Asianet News MalayalamAsianet News Malayalam

സിനിമയിലെ ചെറിയ വലിയ കാര്യങ്ങളെ കുറിച്ച് ഗൗരവ് മേനോന്‍

interview with child artist gourav menon
Author
First Published Nov 14, 2017, 11:59 AM IST

സി.വി സിനിയ

ഫിലിപ്സ് ആന്‍റ് മങ്കി പെന്‍ എന്ന സിനിമയിലൂടെ ജുഗ്രു എന്ന വികൃതി പയ്യനായി അരങ്ങേറ്റം കുറച്ച ഗൗരവ് മേനോനെ സിനിമാ പ്രേമികള്‍ക്ക് ഒരുപാട് ഇഷ്ടമാണ്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മികവുറ്റതാക്കി താരം അഭിനയിച്ച് തകര്‍ക്കുന്നുമുണ്ട്. സിനിമയിലെ ചെറിയ വലിയ കാര്യങ്ങളെ കുറിച്ച്  ഈ കുസൃതി പയ്യന് ഒരുപാട് വിശേഷങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. തന്‍റെ പുതിയ ചിത്രമായ ചക്കരമാവിന്‍ കൊമ്പത്തിന്‍റെ വിശേഷവും ഒപ്പം കോലുമിഠായി എന്ന സിനിമ തന്ന മധുരമല്ലാത്ത അനുഭവത്തെ കുറിച്ചും ഈ ശിശു ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു.  

 

ചക്കരമാവിന്‍ കൊമ്പത്തിന്‍റെ വിശേഷം

  ജേണലിസ്റ്റായ ടോണി ചിറ്റേറ്റുകളം സംവിധാനം ചെയ്യുന്ന സിനിമയാണ് ചക്കരമാവിന്‍ കൊമ്പത്ത് . മലയാളത്തിലെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലെ ഒരു കഥയാണ്. ഈ കഥയില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് രണ്ട് കുട്ടികളാണ്. ഇതിലെ ഒരു പണക്കാരനായ കുട്ടിയും ഒരു സാധാരണ കുടുംബത്തിലെ കുട്ടിയുമാണ്. ഇതൊരു ഗ്രാമത്തിന്‍റെ കഥകൂടിയാണ്. ഹരിശ്രീ അശോകന്‍ അങ്കിളിന്റെയും അഞ്ജലി ആന്റിയുടെയും മകനായിട്ടാണ്  ഞാന്‍ വേഷമിടുന്നത്. ഹരിശ്രീ അശോകന്‍ അങ്കിളിന്‍റെ മകനായിട്ട് ഞാന്‍ ആദ്യമായിട്ടാണ് ചെയ്യുന്നത്. അങ്കിള്‍ ഓരോ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. എനിക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നും തോന്നിയിരുന്നില്ല.  സിനിമയുടെ ചിത്രീകരണവും ലൊക്കേഷനൊക്കെ അത്രയും രസകരമായിരുന്നു. ഉത്തമന്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. നവംബര്‍ 17 ന് സിനിമ തിയേറ്ററുകളില്‍ എത്തും. അഞ്ജലി ആന്റിയുടെ മകനായി മൂന്നാമത്തെ സിനിമയാണിത്.  ഇതിന്‍റെ ക്യാമറ ചെയ്തിരിക്കുന്നത്. ജോബി ജെയിംസ് ആണ്. അങ്കിള്‍ ഞാന്‍ അഭിനയിച്ച മങ്കി പെന്നിന്‍റെ ക്യാമറ ചെയ്തിരിക്കുന്ന ഒരാളുകൂടിയാണ്. നന്നായി ചെയ്തിട്ടുണ്ട്. മൂന്ന് പാട്ടുകള്‍ ഈ സിനിമയില്‍ ഉണ്ട്. ബിജിപാല്‍ അങ്കിളാണ്  സംഗീതം നല്‍കിയിരിക്കുന്നത്. സിനിമയിലെ ഒരു പാട്ട് ശ്രേയ ജയദീപും ബിജിപാല്‍ അങ്കിളിന്‍റെ മകനുമാണ് പാടിയിരിക്കുന്നത്.

