Asianet News MalayalamAsianet News Malayalam

ബിരിയാണി ഒരു ഭക്ഷണം മാത്രമല്ല, ഒരു പ്രതീകം കൂടിയാണ്: നെടുമുടി വേണു

interview with actor Nedumudi Venu
Author
First Published Aug 28, 2017, 1:05 PM IST


ഒരു വിശേഷപ്പെട്ട ബിരിയാണി സിനിമയെ കുറിച്ച്‌
ബിരിയാണിക്കിസ ഈ അടുത്ത കാലത്ത്  പുറത്തിറങ്ങിയ സിനിമകളുടെ തരത്തിലുള്ള സിനിമയല്ല. നാട്ടിന്‍ പുറത്തിന്റെ നന്മ നിറഞ്ഞ കഥ പറയുന്ന സിനിമയാണ്‌. ഇത്തരമൊരു സിനിമ വരുന്നത്‌ അപൂര്‍വ്വമായാണ്‌. ജാതിമതങ്ങള്‍ക്കതീതമായി മനുഷ്യരുടെ ബന്ധത്തെക്കുറിച്ചുള്ള കഥയാണ്‌. ഇത്തരമൊരു വിഷയം വളരെ ലളിതമായാണ്‌ ആവിഷ്‌കരിച്ചിട്ടുള്ളത്‌. അതുകൊണ്ടു തന്നെ സ്‌ത്രീകള്‍ക്കായാലും കുട്ടികള്‍ക്കായാലും ആര്‍ക്കു വേണമെങ്കിലും ഈ സിനിമ കാണാം. അത്തരത്തിലാണ്‌ ഈ സിനിമ നിര്‍മ്മിച്ചിട്ടുള്ളത്‌. നല്ല ഉദ്ദേശത്തോടെ നിര്‍മ്മിച്ചിട്ടുള്ള ഒരു സിനിമ തന്നെയാണ്‌ ഇതെന്ന്‌ നിസംശയം പറയാം. 

സിനിമയിലെ കഥാപാത്രം
ദേവസ്വവും പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ട്‌ വലിയ ഇമേജ്‌ ഉള്ള കൃഷ്‌ണന്‍ നായര്‍ എന്ന ഒരു കഥാപാത്രമാണ്‌ ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത്‌. സിനിമയുടെ അവസാന ഭാഗത്തേക്ക്‌ വരുമ്പോള്‍ വ്യക്തിപരമായി അയാള്‍ക്കുണ്ടാകുന്ന മാറ്റം, അത്‌ പൊതുവായ കഥയെ ബാധിക്കുന്നതുമാണ്‌ ഇതിവൃത്തം. നാട്ടിന്‍ പുറത്തിന്റെ എല്ലാ നന്മകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.  ഗ്രാമീണ ജീവിതം നന്മകള്‍ പറയുന്നത്‌, പരദൂഷണം പറയുന്നത്‌ അങ്ങനെ കൊച്ചു കൊച്ചു കാര്യം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നല്ല സിനിമയാണിത്‌.

ബിരിയാണി ഭക്ഷണമല്ല ഒരു പ്രതീകമാണ്‌
ഈ സിനിമയില്‍ ബിരിയാണി ഭക്ഷണ പദാര്‍ത്ഥത്തിനപ്പുറം ഒരു പ്രതീകമാണ്‌. ബിരിയാണി എന്നു പറയുമ്പോള്‍ ഒരു സമുദായത്തെയും അവരുടെ ആഹാരം എന്ന നിലയ്‌ക്കുമാണ്‌ പെട്ടെന്ന്‌ നമുക്ക്‌ തോന്നാറുള്ളത്‌. പക്ഷേ ഇവിടെ ഒരു സമൂഹം മുഴുവന്‍ ഒന്നിച്ചു കൂടുന്ന ഒരു സ്ഥലമായി ഈ ബിരിയാണിയിലൂടെ മാറുകയാണ്‌. ആഹാര പദാര്‍ത്ഥത്തിനപ്പുറത്തേക്ക്‌ ഒരു ഇമേജ്‌ ആയി മാറുകയാണ്‌ ബിരിയാണി.

സിനിമയിലുള്ള പ്രതീക്ഷ
ഈ സിനിമയ്‌ക്കുള്ള പ്രതീക്ഷ മുഴുവന്‍ പ്രേക്ഷകരുടെ കയ്യിലാണ്‌. കാണുന്നവര്‍ക്ക്‌ ഒന്നും എതിര്‍ അഭിപ്രായം വരാന്‍ സാധ്യതയില്ലാത്ത ഒരു സിനിമയാണിത്‌. തിയേറ്ററില്‍ ആളുകള്‍ക്ക്‌ കയറാനുള്ള ഒരു ഇനീഷ്യല്‍ എന്തുമാത്രം ഉണ്ടെന്നുള്ളത്‌ എനിക്ക്‌ അറിയാവുന്ന കാര്യമല്ല. ഒരു കൊട്ടിഘോഷമോ ഒരു വല്യതാരനിരയോ ഒന്നുമില്ലാത്ത ഒരു ലളിതമായ ഒരു സിനിമയാണ്‌. എന്നാലും അറിയപ്പെടുന്ന നല്ല നല്ല ആര്‍ട്ടിസ്‌റ്റുകള്‍ അഭിനയിച്ചിട്ടുണ്ട്‌. ഇത്‌ എഴുതി തള്ളാവുന്ന സിനിമയല്ല.

