ബോളിവുഡിൽ വൻ വിജയം നേടിയ 'ധുരന്ദർ' എന്ന സിനിമയ്ക്ക് മലയാളം പതിപ്പ് വന്നാൽ എങ്ങനെയുണ്ടാകുമെന്ന് സങ്കൽപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എഐ പോസ്റ്ററുകൾ പ്രചരിക്കുന്നു. രൺവീർ സിംഗിന്റെ നായക കഥാപാത്രമായി പ്രണവ് മോഹൻലാലും ദുല്‍ഖര്‍ വരുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് സിനിമയ്ക്ക് 1000 കോടി നേട്ടം സമ്മാനിച്ച സിനിമയാണ് ധുരന്ദർ. രൺവീർ സിംഗ് നായകനായി എത്തിയ ചിത്രത്തിന് റിലീസിന് മുൻപ് ചില മുൻവിധികൾ ഉണ്ടായിരുന്നു. എന്നാൽ അവയെ എല്ലാം മാറ്റി മറിച്ച്, വിമർശിച്ചവരെ കൊണ്ടുതന്നെ കയ്യടിപ്പിക്കാൻ ധുരന്ദറിന് സാധിച്ചു. അത് തന്നെയാണ് ഒരു സിനിമയുടെ വലിയ വിജയവും. പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രം രണ്ട് ദിവസം മുൻപ് ഒടിടിയിൽ എത്തിയിരുന്നു. തിയറ്ററിൽ നിന്നും ലഭിച്ചതിനെക്കാൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും.
സോഷ്യൽ മീഡിയയിൽ ചിത്രം ചർച്ചയായതിന് പിന്നാലെ 'മോളിവുഡ് ധുരന്ദറും' എത്തി. ആശീർവാദ് സിനിമാസിന്റെ ധുരന്ദർ വെർഷനാണിത്. ധുരന്ദറിലെ പല വേഷങ്ങൾ മലയാളത്തിലെ നടന്മാരായാൽ എങ്ങിനെ ആയിരിക്കും എന്ന തരത്തിലുള്ള എഐ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ സൃഷ്ടിച്ചിരിക്കുന്നത്. രൺവീർ സിംഗ്, സാറാ അർജുൻ, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, മാധവൻ തുടങ്ങിയവരുടെ കഥാപാത്രങ്ങളാണ് മാറ്റിയിരിക്കുന്നത്.
രൺവീർ അവതരിപ്പിച്ച ഹംസ എന്ന ധുരന്ദർ കഥാപാത്രം പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്നുവെന്നാണ് എഐ ക്രിയേറ്റർമാർ പറയുന്നത്. അക്ഷയ് ഖന്നയുടെ റഹ്മാൻ എന്ന വേഷം പൃഥ്വിരാജ് ചെയ്യുമ്പോൾ മാധവന്റെ സഞ്ജയ് ആയി എത്തുന്നത് മോഹൻലാൽ ആണ്. എസ്പി ചൗധരി അസ്ലമായി ഇന്ദ്രജിത്ത്, മേജർ ഇക്ബാലായി ആന്റണി പെരുമ്പാവൂരും ആണ് എഐ ഫോട്ടോയിലുള്ളത്.
ചിത്രത്തിൽ നായിക കഥാപാത്രമായി എത്തിയ സാറ അർജുൻ മോളിവുഡിൽ എത്തുമ്പോൾ മഞ്ജു വാര്യർ ആയി മാറുന്നുണ്ട്. അതേസമയം, രൺവീർ- ദുൽഖർ, ഫഹദ് ഫാസിൽ- അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്- മോഹൻലാൽ, മാധവൻ- ജയറാം, മേജർ ഇക്ബാൽ- ടൊവിനോ തോമസ് എന്നിങ്ങനെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
2025 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ധുരന്ദർ. പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ പോരാട്ട കഥ പറഞ്ഞ ചിത്രം ആദ്യ ഷോയ്ക്ക് ശേഷം തന്നെ വൻ സ്വീകാര്യത നേടി. ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആഗോള കളക്ഷനിൽ 1302.5 കോടി രൂപയാണ് നേടിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ധുരന്ദറിന്റെ ഒടിടി സ്ട്രീമിംഗ്.



