Asianet News MalayalamAsianet News Malayalam

ഖവാലിയും ഗസലുകളും അടിച്ചുമാറ്റിയ വിധം!

Indian Songs But tune from Pakistan 2
Author
First Published Mar 23, 2017, 12:34 AM IST

Indian Songs But tune from Pakistan 2

വിഭജനത്തിനും മുമ്പും ശേഷവുമൊക്കെയുള്ള ഇന്ത്യന്‍, പാക്കിസ്ഥാനി സിനിമാസംഗീതത്തില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ ശക്തമായ സാനിധ്യമുണ്ടെന്ന് കഴിഞ്ഞദിവസത്തെ കുറിപ്പില്‍ പറഞ്ഞിരുന്നു. ഗസലിന്‍റെയും ഖവാലിയുടെയുമൊക്കെ സ്വാധീനവും ഓര്‍ക്കസ്ട്രേഷനിലെ സമാനതകളും സാധാരണമാണ്. കാരണം ഖവാലിയും ഗസലും സൂഫി സംഗീതവുമെല്ലാം ഉപഭൂഖണ്ഡത്തിന്‍റെ ആത്മാവിന്‍റെ ഭാഗമാണ്. ഇരുരാജ്യങ്ങളിലെയും മിക്ക സംഗീത സംവിധായകരും പലപ്പോഴും പലരീതിയില്‍ ഇവ ഉപയോഗിച്ചിട്ടുമുണ്ട്‌.

എന്നാല്‍ വിഭജനത്തിനു മുമ്പുള്ള ആദ്യകാല ബോളീവുഡ് ഗാനങ്ങളില്‍ പരമ്പരാഗത ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വാധീനം ശക്തമായിരുന്നെങ്കിലും ഭൂരിപക്ഷം സൃഷ്ടികളും മൗലികമായിരുന്നു

Indian Songs But tune from Pakistan 2 ഒരു ഖവാലി സദസ്

 

പക്ഷേ എണ്‍പതുകള്‍ക്കു ശേഷം കേട്ടത് വലിയ മാറ്റമൊന്നും വരുത്താതെ നേരിട്ടു പകര്‍ത്തിയ ഖവാലികളാണ്.  1995ല്‍ പുറത്തിറങ്ങിയ 'യാരാനാ' എന്ന ഡേവിഡ്‌ ധവാന്‍ ചിത്രത്തിലെ അനുമാലിക്കിന്‍റെ ക്രഡിറ്റിലുള്ള 'മേരാ പിയാ ഘര്‍ ആയാ'  എന്ന ഗാനം കേള്‍ക്കുക.

 

കവിതാ കൃഷ്‌ണമൂര്‍ത്തി ആലപിച്ച ഈ ഗാനം നുസ്രത്ത്‌ ഫത്തേഹ്‌ അലിഖാന്റെ ഒരു മാസ്റ്റര്‍പീസ് ഖവാലിയുടെ കോപ്പിയാണ്. ഒരു നൂറ്റാണ്ടു മുമ്പു ജീവിച്ചിരുന്ന പഞ്ചാബി സൂഫി കവി ബാബാ ഭുല്ലേഷായുടെ പഞ്ചാബി കാലാമിനെ പരിഷ്കരിച്ച് ചിട്ടപ്പെടുത്തി നുസ്രത്ത് എത്രയോ സദസുകളില്‍ ആലപിച്ചിരിക്കുന്നു. ആ ഈണം അതേപടി കോപ്പിയടിക്കുകയായിരുന്നു അനുമാലിക്. കവിതാ കൃഷ്ണ മൂര്‍ത്തിക്ക് ആ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് ഈ ഗാനത്തിനായിരുന്നു.

