ഇരുപത്തിഒന്നാം മേള നെഞ്ചേറ്റിയ ക്ലാഷിന് സുവർണ്ണ ചകോരത്തിളക്കം. മുല്ലപ്പൂ വിപ്ലവ ശേഷമുള്ള ഈജിപ്ഷ്യൻ ജീവിതം ചിത്രീകരിച്ച മുഹമ്മദ് ദയ്യബിന്റെ ക്ലാഷ് പ്രേക്ഷകരുടെ പുരസ്ക്കാരവും സ്വന്തമാക്കി. ശുചീകരണ തൊഴിലാളികളുടെ ജീവിതം പകർത്തിയ വിധു വിൻസെന്റിന്റെ മാൻഹോളിനും ഇരട്ടനേട്ടം. മികച്ച നവാഗത സംവിധായികക്കുള്ള രജത ചകോരവും മികച്ച മലയാള സിനിമക്കുള്ള ഫിപ്രസി അവാർഡും മാൻഹോൾ നേടി.

മികച്ച സംവിധായകനുള്ള രജത ചകോരം തുർക്കി സിനിമ ക്ലയർ ഒബ്സ്ക്യൂറിന്റെ സംവിധായകൻ യെസീം ഉസ്തോഗ്ലൂ നേടി.മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാർഡ് മെക്സിക്കൻ സിനിമ വെയ‍ർഹൗസ് സ്വന്തമാക്കി. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ് തുർക്കി സിനിമ് കോൾഡ് ഓഫ് കലാന്ദറും മലയാള ചിത്രത്തിനുള്ള് നെറ്റ്പാക് പുരസ്ക്കാരം രാജീവ് രവിയുടെ കമ്മട്ടിപ്പാടവും നേടി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.  പുരസ്കാര വിതരണശേഷം ക്ലാഷ് വേദിയില്‍ പ്രദർശിപ്പിച്ചു. ക്ലാഷിന്റെ ആറാം പ്രദർശനമായിരുന്നു അത്. . ആറ് തവണ ഒരു സിനിമ പ്രദർശിപ്പിക്കുന്നത് തന്നെ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇതാദ്യമായാണ്.