95 ലെ രണ്ടാമത്തെ ചലച്ചിത്രമേള മുതല്‍ വിവാദങ്ങളും ചൂടന്‍ ചര്‍ച്ചകളും മേളയെ പിന്തുടരുന്നുണ്ടായിരുന്നു. അതുപക്ഷേ ഓരോ വര്‍ഷവും ഓരോ തലങ്ങളിലായിരുന്നു എന്നു മാത്രം. മേളയിലെ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ്, സംഘാടനത്തിലെ പിഴവ്, സിനിമകളുടെ നിലവാരം എന്നു തുടങ്ങി ഡെലിഗേറ്റ് പാസ് വിതരണത്തിലെ അപാകതവരെ കാലാകാലങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

 


കേരളത്തിന്റെ സ്വന്തം രാജ്യാന്തര ചലച്ചിത്രമേള ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുകയാണല്ലോ. ഓരോ മേള കഴിയുമ്പോഴും വിവാദങ്ങളും ചര്‍ച്ചകളും എന്നും പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്നു. വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്നത് ഒരു പക്ഷേ ആദ്യ മേള മാത്രമായിരുന്നു. അതിനു കാരണം ഇത്തരമൊരു ഉദ്യമം ആദ്യമായിരുന്നു എന്നതു തന്നെ. എന്നാല്‍ 95 ലെ രണ്ടാമത്തെ ചലച്ചിത്രമേള മുതല്‍ വിവാദങ്ങളും ചൂടന്‍ ചര്‍ച്ചകളും മേളയെ പിന്തുടരുന്നുണ്ടായിരുന്നു. അതുപക്ഷേ ഓരോ വര്‍ഷവും ഓരോ തലങ്ങളിലായിരുന്നു എന്നു മാത്രം. മേളയിലെ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ്, സംഘാടനത്തിലെ പിഴവ്, സിനിമകളുടെ നിലവാരം എന്നു തുടങ്ങി ഡെലിഗേറ്റ് പാസ് വിതരണത്തിലെ അപാകതവരെ കാലാകാലങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

 

 

ആദ്യ ചലച്ചിത്രമേളക്കുശേഷം പിഴവുകള്‍ പരിഹരിക്കാന്‍ ശ്രമിച്ച് രണ്ടാമത്തെ മേള തിരുവനന്തപുരത്ത് സംഘടിപ്പിക്കുമ്പോള്‍ സംഘാടകര്‍ പോലും വിചാരിക്കാത്ത വിവാദങ്ങളാണ് ഉയര്‍ന്നുവന്നത്. ആര്‍ട്ട് കമേഴ്‌സ്യല്‍ സിനിമാ തര്‍ക്കമായിരുന്നു അത്. അവാര്‍ഡ് സിനിമ, കച്ചവട സിനിമ എന്ന വേര്‍തിരിവ് വേണോ വേണ്ടയോ എന്ന വിഷയത്തില്‍ ഇരുപക്ഷമായി നിലകൊണ്ട് ചര്‍ച്ചകളില്‍ പങ്കെടുത്തത് മലയാള സിനിമയുടെ നെടും തൂണുകളായ പ്രഗത്ഭരും പ്രശസ്തരുമായ സാങ്കേതിക വിദഗ്ധരായിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.വി.ചന്ദ്രന്‍, സത്യന്‍ അന്തിക്കാട്, ഫാസില്‍, കെ.ജി.ജോര്‍ജ് തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ ചര്‍ച്ചകള്‍ക്ക് കൊഴുപ്പേകി. അവാര്‍ഡ് സിനിമാ ഗണത്തില്‍ വരുന്ന സിനിമകള്‍ പൊതുജനങ്ങള്‍ തിരസ്‌കരിച്ചവയാണെന്നും മേളയില്‍ ഉള്‍പ്പെടുത്തുകവഴി ദൂരദര്‍ശനിലെ സംപ്രേഷണാവകാശം നേടാനുള്ള കുറുക്കുവഴിയായാണ് ചില സംവിധായകര്‍ കാണുന്നതെന്ന് ഒരു പക്ഷം. എന്നാല്‍ കമേഴ്‌സ്യല്‍ സിനിമാക്കാരുടെ തൊഴുത്തില്‍ കുത്താണ് മേളയുടെ ശോഭ കെടുത്തിയതെന്ന് മറുപക്ഷം.

 

 

അനുവാചകരുമായി സംവദിക്കാത്ത മിണ്ടാപ്പുച്ച സിനിമകള്‍ ആര്‍ട്ട് സിനിമാ ഗണത്തില്‍ പെടുത്താനേ പാടില്ലെന്ന അഭിപ്രായമാണ് കെ.ജി. ജോര്‍ജിന്.

 

 

സിനിമയില്‍ തരം തിരിവില്ല. എല്ലാം സിനിമ മാത്രം എന്ന വാദത്തെ പിന്താങ്ങുകയാണ് ടി.വി. ചന്ദ്രന്‍. സംവിധായകന്റെ പ്രയത്‌നത്തെ മാനിക്കണമെന്നും അദ്ദേഹം വാദിക്കുന്നു.

 

 

ജനത്തിന്റെ പള്‍സ് മനസ്സിലാക്കാത്ത സംവിധായകരാണ് ആര്‍ട്ട് സിനിമക്കാര്‍ എന്നാണ് ഒരുപക്ഷം. പിന്‍വാതിലിലൂടെ മേളയില്‍ കയറിപ്പറ്റി ചിത്രം പ്രദര്‍ശിപ്പിച്ചശേഷം ദൂരദര്‍ശന്‍ സംപ്രേഷണാവകാശം നേടിയെടുക്കലാണത്രേ ഇവരുടെ ലക്ഷ്യം

 

 

അവാര്‍ഡ് സിനിമ, കച്ചവട സിനിമ എന്ന തരം തിരിവുതന്നെ ശുദ്ധ അസംബന്ധമാണെന്നും നല്ല സിനിമ, ചീത്ത സിനിമ എന്ന വേര്‍തിരിവു മാത്രമേ പാടുള്ളൂവെന്ന അഭിപ്രായമാണ് സത്യന്‍ അന്തിക്കാടിന്.

 

 

സിനിമ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനുള്ള അവകാശം പ്രേക്ഷകര്‍ക്ക് നല്‍കുകയെന്ന സാമാന്യ തത്വം മറന്നുകൊണ്ടായിരുന്നു ഈ ചക്കളത്തിപ്പോരാട്ടം.

 

 

വിവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ചലച്ചിത്രമേള നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നകാര്യം എല്ലാവരും സമ്മതിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയാണ് വിജയകരമായ ഇരുപതാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന നമ്മുടെ സ്വന്തം ചലച്ചിത്രമേള.