ചിത്രത്തിലെ കഥാപാത്രം 

ഉത്തമന്‍ എന്ന കഥാപാത്രമാണ് ഞാന്‍ സിനിമയില്‍ ചെയ്തിട്ടുള്ളത്. ആ കഥാപാത്രം നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെയ്യാന്‍ എളുപ്പവും അതുപോലെ തന്നെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സാധാരണകുടുംബത്തിലുള്ള ഒരു കുട്ടിയാണ് ഉത്തമന്‍. സിനീയറായിട്ടുള്ള  എല്ലാവരുടെയും സപ്പോര്‍ട്ടുകൊണ്ട് എനിക്ക് നന്നായി  ചെയ്യാന്‍ കഴിഞ്ഞുവെന്നു തന്നെയാണ് എന്‍റെ വിശ്വാസം. ഈ കഥാപാത്രത്തില്‍ എനിക്ക് നല്ല പ്രതീക്ഷയും ഉണ്ട്. ഡെറിക്‌സാണ് എന്‍റെ കൂടെ അഭിനയിച്ചിട്ടുള്ള മറ്റൊരു കുട്ടി. ഡെറിക്കിന്‍റെ ആദ്യ സിനിമയാണിത്. ആ കുട്ടിയും നന്നായി ചെയ്തിട്ടുണ്ട്.

 സംവിധായകനെ കുറിച്ച്

ടോണി ചിറ്റേട്ടുകളത്തിന്‍റെ ആദ്യത്തെ സിനിമയാണിത്. സിനിമയില്‍ എന്തെങ്കിലും  ഒരു പരിചയമുള്ള ആളുകള്‍ക്കാണെങ്കില്‍ എളുപ്പം എല്ലാം മനസ്സിലാക്കാനും ചെയ്യാനും സാധിക്കും. പക്ഷേ അങ്കിളിന്‍റെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു. നേരത്തെ പരിചയമുള്ള ആളെ പോലെ അത്രയും നന്നായി തന്നെ ഇതില്‍ മുഴുകി തന്നെയാണ് സിനിമ ചെയ്തത്. അത് അങ്കിളിന്‍റെ പ്ലസ് പോയിന്‍റെ തന്നെയാണ്.

 ടോണി ചിറ്റേട്ടുകളത്തിന്‍റെ ആദ്യത്തെ സിനിമയാണിത്. സിനിമയില്‍ എന്തെങ്കിലും  ഒരു പരിചയമുള്ള ആളുകള്‍ക്കാണെങ്കില്‍ എളുപ്പം എല്ലാം മനസ്സിലാക്കാനും ചെയ്യാനും സാധിക്കും. പക്ഷേ അങ്കിളിന്‍റെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു. നേരത്തെ പരിചയമുള്ള ആളെ പോലെ അത്രയും നന്നായി തന്നെ ഇതില്‍ മുഴുകി തന്നെയാണ് സിനിമ ചെയ്തത്. അത് അങ്കിളിന്‍റെ പ്ലസ് പോയിന്‍റെ തന്നെയാണ്. അങ്കിള്‍ ഒരു ജേര്‍ണലിസ്റ്റാണ്. ആ എഴുത്തും മറ്റുകാര്യങ്ങളും സിനിമ ചെയ്യുന്നതില്‍ ഉപകരിച്ചുവെന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. സിനിമയില്‍ അസിസ്റ്റന്റും അസോസിയേറ്റും ഒക്കെ ഉണ്ട്. എങ്കില്‍ പോലും അങ്കിള്‍ അത്രയും പ്രയത്‌നിച്ചിട്ടുണ്ട്.

 പ്രൊജക്ടിലേക്ക്  എത്തിപ്പെട്ടത്

 ചക്കരമാവിന്‍ കൊമ്പത്ത് സിനിമയുടെ അണിയറയിലെ എനിക്ക് ആരുമായും ബന്ധമുണ്ടായിരുന്നില്ല. എനിക്ക് ദേശീയ അവാര്‍ഡ് നേടി തന്നെ ബെന്‍ സിനിമയുടെ സംവിധായകന്‍ വഴിയാണ് ടോണി അങ്കിള്‍ എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അങ്ങനെ ഇവരുടെ കാക്കനാടുള്ള ഓഫീസില്‍ എത്തി. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. 

കുടുംബത്തിന്‍റെ  സപ്പോര്‍ട്ട്
ഷൂട്ടിംഗിന് പോകുമ്പോള്‍ അച്ഛനും അമ്മയും തന്നെയാണ് കൂടെ വരാറുള്ളത്. ഒരു സഹോദരനുണ്ട്. ഇപ്പോള്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. ഗോകുല്‍. ഏട്ടന് നേരത്തെ തന്നെ സിനിമാ കമ്പമുണ്ട്. ഞാന്‍ അഭിനയിച്ച ബെന്നിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍റെ ഇഷ്ടം തന്നെയാണ് അച്ഛന്റേയും അമ്മയുടേയും. അച്ഛന്‍ ഗോവിന്ദ് മേനോന്‍ ബിസിനസ്സാണ്, അമ്മ ജയ  മേനോന്‍ വീട്ടമ്മയാണ്.

സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ള സ്വപ്‌നം
 ഇപ്പോള്‍ അഭിനയിക്കുന്നതില്‍ നിന്ന് ഉപരിയായി ഹോളിവുഡില്‍ അഭിനയിക്കാനാണ് ഏറ്റവും വലിയ ആഗ്രഹം. അതുപോലെ എനിക്ക് കൂടുതലും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. കോമഡിയും സീരയസുമൊക്കെ നിറഞ്ഞ  കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്.

മറക്കാന്‍ പറ്റാത്ത അനുഭവം
 ജിലേബി എന്ന സിനിമയില്‍  അഭിനയിക്കുമ്പോള്‍ എനിക്ക് ഒരു അപകടം സംഭവിച്ചിരുന്നു.  ആ സംഭവം ജയസൂര്യ അങ്കിള്‍ ഒരു വാഹനത്തില്‍ ഞങ്ങളെ പിന്തുടരുന്ന ഒരു സീന്‍ ആയിരുന്നു ചിത്രീകരിക്കുന്നത്. പൊള്ളാച്ചിയിലായിരുന്നു ഷൂട്ടിംഗ്.  ഞങ്ങള്‍ രണ്ടു കുട്ടികള്‍  ഒാട്ടോയില്‍ പോകുമ്പോള്‍ സമാന്തരമായാണ് ജയസൂര്യ അങ്കിളിന്‍റെ വാഹനവും വരുന്നതാണ് ചിത്രീകരണം. ജയസര്യ അങ്കിളിന്‍റെ വാഹനത്തിന് നേരെ ഒരു ബസ് വന്നു. പെട്ടെന്ന് ഓട്ടോ ഡ്രൈവര്‍ ബ്രേക്കിടേണ്ടതിന് പകരം ആക്‌സിലേറ്റര്‍ കൊടുത്തു. അങ്ങനെ ഓട്ടോ ഒരു ഭാഗത്ത് ഇടിച്ച് മറിഞ്ഞു. എനിക്ക് പരിക്ക് പറ്റി.

മധുരമല്ലാത്ത കോലുമിഠായി

അരുണ്‍ വിശ്വം സംവിധാനം ചെയ്ത കോലുമിഠായില്‍ എനിക്ക് വലിയ പ്രശ്‌നങ്ങളുണ്ടായി. അഭിനയിക്കാന്‍ എത്തിയപ്പോള്‍ പ്രതിഫലം സിനിമ തീരുമ്പോള്‍ തരാമെന്നായിരുന്നു നിര്‍മാതാവ്  ആദ്യം പറഞ്ഞിരുന്നത്. തുടക്കത്തില്‍ ഫ്രീ എന്നുള്ള ഒരു എഗ്രിമെന്‍റ് അവര്‍ വച്ചിരുന്നു. അതുകൊണ്ട് തന്നെ ഷൂട്ടിംഗ് പകുതിയായപ്പോള്‍ വീണ്ടും ഒരു എഗ്രിമെന്‍റ് വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തുടക്കത്തിലുള്ള എഗ്രിമെന്‍റ് വെറുതെ വച്ചതെന്നായിരുന്നു അവരുടെ വാദം. സിനിമ ചിത്രീകരണം കഴിഞ്ഞപ്പോള്‍  റിലീസിന്‍റെ സമയത്ത് പ്രതിഫലം തരാമെന്നായി. റിലീസിന്‍റെ സമയമായപ്പോള്‍ വീണ്ടും ചോദിച്ചു. പിന്നീട് പറഞ്ഞു ഞങ്ങള്‍ക്ക് ഒരുമാസം സമയം വേണമെന്ന്. പിന്നീട് വിളിക്കുമ്പോള്‍ അവര്‍ ഫോണെടുക്കാതെയായി. പിന്നെ ആ ബന്ധം പോലും ഇല്ലാതാവുകയായിരുന്നു. പിന്നീടാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇതു വെളിപ്പെടുത്തിയത്. എന്‍റെ അവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാവരുത്. എന്നാല്‍ ഇന്നുവരെ ആ സിനിമയില്‍ അഭിനയിച്ചതിന്‍റെ പ്രതിഫലം എനിക്ക് കിട്ടിയിട്ടില്ല.അഭിജിത്ത് അശോകാണ് അതിന്റെ നിര്‍മാതാവ്.

