പിതാവ് രാകേഷ് റോഷന് തൊണ്ടയിലെ അര്‍ബുദബാധയ്ക്ക് നടത്തിയ ശസ്ത്രക്രിയ വിജയമെന്ന് ഹൃത്വിക് റോഷന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാകേഷ് റോഷന് അനാരോഗ്യത്തില്‍നിന്ന് വേഗത്തില്‍ സൗഖ്യം ആശംസിച്ച് നടത്തിയ ട്വീറ്റിന് മറുപടിയായാണ് ഹൃത്വിക് ഇന്ന് നടന്ന ശസ്ത്രക്രിയയുടെ ഫലത്തെക്കുറിച്ച് പറഞ്ഞത്. പ്രധാനമന്ത്രി പ്രകടിപ്പിച്ച ഉത്കണ്ഠയില്‍ നന്ദിയും അറിയിച്ചിട്ടുണ്ട് ഹൃത്വിക് റോഷന്‍.

'പ്രിയ ഹൃത്വിക്, രാകേഷ് റോഷന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നു. അദ്ദേഹം ഒരു പോരാളിയാണ്. അങ്ങേയറ്റം ആത്മധൈര്യത്തോടെ അദ്ദേഹം ഈ വെല്ലുവിളിയെയും ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' എന്നായിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്.

അച്ഛനുമൊത്ത് ജിമ്മില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് അദ്ദേഹത്തിന്റെ രോഗവിവരം ഇന്‍സ്റ്റഗ്രാമിലൂടെ ഹൃത്വിക് റോഷന്‍ ഇന്ന് രാവിലെ ആരാധകരുമായി പങ്കുവച്ചത്. ശസ്ത്രക്രിയാദിനമായ ഇന്ന് തന്നെ എടുത്ത ചിത്രമാണ് അതെന്നും ഹൃത്വിക് കുറിച്ചു. 'എന്റെ അച്ഛനോട് ഇന്ന് രാവിലെ ഞാനൊരു ഫോട്ടോ ചോദിച്ചു. ഇന്ന് അദ്ദേഹത്തിന്റെ സര്‍ജറിയാണ്. എന്നാല്‍ ഈ ദിവസവും അദ്ദേഹം ജിമ്മിലെ വര്‍ക്കൗട്ട് മുടക്കില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന് തൊണ്ടയിലെ കാന്‍സര്‍ സ്ഥിരീകരിച്ചത്. അസുഖത്തിന്റെ പ്രാരംഭഘട്ടമാണ്. എന്നാല്‍ അദ്ദേഹം നല്ല ഉന്മേഷത്തിലാണ്. കാന്‍സറിനോട് പൊരുതാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹത്തെപ്പോലെ ഒരാളെ ഞങ്ങളുടെ കുടുംബത്തില്‍ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്', ഹൃത്വിക് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.