1994ല്‍ പുറത്തിറങ്ങിയ രാജീവ്‌ റായി ചിത്രം മൊഹ്ര ഹിറ്റ് ഗാനങ്ങളാല്‍ സമ്പന്നമായിരുന്നു. ചിത്രത്തെ ബ്ലോക്ക്‌ബസ്‌റ്ററാക്കുന്നതില്‍ വിജു ഷായുടെ ഈണങ്ങളുടെ പങ്ക് ചെറുതല്ല. ഉദിത്‌ നാരായണനും കവിതാ കൃഷ്‌ണമൂര്‍ത്തിയും ഒരുമിച്ച 'തൂ ചീസ്‌ ബഡീ ഹേ മസ്‌ത്‌' ചരിത്രം കുറിച്ചു. ഗാനം രാജ്യത്തെ ഇളക്കിമറിച്ചു. ആ വര്‍ഷം വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു മൊഹ്രയുടെ കാസറ്റ്. ഈ ഗാനം വെറുതെയെങ്കിലും മൂളാത്ത പാട്ടു പ്രേമികള്‍ കുറവായിരിക്കും.

 

എന്നാല്‍ നുസ്രത്ത്‌ ഫത്തേഹ്‌ അലിഖാന്‍റെ ജനപ്രിയ ഖവാലി 'ദം മസ്‌ത്‌ ഖ്വലണ്ടറിന്റെ' ഇന്ത്യന്‍ പതിപ്പായിരുന്നു 'തൂ ചീസ്‌ ബഡീ ഹേ' എന്ന് എത്രപേര്‍ക്ക് അറിയാം? ബാരി നിസാമി എന്ന സൂഫി കവിയുടെ രചനയെ ബോളീവുഡിന്‍റെ താളത്തിലേക്ക് മാറ്റിയെഴുതിയത് ഗാനരചയിതാവ് ആനന്ദ് ബക്ഷി.

ഇതേ ഗാനം അടുത്തിടെ മെഷീന്‍ എന്ന ന്യൂജന്‍ ചിത്രത്തിനു വേണ്ടിയും റീമിക്സ് ചെയ്തു കേട്ടു.

 

ശ്രീമാന്‍ ആഷിഖിലെ(1993) 'കിസീക്കെ യാര്‍ നാ ബിച്ച്‌ഡെ' കേട്ടിട്ടുള്ളവര്‍ നുസ്രത്തിന്റെ തന്നെ 'കിസേന്‍ ദ യാര്‍ നാ വിച്ച്‌ഡെ'യും കേള്‍ക്കണം.  ജുഡായിലെ 'മുഛേ ഏക്‌ പ ല്‍' കേള്‍ക്കുമ്പോള്‍ നുസ്രത്തിന്റെ 'യാനു ഏക്‌ പല്‍' ഓര്‍ക്കണം. രാജാ ഹിന്ദുസ്ഥാനിയിലെ 'കിത്തനാ സോനാ' കേട്ടാല്‍ നിര്‍ബന്ധമായും നുസ്രത്തിന്റെ 'കിന്നാ സോനാ' കേട്ടേ തീരൂ. മൂന്നുതവണയും നുസ്രത്തിനെ പകര്‍ത്തിയത് നദീം ശ്രാവണ്‍.

 

കഴിഞ്ഞില്ല. ഖവാലിയുടെ മഹാസാഗരമായി ബോളീവുഡ് സിനിമാ സംഗീതത്തില്‍ നുസ്രത്ത് ഫത്തേ അലിഖാന്‍ അങ്ങനെ പരന്നുകിടപ്പുണ്ട്.

സാവന്‍കുമാര്‍ സംവിധാനം ചെയ്‌ത 'സൗടേന്‍ കി ബേട്ടി' (1989)യില്‍ വേദ്‌പാലിന്റെ ഈണത്തില്‍ ജിതേന്ദ്രയും രേഖയും ആടിപ്പാടുന്ന 'യേ ദോ ഹല്‍ക്കാ ഹല്‍ക്കാ സുരൂര്‌ ഹേ' എന്ന കിഷോര്‍ കുമാര്‍ ഗാനവും 'മെ ഹും നാ' (2004)യ്ക്കു വേണ്ടി അനുമാലിക്ക് ഒരുക്കിയ 'ചലെ ജൈസേ ഹവായേ'യും കേള്‍ക്കുക. നുസ്രത്തിന്റെ തന്നെ 'യേ ജോ ഹല്‍ക്കാ ഹല്‍ക്കാ സുരൂര്‍ ഹെ' യുടെ പകര്‍പ്പുകളാണ്‌ ഇരുഗാനങ്ങളും.

