തെന്നിന്ത്യയുടെ പ്രിയ സംഗീതകാരന് വെള്ളിയാഴ്ച 75ാം പിറന്നാള്‍

ചലച്ചിത്ര സംവിധായകര്‍ക്ക് തങ്ങളുടെ സിനിമകളിലെ സംഗീതം എങ്ങനെ ഉണ്ടാക്കിയെടുക്കണമെന്ന അറിവ് നിര്‍ബന്ധമാണോ, ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍? ചോദ്യം ഇളയരാജയോടാണ്. അവര്‍ എന്തിന് അതറിയണം? ഇളയരാജ മറുചോദ്യം ചോദിക്കുന്നു. ഒരു സംവിധായകന്‍ തനിക്ക് പറയാനുള്ള കഥയിലും കഥാപാത്രങ്ങളിലും ശ്രദ്ധിച്ചാല്‍ മതി. ഒരിക്കല്‍ സംവിധായകന്‍ സുഭാഷ് ഘായ്‍യുടെ അഭ്യര്‍ഥനപ്രകാരം ചില സിനിമാപ്രവര്‍ത്തകരോട് താന്‍ ഈ വിഷയം സംസാരിച്ചിട്ടുണ്ടെന്നും അപ്പോഴും ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും തെന്നിന്ത്യയുടെ പ്രിയ സംഗീതസംവിധായകന്‍. വെള്ളിയാഴ്ച 75 വയസ് തികയുന്ന ഇളയരാജ ദി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഗീതജീവിതത്തിലെ തന്‍റെ ശരികളെക്കുറിച്ച് മനസ് തുറക്കുന്നത്.

കരിയറില്‍ ഏറെ തിരക്കുണ്ടായിരുന്ന കാലത്ത് ഒരിക്കല്‍ രജനീകാന്തിനെ നായകനാക്കി ഇളയരാജ സിനിമ സംവിധാനം ചെയ്തേക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. സംഗീതസംവിധാനവും ചലച്ചിത്രസംവിധാനവും തമ്മില്‍ ബന്ധമുള്ളതായി തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് എന്‍റെ ആദ്യചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ കഥാപാത്രം നെല്ല് കുത്തുകയാണ്. മനസ്സില്‍ ആ കഥാപാത്രത്തെ കണ്ടാണ് ആ പാട്ട് ഒരുക്കിയത്. നെല്ലുകുത്തലിന്‍റെ ശബ്ദമാണ് ആ പാട്ടിന്‍റെ ബീറ്റായി ഉപയോഗിച്ചത്. ഒന്നാലോചിച്ചാല്‍ ഇത്തരം ശ്രദ്ധകളല്ലേ സിനിമാ സംവിധാനത്തിലും വേണ്ടത്?

പുതിയ സിനിമകളില്‍ മുന്‍കാലത്തെ അപേക്ഷിച്ച് പാട്ടുകളുടെ എണ്ണം കുറയുന്നതിനെ ഒരു ട്രെന്‍റ് എന്നൊന്നും വിളിക്കേണ്ടെന്നും പറയുന്നു അദ്ദേഹം. അതിന്‍റെ സൃഷ്ടാക്കള്‍ക്ക് പാട്ടുകള്‍ അത്ര ആവശ്യമാണെന്ന് തോന്നുന്നുണ്ടാവില്ല. ലോകത്തിന്‍റെ പല ഭാഗത്തുമുള്ള ആസ്വാദകരുടെ കാലങ്ങളായുള്ള അഭ്യര്‍ഥന മാനിച്ച് ഒരു വേള്‍ഡ് ടൂറിനുള്ള തയ്യാറെടുപ്പിലാണ് ഇളയരാജ ഇപ്പോള്‍. ഒപ്പം പുതുമുഖ സംവിധായകര്‍ ഒരുക്കുന്ന മറാത്തി, മലയാളം, തമിഴ് സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതുമുണ്ട് അദ്ദേഹത്തിന്.