത്തിലെ നടി ആക്രമിക്കപ്പെട്ട സംഭവവുമായി താരതമ്യം ചെയ്ത് നടി കങ്കണ. തന്‍റെ ഇ-മെയിലുകള്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് കങ്കണയുടെ വിമര്‍ശനം. തന്‍റെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യാഥാര്‍ത്ഥ്യം തെളിയിക്കാനായില്ല. ഈ സാഹചര്യത്തിൽ താനൊരുപാട് അസ്വസ്ഥയായിരുന്നെന്നും ജീവിതത്തെക്കുറിച്ച് തന്നെ പേടിയുണ്ടായിരുന്നെന്നും നടി പറഞ്ഞു. തന്‍റെ സഹോദരിയെപ്പോലും സുരക്ഷിതമായി നോക്കണമെന്ന് പലരും പറഞ്ഞിരുന്നെന്നും നടി വ്യക്തമാക്കി.
‘വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകുമ്പോൾ നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ തന്നെ ഉദാഹരണം. മലയാളം കേസ് നോക്കൂ. തന്റെ ഭാര്യയോട് പരാതി പറഞ്ഞ ഒരു നടിയോട് അയാൾ എന്താണ് ചെയ്തത്. അയാൾ അവളെ ബലാത്സംഘം ചെയ്യാൻ ക്വട്ടേഷൻ കൊടുത്തു. അവളുടെ വിഡിയോസ് പ്രചരിപ്പിക്കാൻ തീരുമാനിച്ചു. പിന്നീട് നടന്നതൊക്കെ നമുക്ക് അറിയാം. ഇതൊക്കെ എന്റെ കേസ് കഴിഞ്ഞ് സംഭവിച്ചതാണ്. ഇതുപോലെ പെൺകുട്ടികളെ കൊല ചെയ്ത സംഭവങ്ങൾ വരെ അടുത്തിടെ നടന്നു. അതുപോലെ ഞാനും ഭയപ്പെട്ടിരുന്നു.’–കങ്കണ പറഞ്ഞു.
തന്നെ മാനസിക രോഗിയാക്കിയത് ഹൃത്വിക് റോഷനുമായുണ്ടായിരുന്ന രഹസ്യ പ്രണയം ആണെന്നും നടി വ്യക്തമാക്കി. ‘മാനസികമായും വൈകാരികമായും ഞാന്‍ രോഗിയായി. രാത്രികളില്‍ എനിക്ക് ഉറക്കമില്ലാതായി. അര്‍ധരാത്രിയില്‍ ഉണര്‍ന്നിരുന്ന് കരയുമായിരുന്നു. ഞാന്‍ അയച്ച ഇമെയിലുകള്‍ ചോര്‍ന്നു. ഇപ്പോഴും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഗോസിപ്പ് മാഗസിനില്‍ വായിക്കുന്ന ലേഖനം പോലെ ജനങ്ങള്‍ അത് വായിക്കുന്നുണ്ട്. ഇതിന് ഹൃഥിക് എന്നോട് മാപ്പു പറയണം.’ ഇന്ത്യ ടെലിവിഷന്‍റെ ആപ് കി അദാലത്തില്‍ സംസാരിക്കുകയായിരുന്നു കങ്കണ.
