ചെന്നൈ: സാമന്ത റൂത്ത് പ്രഭു നാഗാര്‍ജുനയുടെ വീട്ടിലെത്തിയിട്ട് ദിവസങ്ങളായി. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'രാജു ഗാരി ഗടി' തിയേറ്ററുകളിലെത്തിയിട്ട് രണ്ട് ദിവസവും കഴിഞ്ഞു. നാഗാര്‍ജുനയുടെ മരുമകളായി സാമന്ത വീട്ടലെത്തിയ ശേഷം റിലീസ് ആകുന്ന ആദ്യ ചിത്രമാണിത്. ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം. പ്രതീക്ഷിച്ച പോലെ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയെ കുറിച്ചും സാമന്തയെ കുറിച്ചും അടുത്തിടെ നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ നാഗാര്‍ജുന സംസാരിച്ചു.

തന്‍റെ മരുമകളായി സാമന്ത വീട്ടിലെത്തിയ ശേഷമുള്ള ആദ്യ സിനിമയാണ് ഇതെന്നും, ഇത് പരാജയമായിരുന്നു എങ്കില്‍ തങ്ങള്‍ക്ക് വിഷമകരമായ സാഹചര്യം സൃഷ്ടിച്ചേനെ എന്നും നാഗാര്‍ജുന പറഞ്ഞു. മരുമകളെ പ്രശംസിക്കാനും നാഗാര്‍ജുന മറന്നില്ല. 'യേ മായ ചെസേവ' കണ്ടതുമുതല്‍ താന്‍ സാമന്തയുടെ കടുത്ത ആരാധകന്‍ ആണെന്നാണ് നാഗാര്‍ജുന പറഞ്ഞത്. സിനിമ കണ്ടതിന് ശേഷം സാമന്തയെ അഭിനന്ദിച്ച് കൊണ്ടുള്ള സന്ദേശം അയച്ചതായും പറഞ്ഞു. എന്നാല്‍ സാമന്തയുടെ ഏറ്റവും മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.