പരോളിന് പിന്നില്‍ ഒരു ജയില്‍ വാര്‍ഡന്‍

First Published 30, Mar 2018, 10:49 AM IST
interview with parol movie script writer ajith poojappura
Highlights

തിരക്കഥാകൃത്ത് അജിത് പൂജപ്പുരയുമായി സി.വി. സിനിയ നടത്തിയ അഭിമുഖം

സി.വി.സിനിയ

തടവറകളിലെ ജീവിതങ്ങള്‍ വിഷയമാക്കി സിനിമകള്‍ വരുന്നത് മലയാളത്തില്‍ പുതുമയുള്ള കാര്യമല്ല. മതിലുകള്‍, യാത്ര, സദയം, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ ... അങ്ങനെ നീളുന്നു ആ പട്ടിക. എന്നാല്‍ ഈ ചിത്രങ്ങളുടെയൊക്കെ തിരക്കഥ ഒരുക്കിയത് മലയാളത്തിലെ വലിയ എഴുത്തുകാരോ അല്ലെങ്കില്‍ പ്രശസ്തരായ തിരക്കഥാകൃത്തുക്കളോ ആയിരുന്നു. എന്നാല്‍ ജയിലിന്റെ ഭാഗമായിട്ടുള്ള ഒരാള്‍ ഒരു ജയില്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയാലോ? അതാണ് മമ്മൂട്ടി നായകനാകുന്ന പരോള്‍ എന്ന ചിത്രം. ഒരു തടവുകാരന്റെ ജീവിതം പറയുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മറ്റാരുമല്ല തിരുവനന്തപുരം സ്വദേശിയായ ഒരു ജയില്‍ വാര്‍ഡന്‍. അജിത് പൂജപ്പുര. പരോള്‍  റിലീസിനൊരുങ്ങുമ്പോള്‍ ഈ ചിത്രത്തിന്റെ  കഥ വന്ന വഴികളെ കുറിച്ച് തിരക്കഥാകൃത്ത് അജിത്ത് പൂജപ്പുര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് തുറന്ന് പറയുന്നു.

പരോള്‍ എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍?

 ദൃശ്യഭംഗി കൊണ്ടും അവതരണ മികവുകൊണ്ടും മനോഹരമായ സിനിമയായിരിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. മമ്മൂക്കയുടെ അഭിനയവും കൂടി ചേര്‍ന്നപ്പോള്‍ അതിന്റെ ഭംഗി ഇരട്ടിച്ചു. പരോള്‍ പ്രേക്ഷകര്‍ക്ക് ഒരു ഗിഫ്റ്റ് ആയിരിക്കും. ബാഹുബലിയിലെ കാലകേയനായി വേഷമിട്ട പ്രഭാകറും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമാണിത്. കമ്മ്യൂണിസ്റ്റുകാരനും കര്‍ഷകനുമായ അലക്‌സി (മമ്മൂട്ടി) ന്റെ ജീവിതത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിതമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 
ലാലു അലക്‌സ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, അശ്വിന്‍ കുമാര്‍, കലാശാര ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ  മറ്റ് അഭിനേതാക്കള്‍. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍. സെഞ്ച്വറി ഫിലിംസ് ബാനറിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

പരോളിന്റെ പ്രത്യേകതകള്‍?

 പരോള്‍ ഒരു കുറ്റവാളിയുടെ കഥയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ നമുക്ക് അറിയാം. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ്  അണിയിച്ചൊരുക്കിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒരാളുടെ കഥയാണിത്. ഒരു സമ്പൂര്‍ണ കുടുംബ ചിത്രം. മമ്മൂക്ക നായകനായ 'യാത്ര' സിനിമ ബാംഗ്ലൂരിലെ ഫ്രീഡം ജയിലാണ് ചിത്രീകരിച്ചിരുന്നത്. അതേ ജയിലിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം  വീണ്ടും തടവുകാരനായി മമ്മൂക്ക എത്തുന്നുവെന്നതും ഏറെ പ്രത്യേകതയുള്ള കാര്യമാണ്. ഇതിന്റെ പകുതി ഭാഗം ജയിലിലും പകുതി ഭാഗം പുറത്തുമാണ് ചിത്രീകരിച്ചത്. ബാംഗ്ലൂര്‍, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ആന്റണി ഡിക്രൂസ് ആണ് ഇതിന്റെ നിര്‍മാതാവ്. ശരത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരോളിലെ ഗാനവും ട്രെയിലറും നേരത്തെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണെന്ന് എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു.
 
