അടിയന്തരാവസ്ഥ പ്രമേയമായ ഹിന്ദി സിനിമ ഇന്ദു സര്‍ക്കാര്‍ നാളെ റിലീസ് ചെയ്യും. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും വിമര്‍ശിക്കുന്ന സിനിമ ചരിത്രം വളച്ചൊടിച്ചതാണെന്ന് വ്യക്കമാക്കി സഞ്ജയ് ഗാന്ധിയുടെ മകളെന്ന് അവകാശപ്പെട്ട് പ്രിയ സിംഗ് പോൾ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. സെൻസര്‍ ബോര്‍ഡ് അനുമതി നൽകിയ സിനിമയുടെ റിലീസ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വ്യക്തികളുടെ സൽപ്പേരിനേക്കാൾ പരമപ്രധാനം ദേശ താത്പര്യവും അറിയാനുള്ള അവകാശവുമാണെന്ന് കോടതി നിരീക്ഷിച്ചു.

നാടകീയവും അതിശയോക്തിയും നിറച്ച് ചിത്രീകരിച്ച ചിത്രം നിയമത്തിനകത്ത് നിന്നുള്ള കലാകരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചിത്രത്തിനെതിരെ അപകീര്‍ത്തിക്ക് കേസ് കൊടുക്കുമെന്നായിരുന്നു പ്രിയ സിംഗ് പോളിന്‍റെ പ്രതികരണം മധൂർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ അനുപം ഖേര്‍, നെയിൽ നിതിൻ മുകേഷ്, കീർത്തി കൽഹരി എന്നിവരാണ് പ്രധാന വേഷത്തിൽ. അനു മാലിക്കിന്‍റേയും ബാപ്പി ലാഹിരി എന്നിവരുടേതാണ് സംഗീതം.