പിന്നീട് സിനിമ തഴയപ്പെട്ടോ? 

 അതിന് ശേഷം ഒന്നര വര്‍ഷം എനിക്ക് സിനിമകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആ ഇടവേള എനിക്ക് ഒരിക്കലും വിഷമം ഉണ്ടായിരുന്നില്ല. ഞാന്‍ എപ്പോഴും ശക്തമായിട്ട് തന്നെയാണ് പറഞ്ഞിരുന്നത്. ശരിയായിട്ടുള്ള കാര്യം തന്നെയാണ് പറഞ്ഞത്. അതിന് ശേഷമുള്ള തിരിച്ചുവരവാണ് ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമ. 

സ്‌കൂള്‍, പഠിത്തം

എട്ടാം ക്ലാസിലാണ്  ഇപ്പോള്‍ പഠിക്കുന്നത്. പള്ളുരുത്തി സെന്‍റ് അലോഷ്യസ് കോണ്‍വെന്‍റ് ഹൈസ്‌കൂളിലാണ് പഠിക്കുന്നത്. എല്‍ കെ ജി മുതല്‍ ഇവിടെ തന്നെയാണ് പഠിക്കുന്നത്. സ്‌കൂളില്‍ നല്ല സപ്പോര്‍ട്ടാണ്. ഷൂട്ടിനൊക്കെ പോകുമ്പോള്‍ അധ്യാപകരും കൂട്ടുകാരും സഹായിക്കും. അത്യാവശ്യം നോട്ട്‌സൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കും.  വലുതാവുമ്പോള്‍ നേവല്‍ ഓഫീസറാവാനാണ് എനിക്ക് ആഗ്രഹം.

സിനിമയിലേക്കുള്ള എന്‍ട്രി

 ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. അതിന് മുമ്പ് ഞാന്‍ മോഡലിംഗ് ചെയ്തിട്ടുണ്ട്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മങ്കിപെന്‍ ചെയ്യുന്നത്. അതില്‍ ജുഗ്രു എന്ന കഥാപാത്രമാണ് ഞാന്‍ അവതരിപ്പിച്ചിരുന്നത്. മങ്കിപെന്നിന്‍റെ ഓഡിയേഷനില്‍ പങ്കെടുത്തു. അതില്‍ എന്നെ തിരഞ്ഞെടുത്തു. ഇപ്പോള്‍ 36 സിനിമ ഞാന്‍ ചെയ്തു. സിനിമയ്ക്ക് പുറമെ ലാഫിംഗ് വില്ലയില്‍ ഇപ്പോള്‍ പ്രോഗ്രാം ചെയ്യുന്നുണ്ട്. അവിടെ എത്തുന്ന കുട്ടികള്‍ക്ക് അവരവരുടെ കഴിവ് തെളിക്കാനുള്ള ഒരു വേദികൂടിയാണ്. മീനാക്ഷി, ആദിഷ് എന്നിവരാണ് ആര്‍ട്ടിസ്റ്റുകളുണ്ട്. പുതിയ കുട്ടികള്‍ക്ക് നല്ലൊരു വേദിയാണ്. ഇപ്പോള്‍ കുറേ കഥകളൊക്കെ കേട്ടിട്ടുണ്ട്. ഒന്നും തീരുമാനിച്ചിട്ടില്ല. 

 ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍

 ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ വളരെ സന്തോഷം തോന്നി. ദൈവം എന്‍റെ കൂടെ ഉണ്ടെന്ന് തോന്നി. അത്രയും ആളുകള്‍ മത്സരിക്കാന്‍ ഉണ്ടായിരിക്കെ എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ അത്രയും സന്തോഷം തോന്നി. സംസ്ഥാന അവാര്‍ഡില്‍ എനിക്ക് കുറച്ച് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ദേശീയ അവാര്‍ഡ് അപ്രതീക്ഷിതമായി ലഭിച്ചതാണ്. ടെന്‍ഷന്‍ ഉണ്ടായിരുന്നു. രണ്ടും ഒരുമിച്ച് കിട്ടിയപ്പോള്‍ സന്തോഷമായിരുന്നു.

Follow Us:
Download App:
  • android
  • ios