ഇടുക്കിയിലെ 1980കളിലെ കഥാപാത്രവുമായി മഹേഷിൻ്റെ പ്രതികാരം ഫെയിം ലിജോമോളുടെ അടുത്ത സിനിമ. അനുരാഗം എന്ന പേരിട്ട സിനിമ ജയൻ വന്നേരിയാണ് സംവിധാനം ചെയ്യുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പുള്ള പ്രണയകഥയാണ് ചിത്രത്തിൻ്റെ പ്രമേയം. കത്രീന എന്ന കഥാപാത്രത്തെയാണ് ലിജോ മോൾ അവതരിപ്പിക്കുന്നത്.
വിജയരാഘവൻ അവതരിപ്പിക്കുന്ന കഥാപാത്രവുമായി കത്രീന ആദ്യം പ്രണയത്തിലായിരുന്നു. തൊപ്രാംകുടിക്കാരിയായ കഥാപാത്രം ധൈര്യശാലിയും തൻ്റേടിയുമാണ്. കമ്മട്ടിപ്പാടത്തിൽ ദുൽഖറിൻ്റെ യൗവനകാലം അവതരിപ്പിച്ച ഷാലുവാണ് ലിജോയുടെ കഥാപാത്രത്തിൻ്റെ പ്രണയജോഡിയായി എത്തുന്നത്. എൺപതുകളിലെ കഥപറയുന്ന സിനിമ പ്രണയ നൈരാശ്യത്തിൽ തളച്ചിടുന്നതല്ലെന്നും കാഴ്ചയിലും സംഭാഷണതലത്തിലും സന്തുലിതത്വം പുലർത്തുന്നതുമാണ് സിനിമയെന്ന് സംവിധായകൻ പറയുന്നു. താൻ മുമ്പ് ചെയ്ത കഥാപാത്രങ്ങൾക്കില്ലാത്ത ഒട്ടേറെ സവിശേഷതകൾ ഉള്ള കഥാപാത്രമാണ് കത്രീനയെന്ന് ലിജോ പറയുന്നു.
കത്രീന എന്ന കഥാപാത്രം തൻ്റെ വരുതിയിൽ നിൽക്കുമെന്ന് ഉറപ്പുണ്ട്. മുമ്പ് ചെയ്ത കഥാപാത്രങ്ങൾ എല്ലാം പാവം ആയിരുന്നെങ്കിൽ കത്രീന അതല്ല. ലിജി ഹണി ബീ 2.5 എന്ന സിനിമയുടെ ഷൂട്ടിങ് ഇൗയിടെയാണ് പൂർത്തിയാക്കിയത്. ചിത്രത്തിൽ ആസിഫ് അലിയുടെ സഹോദരൻ അസ്ക്കർ അലിയുടെ നായികയായാണ് ലിജോ അഭിനയിച്ചത്. ചിത്രത്തിൽ താന്തോന്നിയായ പെൺകുട്ടിയുടെ റോൾ ആണ് തനിക്കെന്നും ലിജോ പറയുന്നു. ലൈബ്രറി സയൻസിൽ പിജി പൂർത്തിയാക്കിയ ലിജി ഇപ്പോൾ നെറ്റ് പരീക്ഷക്ക് ഒരുങ്ങുകയാണ്. മമ്മുട്ടി നായകനായ സ്ട്രീറ്റ് ലൈറ്റ് എന്ന സിനിമയിലും ലിജോ വേഷമിടുന്നുണ്ട്.
