ദില്ലി: സംവിധായകൻ വിനയനെ വിലക്കിയ സംഭവത്തിൽ സിനിമ സംഘടനകളായ അമ്മയ്ക്കും ഫെഫ്ക്കയ്ക്കും കോപറ്റീഷൻ കമ്മീഷൻ പിഴ ചുമത്തി. സംഘടനാ ഭാരവാഹികളായ ഇന്നസെന്‍റ്, ഇടവേള ബാബു, സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ, കെ മോഹനൻ എന്നിവര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്
താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ ഫെഫ്കയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ട് യൂണിയൻ എന്നിവയ്ക്കെതിരെ സംവിധായകൻ വിനയിൽ 2014 ഡിസംബറിൽ നൽകിയ പരാതിയിലാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നടപടി. താരങ്ങളെയും സാങ്കേതിക വിഗദ്ധരേയും വിലക്കിയതിലൂടെ തനിക്കുണ്ടായ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് കോംപറ്റീഷൻ കമ്മീഷന്‍റെ തീരുമാനം.
അമ്മയ്ക്ക് നാല് ലക്ഷത്തി 65 രൂപ, ഫെഫെകയ്ക്ക് 85,594, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് 3,86,354 രൂപ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയന് 56,661 രൂപ എന്നിങ്ങനെയാണ് പിഴ ത്തുക. വരുമാനത്തിന്‍റെ അഞ്ച് ശതമാനം എന്ന നിരക്കിലാണ് പിഴ. സംഘടനാ ഭാരവാഹികളായ ഇന്നസെന്‍റിന് 51,478 രൂപ, ഇടവേള ബാബുവിന് 19,113, സിബി മലയിൽ 66,356ഉം, ബി ഉണ്ണികൃഷ്ണന് 32,0026ഉം കെ മോഹനൻ 27,737 രൂപയും പിഴയൊടുക്കണം.
കോംപറ്റീഷൻ കമ്മീഷനെ സമീപിച്ച സിനിമ സംഘടനകൾ ഹോക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നാല് ഹര്‍ജികളും തള്ളിയ കോടതി വിഷയം കോംപറ്റീഷൻ കമ്മീഷന് വിടുകയായിരുന്നു. മൂന്ന് തവണ കേരളത്തിലെത്തി സിനിമസംഘടനകളുമായും വിനയനുമായും നടത്തിയ തെളിവെടുപ്പിന് ശേഷമാണ് പിഴയടക്കാനുള്ള കോംപറ്റീഷൻ ഡയറക്ടര്‍ ജനറലിന്‍റെ ഉത്തരവ്.
