Asianet News MalayalamAsianet News Malayalam

പൂമരം ലൈവാക്കിയ ട്രോളര്‍മാര്‍ക്ക് നന്ദി: കാളിദാസ് ജയറാം

ട്രോളര്‍മാരോട് നന്ദി പറയുന്നു

interview with kalidas jayaram

സി.വി.സിനിയ

കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പുവിന്റെയും എന്നീ സിനിമകളില്‍ ഓടിച്ചാടി നടന്ന  ആ കുട്ടിക്കുറുമ്പന്‍ മലയാളി മനസ്സില്‍ ഇന്നുമുണ്ട്... ജനമനസ്സ് കീഴടക്കി മുങ്ങിയ ആ ബാലനെ ഒരിക്കല്‍ കൂടി കാണാന്‍ ആളുകള്‍ കൊതിച്ചെങ്കിലും പിന്നീട് എവിടെയും അവനെ കണ്ടിരുന്നില്ല. ഇപ്പോഴിതാ പൂമരത്തിന്റെ കപ്പലില്‍ എബ്രിഡ് ഷൈനോടൊപ്പം പടവെട്ടാനൊരുങ്ങി മലയാളക്കരയിലെത്തിയിരിക്കുകയാണ്.. ഓമനത്വം തുളുമ്പുന്ന അവന്‍ തന്നെ കാളിദാസന്‍..

മലയാളത്തില്‍ ആദ്യമായി നായകനാകുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുന്ന സന്തോഷവും അന്നത്തെ നിറമുള്ള ഓര്‍മകളും ഉള്ളിലൊതുക്കി കണ്ണന്‍ പറഞ്ഞു തുടങ്ങി... ടെന്‍ഷനുണ്ട് മലയാളത്തിലെ ആദ്യ സിനിമയാണ് എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം..

ഒരുപാട് ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് പൂമരം റിലീസിനെത്തിയിരിക്കുന്നത് എന്ത് തോന്നുന്നു?


 ഒത്തിരി ദിവസം കാത്തിരിക്കേണ്ടി വന്നു പൂമരം റിലീസിനെത്താന്‍. സത്യത്തില്‍ വളരെയധികം സന്തോഷം തോന്നുന്നു. അതോടൊപ്പം നല്ല ടെന്‍ഷനുമുണ്ട് ഇനിയെല്ലാം പ്രേക്ഷകരുടെ കൈയ്യിലാണ്. സിനിമ കണ്ട് അവരാണ് വിലയിരുത്തേണ്ടത്. ക്യാംപസ് പശ്ചാത്തലമാണ് സിനിമ പറയുന്നത്. അവിടെ നടക്കുന്ന കലോത്സവവും അതിനെ ചുറ്റിപ്പറ്റിയുമാണ് കഥ വികസിക്കുന്നത്. അത് റിയലിസ്റ്റിക്കായി തന്നെയാണ് എടുത്തിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം  മാറ്റം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ആ ഒരുമാറ്റം ഈ ചിത്രത്തിലും കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം.

interview with kalidas jayaram

 പൂമരം തിരഞ്ഞെടുത്തതിന് പിന്നില്‍?

 പൂമരം എന്തുകൊണ്ടും എന്റെ ഈ പ്രായത്തില്‍ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. എബ്രിഡ് ഷൈനോടൊപ്പം സിനിമ ചെയ്യുന്നത് എനിക്ക് കിട്ടാവുന്ന നല്ല ഓപ്പണിംഗ് ആണ്. മികച്ച സിനിമകള്‍ സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹം. ഈ ചിത്രത്തില്‍ ഒട്ടേറെ പുതുമുഖ താരങ്ങളുണ്ട്. എല്ലാവരും നല്ല കഴിവുള്ളവരാണ്. അവരൊക്കെ നന്നായി ചെയ്തിട്ടുണ്ട്. 

 എന്തുകൊണ്ടാണ് പൂമരം ഇത്രയും വൈകാന്‍ കാരണം? റിലീസ് തിയതി പ്രഖ്യാപിച്ചിട്ടും വീണ്ടും മാറ്റിയല്ലോ?

