ഭാര്യയായിരുന്ന സൂസൈന്‍ ഖാനുമായി ചേർന്ന്​ വെസ്​റ്റ്​ അന്തേരിയിൽ തുടങ്ങിയ ചാർക്കോൾ ബിസിനസ്​ പദ്ധതിയിൽ നിന്ന്​ ഹൃത്വിക്​ റോഷൻ പിൻവാങ്ങിയിരുന്നു. രാജകീയ അലങ്കാര ജോലികൾക്കായുള്ള പദ്ധതിയാണ്​ ദമ്പതികൾ വേർപിരിഞ്ഞതോടെ താരം ഉ​പേക്ഷിച്ചത്​. സൂസൈനാകട്ടെ ഇൻസ്​റ്റഗ്രാമിൽ ഹൃത്വികുമൊത്ത്​​ എടുത്ത ചിത്രങ്ങൾ പോസ്​റ്റ്​ ചെയ്യുന്നത്​ തുടരുന്നുമുണ്ട്​. ​

സാധാരണ വേഷം ധരിച്ച ഹൃത്വിക് സൂസന്നക്കും ചാർക്കോൾ പദ്ധതിയിലെ മറ്റ്​ അംഗങ്ങൾക്കുമൊപ്പം നിൽക്കുന്നതാണ്​ ചിത്രം. ഹൃത്വികിന്‍റെ സ്​റ്റോറിലെ സന്ദർശനം ഉത്സാഹം വർധിപ്പിച്ചെന്ന്​ സൂസൈന്‍ രേഖപ്പെടുത്തിയിട്ടുണ്ട്​. അത്ഭുത ലോക​ത്ത്​ കൂടിയുള്ള സഞ്ചാരം എന്നാണ്​ ടീമിനൊപ്പമുള്ള ചിത്രത്തിന്​ ഹൃത്വിക് നൽകിയ കുറിപ്പ്​​. നിങ്ങളുടെ ഉൗർജം ഞങ്ങളെ കൂടുതൽ നന്നായി പ്രവർത്തിപ്പിക്കുമെന്ന്​ സൂസൈന്‍ രേഖപ്പെടുത്തിയപ്പോൾ ചാർക്കോൾ പദ്ധതിയെ മനോഹരമാക്കിയ വിസ്​മയ പെൺസംഘത്തെ കണ്ടെന്നായിരുന്നു ഹൃത്വിക്​ രേഖപ്പെടുത്തിയത്​.

കങ്കണ റണാവതുമായുള്ള തർക്കങ്ങൾക്കിടയിലാണ്​ ഹൃത്വിക് സൂസൈന്‍റെ സ്​റ്റോറിൽ എത്തിയത്​. 2000ലാണ്​ സൂസൈന്‍ ഖാ​നും ഹൃത്വികും വിവാഹിതരായത്​. 2014ൽ വേർപിരിഞ്ഞ ഇവർക്ക്​ റഹാൻ, റിദാൻ എന്നിങ്ങനെ രണ്ട്​ മക്കളുമുണ്ട്​. വേർപിരിഞ്ഞെങ്കിലും ഇവർ ബന്ധം തുടർന്നിരുന്നു. മക്കളുമൊന്നിച്ച്​ കറങ്ങാൻ പോകാറുമുണ്ടായിരുന്നു.

ഹൃത്വികിനെ കുറ്റപ്പെടുത്തിയുള്ള കങ്കണയുടെ വെളിപ്പെടുത്തലുകൾ വന്നപ്പോഴും സൂസൈന്‍ പ്രതികരിച്ചിരുന്നു. ഹൃത്വികും കങ്കണയും ഒന്നിച്ചുള്ള വൈറലായ പാർട്ടി ഫോ​ട്ടോ പുറത്തുവന്നപ്പോൾ ഫോട്ടോഷോപ്പിൽ ചെയ്​തതാണെന്നായിരുന്നു സൂസൈന്‍ പ്രതികരിച്ചത്​. സൂസൈനും ഹൃത്വികും വീണ്ടും ഒന്നിക്കുമെന്ന്​ കരുതുന്നവരും ഏറെയാണ്​.