 

തീര്‍ന്നില്ല; 1996 ല്‍ പുറത്തിറങ്ങിയ ചാഹത്തിലെ 'നഹീന്‍ ജീനാ പ്യാര്‍ ബിനാ' യും നുസ്രത്തിന്റെ ആവര്‍ത്തനം. ജീനാ സിര്‍ഫ്‌ തേരേ ലിയേയിലെ (2002) 'മുച്‌കോ മില്‍ഗയാ'ക്ക്‌ ഉറുദു സൂഫി കവി ഗുലാം മുസ്‌തഫ തബസും എഴുതി പിടിവിയിലൂടെ നഹീദ്‌ അക്തര്‍ ജനപ്രിയമാക്കിയ പഞ്ചാബി കലാം 'യേ രംഗിനിയെ നാവു ബാഹറി'നോട്‌ കടപ്പാട്‌.

ഇനി ഗസലുകളിലേക്ക്. നദീം ശ്രാവണ്‍ ഈണമിട്ട റാസിലെ(2002) 'കിത്തനാ പ്യാരാ' എന്ന ഗാനം ബീഗം അക്തറിന്റെ ഗസല്‍ 'ആയേ മൊഹബത്ത തേരേ'യുടെ തനിപകര്‍പ്പാണ്. സംശയമുണ്ടെങ്കില്‍ കേട്ടു നോക്കാം. 

 

 

'ചലേ തോ കട്‌ ജിയേ ഗാ സഫര്‍...' എന്ന മനോഹരമായ ഉറുദുകാവ്യം കേട്ടിട്ടുണ്ടോ? മുസ്‌തഫ സൈദി എഴുതി ഖലില്‍ അഹമ്മദ് ഈണമിട്ട് പാക്ക്‌ ഗസല്‍ ഗായിക മുസാരത്ത്‌‌ നസീര്‍ ആലപിച്ച ഈ വിഖ്യാത ഗാനം മെലഡിയുടെ മാസ്മരികതയിലേക്ക് ആസ്വാദകരെ വഴിനടത്തും. 1982ല്‍ പുറത്തിറങ്ങിയ ഈ ഗാനം കേട്ടിട്ടില്ലാത്തവര്‍ കേട്ടു നോക്കൂ

 

ഇനി 1991ല്‍ റിലീസായ 'സഡക്ക്‌' എന്ന മഹേഷ്‌ഭട്ട്‌ ചിത്രത്തിലെ 'തുമെം അപ്‌നെ ബനായേ കി' എന്ന നദീം ശ്രാവണ്‍ ഗാനമൊന്നു കേട്ടു നോക്കാം.

ഇതേ ഗാനത്തിന്‍റെ പരിഷ്കരിച്ച ലിറിക്സുമായി മറ്റൊരു പാട്ടും അടുത്തകാലത്ത് കേട്ടു. 2015ല്‍ പുറത്തിറങ്ങിയ ഹേറ്റ് സ്റ്റോറി 3 എന്ന ചിത്രത്തിലായിരുന്നു അത്. എന്നിട്ടും

ആരും മുസ്തഫ സൈദിയെയോ മുസാരത്ത് നസീറിനെയോ ഖലീല്‍ അഹമ്മദിനെയോ വെറുതെ പോലും ഓര്‍ത്തില്ല എന്നതും ടൈറ്റിലില്‍ എവിടെയും ഒരു നന്ദി പോലും പറഞ്ഞില്ല എന്നതും കൗതുകം.

നാളെ - കോപ്പിയില്‍ നിന്നും കോപ്പിയടിച്ച നാടോടി ഈണങ്ങള്‍!

Follow Us:
Download App:
  • android
  • ios