പരോള്‍ എന്ന  ചിത്രത്തിന്റെ കഥ വന്ന വഴികളെ കുറിച്ച് പറയാമോ? 

ഞാന്‍ അഞ്ചു വര്‍ഷത്തോളം ജയില്‍ വാര്‍ഡനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലും തിരുവനന്തപുരം ജില്ലാ ജയിലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ജയിലില്‍ വാര്‍ഡനായി കഴിഞ്ഞിരുന്ന സമയത്ത് ഓരോ ദിവസവും ഓരോ ബ്ലോക്കിലായിരിക്കും ഡ്യൂട്ടി ഉണ്ടാവുന്നത്. അവിടെയുള്ള ഓരോ ആളുകളും പലപ്പോഴും എന്റെ മനസ്സില്‍ ഓരോ കഥാപാത്രങ്ങളാവാറുണ്ട്. അതില്‍ ഒരാള്‍ എന്റെ നായകനായിരുന്നു. അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ പെരുമാറ്റവും പുഞ്ചിരിയോടുകൂടിയുള്ള സംസാരവും എന്നെ ആകര്‍ഷിച്ചിരുന്നു.  ഒരു ദിവസം അയാള്‍ ചിരിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയില്‍ അയാളുടെ കണ്ണുകള്‍ ഈറനണിയുന്നത് ഞാന്‍ കണ്ടു. അന്ന് എനിക്ക് മനസ്സിലായി. ഇയാള്‍ ചിരിച്ചുകൊണ്ട് കരയുന്ന ഒരു വ്യക്തിയാണെന്ന്. അന്നാണ് എന്റെ മനസ്സില്‍ പരോള്‍ ജനിക്കുന്നത്. തടവറയിലെ ചുവരില്‍ ചാരിയിരുന്ന് പുറത്തെ വെളിച്ചം സ്വപ്‌നം കാണുന്ന വ്യക്തിയായിരുന്നു അത്. 

മലയാളത്തില്‍ മുമ്പ് ഇറങ്ങിയ മറ്റ് ജയില്‍ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പരോളിനെ വ്യത്യസ്തമാക്കുന്നത് എന്താണ്?

 മലയാള സിനിമയ്ക്ക് ഒരു വസന്ത കാലമുണ്ടായിരുന്നു. ഇന്നുമുണ്ട്. പക്ഷേ പരോള്‍ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെ മനസ്സിലും ഇതിലെ കഥാപാത്രങ്ങള്‍ ഒരു നൊമ്പരമായി അവശേഷിക്കും. സിനിമയുടെ വസന്തകാലത്തെ തന്നെയാണ് ഇതിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഈ സിനിമയ്ക്കായി എനിക്ക് മമ്മൂക്ക എന്ന കഥാപാത്രത്തെ മാത്രമേ  സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നുള്ളു.  അദ്ദേഹം എത്രമാത്രം ഈ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന് ഓരോ പ്രേക്ഷകനും കാണാം. 

എപ്പോഴാണ് പരോള്‍ എന്ന കഥ സിനിമയാക്കണമെന്ന് ചിന്തിച്ചത്?

 പരോള്‍ ഒരു കഥയായിട്ട് തന്നെയാണ് ഞാന്‍ ആദ്യം പൂര്‍ത്തിയാക്കിയത്. അത് ഓണ്‍ലൈന്‍ വഴി പ്രസിദ്ധീകരിച്ചിരുന്നു. പിന്നീടാണ് ഇത് എന്തുകൊണ്ട് ഒരു സിനിമയാക്കികൂടായെന്ന് ചിന്തിച്ചത്. അങ്ങനെയാണ് തിരക്കഥ എഴുതി തുടങ്ങിയത്. 

 ഈ ചിത്രവുമായി ബന്ധപ്പെട്ട മറക്കാനാവാത്ത അനുഭവം?