 പൂമരം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഇതിലെ പാട്ടുകള്‍ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും അത്രത്തോളം വലുതായിരിക്കും.  അതിനാല്‍ ചിത്രം മികച്ചതാക്കണം. മാത്രമല്ല സംവിധായകന്‍ എബ്രിഡ് ഷൈന്‍ ചേട്ടന്‍ അത്രയും ചെറിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് ഇത് ചെയ്ത് തീര്‍ക്കാന്‍ സമയം വേണമായിരുന്നു. അതുകൊണ്ട് തന്നെയാണ് സിനിമ വൈകിയത്. നമുക്ക് പെട്ടെന്ന് മൂന്ന് മാസം കൊണ്ട് ഒരു  സിനിമ ചെയ്യാം. പക്ഷേ അത് എത്രകാലം പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുമെന്നറിയില്ല.. എന്നിരുന്നാലും ഈ ചിത്രം ഹിറ്റാവുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷേ മികച്ചതാക്കാന്‍ ഞങ്ങളെല്ലാവരും ശ്രമിച്ചിട്ടുണ്ട്. ഒരു തവണ മാത്രമാണ് പൂമരം പ്രദര്‍ശനത്തിന് എത്തുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നീട് ചില ടെക്‌നിക്കല്‍ കാരണങ്ങളാല്‍ 15 ലേക്ക് മാറ്റുകയായിരുന്നു.

interview with kalidas jayaram

 ബാലതാരത്തില്‍ നിന്ന്  നായകനിലേക്ക് എത്തിയപ്പോള്‍ അച്ഛനും അമ്മയും  ഉപദേശം നല്‍കിയിരുന്നോ?

ഞാന്‍ സിനിമാ കുടുംബത്തില്‍ നിന്നാണ് വരുന്നതെങ്കിലും സിനിമയെ കുറിച്ച് ഞങ്ങള്‍ വീട്ടില്‍ സംസാരിക്കാറില്ല. മറ്റ് എന്തെങ്കിലും കാര്യങ്ങളൊക്കെയാണ് സംസാരിക്കുന്നത്. നായകനായി സിനിമയിലേക്ക് എത്തുമ്പോള്‍ അച്ഛനും അമ്മയും ഉപദേശമായിട്ട് ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ നിന്റെ കരിയറാണ് അത് നീയാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞിരുന്നു. അവര്‍ എപ്പോഴും നല്ല സപ്പോര്‍ട്ടാണ്. എന്ത് ചെയ്താലും സന്തോഷത്തോടെ ചെയ്യണമെന്നാണ് എപ്പോഴും പറയുന്നത്. അനിയത്തി ചക്കിയും കട്ട സപ്പോര്‍ട്ടാണ്. അവളിപ്പോള്‍ ലണ്ടനിലാണ്. അവിടെ സിനിമ റിലീസ് ഇല്ല.  അവള്‍ക്ക് സിനിമ കാണാന്‍ കഴിയാത്തത്തിന്റെ നല്ല വിഷമമുണ്ട്.


പൂമരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ ഒട്ടേറെ ട്രോളുകള്‍ വന്നു അതിനെ എങ്ങനെ കാണുന്നു? ട്രോളുകള്‍ വന്നപ്പോള്‍ വിഷമം തോന്നിയോ?

 ട്രോളുകള്‍ വന്നപ്പോള്‍ ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. പിന്നെ എല്ലാ നല്ലരീതിയിലാണ് ഞാന്‍ എടുത്തത്.  കുറേ ട്രോളൊക്കെ ഞാന്‍ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.  അതൊക്കെ വലിയ രസമായിരുന്നു. സത്യത്തില്‍ ഞാന്‍ അവരോട് ഇപ്പോള്‍ നന്ദി പറയുകയാണ്. അവരാണ് ഇത് ഇത്രത്തോളം പബ്ലിസിറ്റി കൊടുത്ത് ലൈവാക്കി നിര്‍ത്തിയത്. പിന്നെ വിമര്‍ശിക്കാനൊക്കെ അവര്‍ക്ക് അവകാശമുണ്ട്. കാരണം അവരാണ് തിയേറ്ററില്‍ പോയി സിനിമ കാണുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് വിമര്‍ശിക്കാനും അവകാശമുണ്ട്.

 പൂമരത്തിന്റെ ചിത്രീകരണത്തിനിടയില്‍ മറക്കാന്‍ പറ്റാത്ത അനുഭവം?

പൂമരം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവം തന്നെയാണ്. എത്ര സിനിമകള്‍ ചെയ്താലും പൂമരം അത്രയും മറക്കാന്‍ പറ്റാത്തതും നാട്ടിലെ പ്രിയപ്പെട്ട സ്ഥലവുമായിരിക്കും അതൊക്കെ. ഇത്രയും കാലം ഒരു കുടുംബം പോലെ യായിരുന്നു ലൊക്കേഷനും അണിയറ പ്രവര്‍ത്തകരും. ഇവിടുത്തെ കോളേജില്‍ പഠിച്ചിറങ്ങിയ ഒരു അനുഭവമാണുള്ളത്. മാത്രമല്ല എനിക്ക് നാട്ടിലുള്ള കോളേജില്‍ പഠിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അത് ഈ ചിത്രത്തിലൂടെ സാധിച്ചു.