സിനിമ ചെയ്‌തു കഴിഞ്ഞപ്പോള്‍ 
നന്മയുള്ള കഥാപാത്രങ്ങള്‍ ചെയ്‌തു കഴിഞ്ഞപ്പോള്‍ കുറേ നന്മകള്‍ നമ്മുടെ മനസ്സിലും ഉരുണ്ടുകൂടും. അങ്ങനെയാണ്‌ എന്റെ അനുഭവം. കുറേ ചെറുപ്പക്കാരായ ആളുകളാണ്‌ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്‌. അവരുടെ ഒരു കണ്ടെത്തലുകള്‍ക്ക്‌ പിന്നില്‍ നമ്മളും കൂടെ നില്‍ക്കുകയാണ്‌ ചെയ്‌ത്‌. നല്ല നല്ല ചെറുപ്പക്കാര്‍ നല്ല ഉദ്ദേശത്തോടെ സിനിമയെ സമീപിക്കുന്നുവെന്ന്‌ പറയുമ്പോള്‍ നമുക്കും സന്തോഷമുള്ള കാര്യമാണ്‌. 

കിരണ്‍ നാരായണ്‍ എന്ന സംവിധായകനെ കുറിച്ച്‌
പുതിയ സംവിധായകരോടൊപ്പം ഒത്തിരി അഭിനയിച്ചിട്ടുണ്ട്‌. അതൊരു ബുദ്ധിമുട്ടള്ള കാര്യമല്ല. ഒരു സംവിധായകന്‌ എന്താണ്‌ വേണ്ടതെന്ന്‌ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാണ്‌. അത്‌ തിരിച്ചറിയാതെ വരുമ്പോഴാണ്‌ ബുദ്ധിമുട്ട്‌. വളരെ അനായാസം ചെയ്യാന്‍ കഴിഞ്ഞ ഒരു സിനിമയായിരുന്നു ഇത്‌. കാരണം സംവിധായകനുമായിട്ട്‌ എനിക്ക്‌ യാതൊരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പും അനുഭവപ്പെട്ടിട്ടില്ല. 

പുതിയ ആളുകള്‍ സിനിമയെ സമീപിക്കുന്നതിനെ കുറിച്ച്‌
പഴയതിലും കൂടുതല്‍ ആളുകള്‍ സിനിമയിലേക്ക്‌ കടന്നു വരുന്നുണ്ട്‌. ആര്‍ക്കും കേറി വിളയാടാവുന്ന ഒരിടമാണ്‌ സിനിമ എന്നൊരു ധാരണ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ടു തന്നെ വരുന്നവരില്‍ നിന്ന്‌ നെല്ലും പതിരും തിരിച്ച്‌ കഴിഞ്ഞാല്‍ അതില്‍ കൊള്ളാവുന്നത്‌ വളരെ കുറച്ച്‌ പേരെ ഉള്ളൂ.അത്‌ എല്ലാ കാലത്തും അത്‌ അങ്ങനെ തന്നെയാണ്‌. മിടുക്കന്മാര്‍ കുറച്ചു പേരും പ്രശസ്‌തിയും പണവും ആഗ്രഹിക്കുന്നവരുമാണ്‌ ഭൂരിപക്ഷവും.ഇപ്പോഴും അങ്ങനെ തന്നെയാണ്‌. സിനിമയോടുള്ള കമ്മിറ്റ്‌മെന്റ്‌ എന്നുപറയുന്നത്‌ പെട്ടന്ന്‌ പേരുണ്ടാക്കുക പണമുണ്ടാക്കുക എന്നതു തന്നെയാണ്‌. ഇതിനിടയിലൂടെ ഭാവിയെപ്പറ്റി യാതൊരു ആശങ്കയിലും ഇല്ലാത്ത മിടുക്കന്മാരുണ്ട്‌. അവരിലാണ്‌ നമ്മുടെ പ്രതീക്ഷ. എല്ലാ കാലത്തും അങ്ങനെയാണ്‌. 

സ്വപ്‌നം ബാക്കി നില്‍ക്കുന്നത്‌
സിനിമയില്‍ കഴിയുന്നിടത്തോളം കാലം നല്ല നല്ല കഥാപാത്രങ്ങളെ ചെയ്യണമെന്നുണ്ട്‌. ചെയ്‌തതില്‍ നിന്നും വിഭിന്നമായ കഥാപാത്രങ്ങളെ ചെയ്യാന്‍ കഴിയണമെന്ന ആഗ്രഹമേയുള്ളു.

താരപുത്രന്മാരുടെ വരവിനെ കുറിച്ച്‌
മിടുക്കന്മാരും മിടുക്കികളും ഉണ്ടെങ്കില്‍ അവര്‍ തരണം ചെയ്‌ത്‌ മുന്നേറും. ആരുടെ മോനാണെന്നോ മോളാണെന്നോ പറഞ്ഞിട്ട്‌ കാര്യമില്ല, കഴിവില്ലെങ്കില്‍ ജനങ്ങള്‍ അവരെ പുറന്തള്ളും. നമ്മള്‍ കാണുന്ന അവസ്ഥയും അതാണ്‌. താരപുത്രനോ പുത്രിയാണെങ്കില്‍ ഒരു പ്രാഥമിക അംഗീകാരം കിട്ടുമായിരിക്കും.പക്ഷേ കഴിവിന്‌ അനുസരിച്ചാണ്‌ അവരുടെ ഭാവിയിരിക്കുന്നത്‌. 

പുതിയ പ്രൊജക്ട്‌
ഉദാഹരണം സുജാത, പോക്കിരി സൈമണ്‍, ദിവാന്‍ജി മൂല, ഖലീഫ,കാര്‍ബണ്‍ ഇതൊക്കെയാണ്‌ ഇപ്പോള്‍ ചെയ്യുന്നത്‌. 

Latest Videos
Follow Us:
Download App:
  • android
  • ios