മലയാളത്തിന്റെ മഞ്ഞള്‍പ്രസാദമായിരുന്ന മോനിഷ ഉണ്ണി നമ്മെ വിട്ടുപോയിട്ട് ഇന്നേയ്ക്ക് ഇരുപത്തിനാല് വര്‍ഷങ്ങള്‍. വെറും ആറുവര്‍ഷം മാത്രം നീണ്ട അഭിനയ ജീവിതംകൊണ്ട് മലയാളി മനസില്‍ മോനിഷ വരച്ച ചിത്രങ്ങള്‍ ഇന്നും നമുക്കു മുന്നില്‍ വന്നു ചിരിതൂകി നില്‍ക്കുന്നു. 20 വര്‍ഷങ്ങള്‍ക്കുമുമ്പ് ചേര്‍ത്തല എക്സറേ കവലയില്‍ നിന്ന് മോനിഷയുടെ കാര്‍ മരണത്തിന്റെ പാതയിലേക്ക് യു ടേണെടുത്ത് അപ്രതീക്ഷിത ക്ലൈമാക്സിലേക്ക് പാഞ്ഞപ്പോള്‍ പിടഞ്ഞത് മലയാളി ഹൃദയങ്ങളായിരുന്നു. ഇരുപതാണ്ടിനിപ്പുറവും വെള്ളിത്തിരയില്‍ മോനിഷ ജിവനേകിയ കഥാപാത്രങ്ങള്‍ മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ ദീര്‍ഘായുസായി തന്നെ നില്‍ക്കുന്നുവെന്നത് ആ പ്രതിഭയുടെ തിളക്കമേറ്റുന്നു.

പ്രണയവും പരിഭവവുമെല്ലാം ഒളിപ്പിച്ചുവെക്കാന്‍ ഇടമുള്ള കടലാഴമുള്ള ആ കണ്ണുകളടഞ്ഞപ്പോള്‍ മലയാളത്തിന് നഷ്‍ടമായത് അഭിനയത്തിന്റെ ഒരു വസന്തകാലമായിരുന്നു. മരണമെന്ന ചെപ്പടിവിദ്യകൊണ്ടും മായ്‍ക്കാനാവാത്ത ഓര്‍മകളായി മോനിഷ ഇന്നും മലയാളി മനസില്‍ ജീവിക്കുന്നു. 1971ല്‍ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ആലപ്പുഴയിലാണ് മോനിഷ ജനിച്ചത്. അച്ഛന് ബാംഗൂരില്‍ തുകല്‍ ബിസിനസ് ആയിരുന്നതിനാല്‍ മോനിഷയുടെ ബാല്യം ബാംഗൂരിലായിരുന്നു. അമ്മ ശ്രീദേവി നര്‍ത്തകിയും. മോനിഷ പഠിച്ചതെല്ലാം ബാംഗൂരിലായിരുന്നു. കുട്ടിക്കാലം തൊട്ടു നൃത്തം പഠിച്ചിരുന്ന മോനിഷ ഒന്‍പതാമത്തെ വയസ്സില്‍ ആദ്യ സ്റ്റേജ് പ്രോഗ്രാം നടത്തി. 1985ല്‍ കര്‍ണാടക ഗവണ്‍മെന്റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്‍കുന്ന 'കൌശിക അവാര്‍ഡ്' മോനിഷയ്ക്കു ലഭിച്ചു.

സൈക്കോളജിയില്‍ ബിരുദം നേടിയ മോനിഷയ്ക്ക് സിനിമയില്‍ അവസരം കിട്ടിയത് കുടുംബ സുഹൃത്തായ എം ടി വാസുദേവന്‍ നായരിലൂടെയാണ്. നഖക്ഷതങ്ങളായിരുന്നു ആദ്യ ചിത്രം. കൗമാരത്തിലെ ത്രികോണ പ്രണയത്തിന്റെ കഥപറഞ്ഞ നഖക്ഷതങ്ങളിലൂടെ(1986) മോനിഷയെത്തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌‍കാരമെത്തി. പതിനഞ്ചു വയസായിരുന്നു അപ്പോള്‍ മോനിഷയുടെ പ്രായം. പിന്നീട് പെരുന്തച്ചന്‍, കടവ്, കമലദളം, ചമ്പക്കുളം തച്ചന്‍, കുടുംബസമേതം തുടങ്ങിയ ചിത്രങ്ങളിലും മോനിഷയുടെ അഭിനയമികവ് മലയാളം കണ്ടറിഞ്ഞു. മലയാളത്തിനു പുറമെ 'പൂക്കള്‍ വിടും ഇതള്‍' (നഖനക്ഷത്രങ്ങളുടെ റീമേക്ക്), 'ദ്രാവിഡന്‍' തുടങ്ങിയ തമിഴ് സിനിമകളിലും രാഘവേന്ദ്ര രാജ്കുമാര്‍ നായകനായി അഭിനയിച്ച 'ചിരംജീവി സുധാകര്‍' (1988) എന്ന കന്നട സിനിമയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്.

1992 ഡിസംബര്‍ അഞ്ചിനു 'ചെപ്പടിവിദ്യ' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും സഞ്ചരിച്ചിരുന്ന കാര്‍ ആലപ്പുഴയ്‍ക്കടുത്തുള്ള ചേര്‍ത്തലയില്‍ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മലയാളി ഹൃദയങ്ങളില്‍ കൂര്‍ത്ത നഖക്ഷതങ്ങളേല്‍പ്പിച്ച് മരണം മോനിഷയെ തട്ടിയെടുത്തത്.