ഇതൊരു സ്ത്രീപക്ഷ സിനിമയാണെന്നതാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്ന വിചിത്ര വാദം. സിനിമ സ്ത്രീ കേന്ദ്രകൃതമാണ്, ഒരു സ്ത്രീയുടെ മനോരാജ്യത്തിലൂടെ സഞ്ചരിക്കുന്നതാണ്, ചിത്രത്തില്‍ അശ്ലീല രംഗങ്ങള്‍ ഉണ്ട്, മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്, ഓഡിയോ പോണോഗ്രഫി ഉണ്ട്, ഒരു പ്രത്യേക വിഭാഗത്തെ വ്രണപെടുത്തുന്നതാണ് ചിത്രം എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിബിഎഫ്‌സി ചിത്രത്തിന് അനുമതി നിഷേധിച്ചത്.
പഹലജ് നിഹലാനി അധ്യക്ഷനായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ് ലിപ്‌സിറ്റിക്ക് അണ്ടര്‍ മൈ ബുര്‍ക്കയ്‌ക്കെതിരായ സെന്‍സര്‍ വിലക്ക്. പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ പ്രകാശ് ഝായുടെ നിര്‍മ്മാണ കമ്പനിയായ പ്രകാശ് ഝാ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍യ്ക്ക് എക്‌സാമിനിങ്ങ് കമ്മിറ്റിയാണ് അംഗീകാരം നല്‍കേണ്ടെന്ന് ഐക്യ കണ്‌ഠ്യേന തീരുമാനമെടുത്തത്.
അസുഖകരമായ സത്യങ്ങള്‍ തുറന്നു പറയുന്ന ചിത്രങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സിബിഎഫ്‌സി വിസമ്മതിക്കുകയാണ്. ഇത് കലാകാരനെ തളര്‍ത്തുന്ന നിലപാടാണെന്ന് പ്രകാശ് ഝാ പ്രതികരിച്ചു. സ്വതന്ത്ര്യം അന്വേഷിക്കുന്ന നാല് സ്ത്രീകളുടെ രഹസ്യ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സിനിമയ്ക്ക് അംഗീകാരം നിഷേധിച്ച സിബിഎഫ്‌സി നടപടിക്കെതിരെ അവസാനം വരെ പോരാടുമെന്ന് സംവിധായിക അലംകൃത ശ്രീവാസ്തവ പറഞ്ഞു.

