ആര്യയെ പ്രണയിക്കുന്നു മറ്റൊരാളെ വിവാഹം ചെയ്യില്ല മനസ്സ് തുറന്ന് അബര്‍നദി

ചെന്നൈ: എങ്ക വീട്ട് മാപ്പിളൈ റിയാലിറ്റി ഷോ അവസാനിച്ചിട്ട് ദിവസങ്ങളായെങ്കിലും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. നടന്‍ ആര്യയെ വിവാഹം ചെയ്യാനുള്ള പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുക എന്നതായിരുന്നു റിയാലിറ്റി ഷോ മുന്നോട്ട് വച്ചിരുന്നത്. ഷോയില്‍ ഏറ്റവും അധികം ആരാധകരുണ്ടായിരുന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നതുമായ കുംഭകോണം സ്വദേശി അബര്‍നദിയാണ് ഇപ്പോള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

അവസാനഘട്ടത്തില്‍ പുറത്താക്കപ്പെട്ട അബര്‍നദിയ്ക്ക് ഇപ്പോഴും ആര്യയോട് പ്രണയമാണ്. താന്‍ മറ്റാരെയും വിവാഹം ചെയ്യില്ലെന്നും ആര്യയെ വിവാഹം ചെയ്തില്ലെങ്കില്‍ ഒറ്റയ്ക്ക് ജീവിക്കുമെന്നുമാണ് ഒരു തമിഴ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അബര്‍നദി വ്യക്തമാക്കിയിരിക്കുന്നത്. 

ഷോയില്‍ പങ്കെടുക്കുന്ന വിവരം ആദ്യഘട്ടത്തില്‍ സഹഗോദരിയ്ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. ആര്യയോട് ചെറിയ ഇഷ്ടം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ താന്‍ ആര്യയെ പ്രണയിക്കുന്നുണ്ട്. എന്തിനാണ് തന്നെ പുറത്താക്കിയതെന്ന് അറിയില്ല. ആര്യ തന്നെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ഇക്കാര്യം രഹസ്യമായി പറഞ്ഞിരുന്നു. എന്നിട്ടും എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും അബര്‍നദി. 

റിയാലിറ്റി ഷോയ്ക്ക് വന്നതിന് ശേഷം ആര്യയ്ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് തനിക്ക് തോനുന്നതെന്നും ആര്യ സന്തോഷവാനായിരുന്നില്ലെന്നും സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നുവെന്നും അബര്‍ നദി പറഞ്ഞു. താന്‍ ഉമ്മവച്ചതിനെയെല്ലാം പലരും വിമര്‍ശിക്കുന്നുണ്ട്. അതൊന്നും പ്രശ്നമല്ലെന്നും കാരണം താന്‍ ആര്യയെ പ്രണയിക്കുന്നുവെന്നും അബര്‍നദി.