 സിനിമ തിരഞ്ഞെടുക്കുന്നത് കാളിദാസ് തന്നെയാണോ? അച്ഛനും അമ്മയും സഹായിക്കാറുണ്ടോ?

 ഞാന്‍ തന്നെയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. ഞാനല്ലേ അഭിനയിക്കുന്നത്. അച്ഛന്റെയും അമ്മയുടേയും ഇഷ്ടങ്ങള്‍ വ്യത്യസ്തമായിരിക്കും. നമ്മള്‍ ചെയ്യുന്ന സിനിമയ്ക്ക് ചെയ്യുന്നവര്‍ തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നാണ് എന്റെ വിശ്വാസം. പിന്നെ അച്ഛന്റെയും അമ്മയുടെയും സിനിമകള്‍ ഞാന്‍ കാണാറുണ്ട്. അവര്‍ വലിയ അഭിനേതാക്കളാണ്. അതുകൊണ്ട് തന്നെ അവരെ നോക്കി പലതും പഠിക്കാനുണ്ടല്ലോ.

 ഏത് തരം സിനിമ ചെയ്യാനാണ് ആഗ്രഹം?

 എല്ലാതരം സിനിമകളും ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. ആക്ഷന്‍ സിനിമകളും ഇഷ്ടമാണ്. പക്ഷേ എന്നെകൊണ്ട് ചെയ്യാന്‍ കഴിയുന്ന സിനിമകള്‍ മാത്രം തിരഞ്ഞെടുക്കുകയുള്ളു. ഇന്നത്തെ കാലത്ത് റിയലിസ്റ്റിക് ആയ സിനിമകളാണ് കൂടുതലായും വരുന്നത്. അത്തരത്തിലുള്ള നല്ല സിനിമകള്‍ ചെയ്യണമെന്നുണ്ട്.  പിന്നെ കുറേകാലം സിനിമയില്‍ നില്‍ക്കം. അതില്‍ നല്ല സിനിമകള്‍ ചെയ്യണം. പെട്ടെന്ന് ഒരു വര്‍ഷത്തിനുള്ള ഒരുപാട് സിനിമകള്‍ ചെയ്യുന്നതിനോട് എനിക്ക് താല്‍പര്യമില്ല. നല്ല സിനിമകള്‍ ചെയ്യണമെന്നാണ്. തിരിഞ്ഞ് നോക്കുമ്പോള്‍ മോശമായിട്ടുള്ള തീരുമാനം എടുത്തെന്ന് തോന്നരുത്. 

പുതിയ പ്രൊജക്ടുകള്‍ ഏതൊക്കെയാണ്?

 അല്‍ഫോന്‍സ് പുത്രന്റെ  ഒരു തമിഴ്‌സിനിമയാണ് അടുത്തത്. എനിക്ക് പ്രതീക്ഷയുള്ള സിനിമയാണത്. തമിഴില്‍  ഒരു പക്കെ കഥൈ എന്ന ഒരു സിനിമ കൂടി പ്രദര്‍ശനത്തിന് എത്താനുണ്ട്. അത് ഈ വര്‍ഷത്തിനുള്ളില്‍ തന്നെ എത്തുമെന്നാണ് എന്റെ പ്രതീക്ഷ.

പ്രണയം പൂത്തുതുടങ്ങിയോ?

 ഇപ്പോള്‍  എന്റെ പ്രണയം സിനിമയോടാണ്. അല്ലാത്തതായി ഇപ്പോള്‍ ഒന്നും നോക്കിയില്ല. പക്ഷേ ഏതൊരു ആണിനും തോന്നത് പോലെ എനിക്കും ആഗ്രഹമുണ്ട്. 
 ഞാനും ഞാനുമെന്റാളും എന്ന പാട്ട് പതിയെ പാടി തന്റെ നിറമുള്ള സ്വപ്‌നങ്ങളെ ഓര്‍ത്തുകൊണ്ട് ഒരു പുഞ്ചിരിയോടെ കാളിദാസന്‍  പറഞ്ഞു അങ്ങനെ ആരെയെങ്കിലുമൊക്കെ കാണുകയാണെങ്കില്‍ രസമായിരിക്കും അല്ലേ...

 


 

Follow Us:
Download App:
  • android
  • ios