ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍

ഹോളിവുഡ് സിനിമകളുടെ വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ എന്നത് ഇന്ന് അവിടുത്തെ നിര്‍മ്മാതാക്കളും വിതരണക്കാരും അംഗീകരിക്കുന്ന ഒരു വസ്‍തുതയാണ്. അതിന്‍റെ അവസാനത്തെ ഉദാഹരണമായിരുന്നു അവഞ്ചേഴ്‍സ് ഇന്‍ഫിനിറ്റി വാര്‍. ആഗോള ബോക്സ് ഓഫീസില്‍ രണ്ട് മില്യണ്‍ ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഇന്ത്യയിലെ എക്കാലത്തെയും വലിയ ഹോളിവുഡ് ഹിറ്റാണ്. ആദ്യ വാരാന്ത്യത്തില്‍ മാത്രം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 120 കോടി രൂപയിലേറെ ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഹോളിവുഡ് ചിത്രവും ഇന്ത്യയില്‍ മികച്ച വിജയം നേടുന്നു. എന്നാല്‍ ഇതൊരു അനിമേഷന്‍ ചിത്രമാണ് എന്നതാണ് കൌതുകം.

ഇന്‍ക്രെഡിബിള്‍സ് 2 ആണ് ഹോളിവുഡ് അനിമേഷന്‍ ചിത്രങ്ങള്‍ക്കും ഇന്ത്യയില്‍ മികച്ച കളക്ഷന്‍ നേടാനാവുമെന്ന് തെളിയിക്കുന്നത്. വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 3.85 കോടി രൂപയാണ്. ശനിയാഴ്ച ഇതിന്‍റെ ഇരട്ടി നേടി ചിത്രം. 6.49 കോടി. ഞായറാഴ്ച അതിലുമധികം. നേടിയത് 7.51 കോടിയും. ആദ്യ മൂന്ന് ദിവസങ്ങളില്‍ ആകെ നേടിയ നെറ്റ് കളക്ഷന്‍ 17.85 കോടിയാണ്. ഗ്രോസ് 22.89 കോടിയും!