Asianet News MalayalamAsianet News Malayalam

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി

IFFI starts
Author
Panjim, First Published Nov 21, 2017, 1:46 AM IST

നാല്‍പ്പത്തിയെട്ടാമത് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഷാരൂഖ് ഖാന്‍ മുഖ്യാതിഥിയായിരുന്ന ഉദ്ഘാടന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ശ്രീദേവി, എ.ആര്‍.റഹ്മാന്‍, മാജീദ് മജീദി, ഇഷാന്‍ ഖട്ടാർ, മാളവിക മോഹൻ, രാധിക ആപ്തെ, രാജ് കുമാര്‍ റാവു, ഷാഹിദ് കപൂര്‍ തുടങ്ങിയവർ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ചടങ്ങ് ദൂരദര്‍ശന് മാത്രമാണ് പകര്‍ത്താന്‍ അനുവാദമുണ്ടായിരുന്നത്.

ചലച്ചിത്രകാരന്‍മാരെയും മേളയിലെ പ്രതിനിധികളെയും ഷാരൂഖ് ഖാന്‍ സ്വാഗതം ചെയ്‍തു. നൂറുകണക്കിനാളുകളുടെ ഒരുമയും സ്നേഹവുമാണ് ഓരോ സിനിമയും പങ്കുവയ്‍ക്കുന്നത് എന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. കഥ പറയുന്നവും അനുഭവിക്കുന്നവരും തമ്മില്‍ ഒരു കുടുംബത്തെപ്പോലെയാണെന്നും ഇരുവിഭാഗങ്ങളും തമ്മില്‍ ദൃഢമായ ഒരു ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. കഥകളുടെ നാട്ടിലേക്ക് ലോകമെമ്പാടുമുള്ള ചലച്ചിത്രകാരന്‍മാര്‍ക്ക് സ്വാഗതം പറയുകയായിരുന്നു കേന്ദ്ര മന്ത്രി സ്‍മൃതി ഇറാനി. ബോളിവുഡ് താരങ്ങളായ രാജ്‍കുമാര്‍ റാവുവും രാധിക ആംപ്‍തെയുമായിരുന്നു ചടങ്ങിന്റെ അവതാരകര്‍.

വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ മാജിദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചിത്രമായ ബിയോണ്ട് ദ ക്ലൌഡ്‍സ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. ഗോവ കലാ അക്കാമദമിയില്‍ നടന്ന പ്രദര്‍ശനം കാണാന്‍ സംവിധായകന്‍ മജിദി, തിരക്കഥാകൃത്ത് വിശാല്‍ ഭരദ്വാജ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‍മാന്‍, അഭിനേതാക്കളായ ഇഷാന്‍, മാളവിക മോഹനന്‍ തുടങ്ങിയവരുമുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം ഇവര്‍ക്ക് കേന്ദ്ര മന്ത്രി സ്‍മൃതി ഇറാനി ഉപഹാരം നല്‍കി. മേയ്‍ക്കിംഗ് ഇന്ത്യയുടെ ഉദാഹരണമാണ് മാജിദ് മജീദിയുടെ ഇന്ത്യന്‍ ചിത്രമെന്നും സ്‍മൃതി ഇറാനി പറഞ്ഞു. സ്വന്തം നാട്ടിലേക്കാള്‍ തനിക്ക് പ്രേക്ഷകരുള്ളത് ഇന്ത്യയിലാണെന്നായിരുന്നു മജിദ് മജിദി അഭിപ്രായപ്പെട്ടത്.

എണ്‍പത്തിരണ്ട് രാജ്യങ്ങളില്‍ നിന്നായി 195 ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.  കഥാവിഭാഗത്തില്‍ മഹേഷ് നാരയണന്‍ സംവിധാനം ചെയ്‍ത ടേക്ക് ഓഫ് മാത്രമാണ് മലയാളി സാന്നിധ്യം. 20 മുതല്‍ 28 വരെയാണ് ചലിച്ചിത്രമേള.

Follow Us:
Download App:
  • android
  • ios