ഇന്ന ആളുടെ മകളോ സഹോദരിയോ അല്ല  അവസരം നഷ്ടപ്പെട്ടതിന്‍റെ കാരണം വെളിപ്പെടുത്തി തപ്സി

മുംബൈ: സിനമയുമായി ബന്ധമുള്ളവരുടെ പിന്‍ബലമില്ലെന്ന ഒറ്റക്കാരണത്താല്‍ തന്‍റെ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി തപ്സി പന്നു. ഗോഡ് ഫാദറോ, സിനിമയില്‍ ബന്ധു ബലമോ ഇല്ലെന്നതിനാല്‍ നിരവധി സിനിംകളില്‍നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ട്. അഭിനയ മികവ് കുറഞ്ഞതിന്‍റെ പേരില്‍ അല്ലാ തന്നെ പുറത്താക്കിയത് എന്നതിനാല്‍ തിരസ്കാരങ്ങള്‍ നേരിടാന്‍ താന്‍ ശീലിച്ചുവെന്നും തപ്സി പന്നു പറഞ്ഞു. 

''ഒരു വേഷം ചെയ്യാനുള്ള കഴിവിന്‍റെ പേരിലല്ലാതെ സിനിമകളില്‍നിന്ന് തിരസ്കരിക്കപ്പെടുമ്പോള്‍ ഒരേസമയം ഒരു കൈകൊണ്ട് തന്നെ സമാധാനിപ്പിക്കുകയും അതേ കൈകൊണ്ടുതന്നെ പിടിച്ച് ഉയര്‍ത്തുകയും ചെയ്യുകയാണ് ഞാന്‍'' - തപ്സി പന്നു വ്യക്തമാക്കി.

''പല വേഷങ്ങളില്‍നിന്നും എന്നെ മാറ്റി. എന്നാല്‍ മാറ്റപ്പെടാനാകാത്ത പേരായി തെരഞ്ഞെടുക്കപ്പെടുന്ന ഇടത്തേക്ക് ഞാന്‍ നടന്നു. ഞാന്‍ മാത്രമാണ് ആ വേഷത്തിന് അനുയോജ്യ, തപ്സി ഇല്ലെങ്കില്‍ ഈ പ്രൊജക്റ്റ് ചെയ്യുന്നില്ലെന്ന് പറയുന്നത് എനിക്ക് കേള്‍ക്കണം. ഞാന്‍ ചെയ്ത സിനിമ കാണുന്നത് നഷ്ടമല്ലെന്ന് ആളുകള്‍ക്ക് തോന്നണം... പതുക്കെ ഞാന്‍ അങ്ങോട്ടേയ്ക്കാണ് നീങ്ങുന്നത്. ഇന്ന ആളുടെ മകളോ സഹോദരിയോ അല്ല എന്നതാണ് എന്‍റെ അവസരം നിഷേധിക്കുന്നതിന് പിന്നിലെ കരണം'' തപ്സി പറ‌ഞ്ഞു. 

തന്‍റെ രണ്ട് മൂന്ന് സിനിമകള്‍ മോശമായതോടെ അവസരം ലഭിക്കാതെയായി. അതുകൊണ്ടുതന്നെ താന്‍ സുരക്ഷിതയല്ലെന്ന ബോധവും ഉണ്ടായിരുന്നു. സിനിമയിലെ തുടക്ക കാലത്ത് തനിക്ക് 10 വര്‍ഷത്തില്‍ കൂടുതല്‍ ഈ രംഗത്ത് തുടരാനാകുമെന്ന് കരുതിയിരുന്നില്ല. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാം ഷബാന നായിക തന്‍റെ മനസ്സ് തുറന്നത്. തപ്സിയുടെ പിങ്ക്, നാം ഷബാന, ജുദ്‍വ 2 എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.