ശരത് സന്ദിത് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഞാന്‍ അദ്ദേഹത്തിന് നല്‍കിയ തിരക്കഥയുടെ 10 മടങ്ങ് മനോഹരമാക്കിയാണ് അദ്ദേഹം എനിക്ക് തിരിച്ച് തന്നിട്ടുള്ളത്. മമ്മൂക്കയുടെ  അഭിനയം കൂടി ചേര്‍ന്നപ്പോള്‍ അത് കൂടുതല്‍ മനോഹരമാകുകയായിരുന്നു. ഇത് മാത്രമല്ല മമ്മൂക്കയുടെ അഭിനയം കണ്ടപ്പോള്‍ ചിത്രീകരണ സമയത്ത് കണ്ണുനിറഞ്ഞുപോയ സംഭവങ്ങളും കാണികള്‍ കയ്യടിച്ച മുഹൂര്‍ത്തവും ഉണ്ടായിട്ടുണ്ട്. അതൊന്നും എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.

ശരത് സന്ദിത് എന്ന സംവിധായകനെ കുറിച്ച്?

ശരത് മനോഹരമായ ഒരുപാട് പരസ്യങ്ങള്‍ ചെയ്ത വ്യക്തിയാണ്. എന്റെ  സഹോദരനാണ് സംവിധായകന്‍ ജൂഡിനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ സഹോദരന്‍ ആന്റണി ഡിക്രൂസ് ആണ് ഇതിന്റെ നിര്‍മാതാവ്. അവര്‍ ഈ കഥ കേള്‍ക്കുകയും പിന്നീട് അവര്‍ വഴി ശരത്തിലേക്ക് എത്തുകയുമായിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ ശരത്തിന് ഇഷ്ടമായി. അങ്ങനെ ഈ സിനിമ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

സിനിമ എന്നും  താങ്കള്‍ക്ക് സ്വപ്‌നമായിരുന്നോ?

 അഞ്ചുവര്‍ഷത്തോളം ഞാന്‍ ജയില്‍ വാര്‍ഡനായി സേവനമനുഷ്ടിച്ചു. അപ്പോഴും  സിനിമ എന്റെ സ്വപ്‌നമായിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് ജയില്‍ വാര്‍ഡന്‍ എന്ന എന്റെ തൊഴില്‍ ഉപേക്ഷിച്ചത്. ഇപ്പോള്‍ 'പരോള്‍' എന്ന സിനിമ സാക്ഷാത്കരിക്കാന്‍ പോകുകയാണ് അതിനേക്കാള്‍ വലിയ സന്തോഷം ഇപ്പോള്‍ എനിക്ക് വേറൊന്നുമില്ല. ജയില്‍ വാര്‍ഡനായിരിക്കെ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അതില്‍ ജയില്‍ ജീവനക്കാര്‍ തന്നെയാണ് അതില്‍ കഥാപാത്രങ്ങളായിട്ടുള്ളത്.  അതിന് ശേഷം 'അങ്ങനെ തന്നെ നേതാവെ അഞ്ചെട്ടണ്ണം പിന്നാലെ' എന്ന സിനിമ ചെയ്യുന്നത്. അതില്‍ മീരാ നന്ദനും നരേനൊക്കെയാണ് കേന്ദ്രകഥാപാത്രമായിരുന്നത്. അതിന് ശേഷമാണ് പരോളിലേക്ക് വരുന്നത്. പരോളിന്റെ  തിരക്കഥ പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷമെടുത്തു. 

 ഏത് തരം സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം?

 എപ്പോഴും കാമ്പുള്ള സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. എല്ലാതരം സിനിമകള്‍ ചെയ്യണമെന്നും ആഗ്രഹമുണ്ട്. പക്ഷേ അത് മികച്ചതായിരിക്കണമെന്ന് തന്നെയാണ് എന്റെ സ്വപ്‌നവും ആഗ്രഹവും. 

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന് മികച്ച ഒരു സിനിമ ലഭിക്കാന്‍ പോകുന്നുവെന്ന് ശുഭപ്രതീക്ഷയോടെ പറഞ്ഞുകൊണ്ട് അജിത്ത് പൂജപ്പുര തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചു.


 

loader