താരസംഘടനയായ 'അമ്മ' വന്‍തോതില്‍ നികുതി തട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. താരനിശകള്‍ക്കായി ലഭിച്ച എട്ടുകോടിയോളം രൂപയ്ക്ക് താരസംഘടന നികുതിയടച്ചില്ലെന്നാണ് കണ്ടെത്തല്‍. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരിലാണ് തങ്ങള്‍ക്ക് പണം ലഭ്യമായതെന്നാണ് സംഘടന പറയുന്നത്. ചാരിറ്റിയുടെ പേരിലല്ല മറിച്ച് സ്റ്റേജ് ഷോകളില്‍ 'അമ്മ'യുടെ അംഗങ്ങള്‍ പങ്കെടുത്തതിന്‍റെ പ്രതിഫലമായിട്ടാണ് പണം ലഭിച്ചതെന്നാണ് ആദായനികുതിവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2011-2012 വര്‍ഷത്തില്‍ 2.05 കോടി രൂപയും 2014-2015 വര്‍ഷത്തില്‍ 6.10 കോടി രൂപയുമാണ് 'അമ്മ'യ്ക്ക് താരനിശകള്‍ക്കായി ചാനലുകളില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ കേവലം രണ്ടു കോടി രൂപയുടെ വരവേ വച്ചിരുന്നുള്ളൂ. ബാക്കി ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്നാണ് 'അമ്മ' നല്‍കുന്ന വിശദീകരണം. എന്നാല്‍ കണക്ക് ഹാജരാക്കാന്‍ സംഘടയ്‍ക്ക് കഴിഞ്ഞിട്ടുമില്ല. ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിനെതിരെ 'അമ്മ' അപ്പീല്‍ പോവുകയും നിയമപരമായ നടപടികള്‍ക്കെതിരെ സ്റ്റേ നേടുകയും ചെയ്തിട്ടുണ്ട്.

 2016 ല്‍ ആദായനികുതിവകുപ്പിന് 'അമ്മ' നല്‍കിയ മറുപടി സിനിമ നടന്മാര്‍അംഗങ്ങളായുളള 'അമ്മ' എന്ന സംഘടന ഒരു ജീവകാരുണ്യ സംഘടനയാണെന്നും, എല്ലാ വര്‍ഷവും ചാനലുകള്‍ തങ്ങള്‍ക്ക് ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ പണം ഡൊണേഷനായിട്ടുണ്ട് നല്‍കാറുണ്ടെന്നുമാണ്. എന്നാല്‍ 'അമ്മ' ഒരു ജീവകാരുണ്യ സംഘടനയല്ലായെന്നും ഐ ടി ആക്ട് സെക്ഷന്‍ 11,12,13 പ്രകാരം 'അമ്മ'യ്ക്ക് നികുതി ഇളവിനുള്ള അര്‍ഹതയില്ല എന്നും ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 'അമ്മ' ഉള്‍പ്പെട്ട പരിപാടികള്‍ക്കൊന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വരുന്നതല്ലെന്നും അതിന് വാണിജ്യപരമായ രീതികളാണുള്ളതെന്നും ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.