അക്രമിക്കപ്പെട്ട നടിക്ക് മലയാള സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്ന് സിനിമാമേഖലയില്‍ വര്‍ഷങ്ങളായി സംസാരമുണ്ട്. അതിന് പിന്നില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന് മലയാളസിനിമയുടെ അണിയറവൃത്തങ്ങളില്‍ പ്രചരണമുണ്ടായി. എന്നാല്‍ അന്യഭാഷാ സിനിമകളുടെ തിരക്ക് മൂലം നടി മലയാളത്തില്‍ ചിത്രങ്ങളുടെ എണ്ണം കുറച്ചതാണെന്നായിരുന്നു മറ്റൊരു അഭിപ്രായം.
എന്നാല്‍ എന്തുകൊണ്ടാണ് തന്നെ കുറച്ചുനാളായി മലയാളസിനിമകളില്‍ കാണാത്തത് എന്നതിന്റെ കാരണം ഒന്നര വര്‍ഷം മുന്‍പ് അവര്‍ തുറന്നുപറഞ്ഞു. ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ദിലീപിന്റെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും പറയുന്നത് കേട്ടാല്‍ ദിലീപിനെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല.
നടി 2015 ഡിസംബറില്‍ പറഞ്ഞത്..
നിങ്ങള്‍ കേട്ടത് വെറും ഗോസിപ്പല്ല. സത്യമാണത്. ഒരിയ്ക്കല്‍ ഒരു കൂട്ടുകാരി എന്റെയടുത്തെത്തി സഹായം അഭ്യര്‍ഥിച്ചു. കുടുംബപ്രശ്നങ്ങളാല്‍ അവര്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു അത്. ഒരു സ്ത്രീ എന്ന നിലയില്‍ ഇത്തരം അവസ്ഥകളിലൂടെ ഭാവിയില്‍ എനിയ്ക്കും കടന്നുപോകേണ്ടതുണ്ടെന്ന ബോധ്യം എനിയ്ക്കുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ അവരെ സഹായിക്കാമെന്നേറ്റു. പ്രതിസന്ധികളില്‍ അവരോടൊപ്പം നിന്നു. ഈ തീരുമാനംകൊണ്ട് എന്റെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടായി. പക്ഷേ എന്റെ മന:സാക്ഷി പറഞ്ഞതനുസരിച്ചാണ് അന്ന് തീരുമാനമെടുത്തതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പിന്നീടങ്ങോട്ട് മലയാളത്തിലെ പല പ്രോജക്ടുകളും നഷ്ടപ്പെടുന്നതായി മനസിലായി. പക്ഷേ എന്നെ ഒഴിവാക്കിയ പല പ്രോജക്ടുകളും ബോക്സ് ഓഫീസില്‍ വന്‍ പരാജയങ്ങളായിരുന്നു. പിന്നീട് ആലോചിക്കുമ്പോള്‍ ആ ഒഴിവാക്കലുകള്‍ ഒരു അനുഗ്രഹമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. കാരണം പല മോശം ചിത്രങ്ങളുടെയും ഭാഗമാകാതെ കഴിഞ്ഞല്ലോ?
പല ചിത്രങ്ങളില്‍നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാള സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുന്നതായി തോന്നുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വര്‍ഷം രണ്ട് ചിത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ. എണ്ണം വര്‍ധിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ഈ വര്‍ഷവും ഞാന്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചു. എന്റെ ഡിമാന്റുകള്‍ അംഗീകരിക്കുന്ന സംവിധായകരുടെ സിനിമകള്‍ മാത്രമേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ.
പ്രതിഫലമാണ് മലയാള സിനിമയിലെ മറ്റൊരു പ്രധാന പ്രശ്നം. ഒരു പ്രോജക്ട് മുന്നിലെത്തുമ്പോള്‍ തിരക്കഥ, നമ്മുടെ സമയം എന്നതിനൊപ്പം പ്രതിഫലവും ഞാന്‍ പരിഗണിക്കാറുണ്ട്. തിരക്കഥ ഇഷ്ടപ്പെട്ടാലും ആവശ്യപ്പെടുന്ന പ്രതിഫലം ലഭിക്കാത്തപക്ഷം ഞാന്‍ ഒരു പ്രോജക്ട് സ്വീകരിക്കാറില്ല, ഇപ്പോള്‍. അതിന്റെയര്‍ഥം മലയാളസിനിമയ്ക്ക് താങ്ങാനാവാത്ത പ്രതിഫലം ഞാന്‍ ആവശ്യപ്പെടുന്നുവെന്നല്ല. നായകന്മാര്‍ക്ക് വലിയ തുക ഇവിടെ പ്രതിഫലമായി ലഭിയ്ക്കുന്നുണ്ട്. തന്റെ നാലാമത്തെയോ അഞ്ചാമത്തെയോ സിനിമയില്‍ അഭിനയിക്കുന്ന നായകനടന് 70 ലക്ഷത്തിന് മുകളില്‍ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാണ്.
പക്ഷേ ഇത് ഇവിടുത്തെ എല്ലാ നടിമാരും നേരിടുന്ന പ്രശ്നമാണോയെന്ന് എനിയ്ക്ക് പറയാനാവില്ല. കാരണം ഇത്തം കാര്യങ്ങളൊന്നും സിനിമയിലെ സഹപ്രവര്‍ത്തകരോട് ഞാന്‍ സംസാരിക്കാറില്ല.
