കങ്കണ ഹൃത്വിക് റോഷന്‍ ബന്ധത്തിന്റെ അടിസ്ഥാനമെന്ന് പറഞ്ഞ ചിത്രത്തില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. കങ്കണയെ ഹൃത്വിക് ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രം. കങ്കണയുമായി അടുത്ത വൃത്തങ്ങള്‍ പുറത്തുവിട്ടതാണെന്നാണ് പുതിയ വിവരം. ഹൃത്വികും താനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഒട്ടേറെ അശ്ലീല ഇ മെയിലുകള്‍ തനിക്കയച്ചിട്ടുണ്ടെന്നും കങ്കണ വെളിപ്പെടുത്തിയതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം.

പിന്നീട് ഇരുവരുടെയും ഇമെയിലുകള്‍ ചോര്‍ന്നു, അതിന് പിന്നാലെയാണ് തീര്‍ത്തും സ്വകാര്യമായ നിമിഷമെന്ന് തോന്നുന്ന ചിത്രം പുറത്തുവന്നത്. കങ്കണയുമായി തനിക്ക് പ്രൊഫഷണല്‍ ബന്ധം മാത്രമാണുള്ളതെന്ന ഹൃത്വിതിന്റെ വാദങ്ങള്‍ പൊളിക്കുന്നതാണ് ഈ ചിത്രം എന്ന് ബിടൗണില്‍ അടക്കം പറച്ചിലുമായി.

എന്നാല്‍ പുറത്തുവന്ന ചിത്രം, ക്രിഷ് 3യുടെ പ്രീ പ്രൊഡക്ഷന്‍ പാര്‍ട്ടിക്കിടെയുള്ളതാണെന്നും. ഈ പാര്‍ട്ടിയില്‍ ഹൃത്വിക്കിന്റെ മുന്‍ഭാര്യ സൂസെയ്‌നും അഭിനേതാക്കളായ അര്‍ജുന്‍ കപൂര്‍, ദിനോ മോറിയ, സംവിധായകരായ അഭിഷേക് കപൂര്‍ എന്നിവരുമുണ്ടെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.യഥാര്‍ഥ ചിത്രത്തില്‍ കങ്കണയ്ക്കപ്പുറം ആരുടെയോ ഒരു കൈ കൂടി കാണുന്നുണ്ട്. ഇത് മായ്ച്ച് കളഞ്ഞിട്ടാണ് ചിത്രം പ്രചരിപ്പിച്ചത് എന്നും വ്യക്തമായി. പാര്‍ട്ടിയിലെ കൂടുതല്‍ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 

, , ,