മലയാള സിനിമ മേഖലിയില്‍ അടുത്തിടെ നടന്ന സംഭവമാണോ ഇര എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്

സി.വി.സിനിയ

സൂപ്പര്‍ഹിറ്റുകളുടെ സൃഷ്ടാക്കളായ ഉദയകൃഷ്ണയും വൈശാഖും ചേര്‍ന്ന് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ഇര. ഈ ചിത്രത്തിന്റെ പേര് കേട്ടതുമുതല്‍ പ്രേക്ഷകര്‍ അക്ഷമരായി ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. സസ്‌പെന്‍സ് ത്രില്ലറായി അണിച്ചൊരുക്കുന്ന ചിത്രം വലിയ സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കികൊണ്ടാണ് തിയേറ്ററുകളില്‍ എത്തുന്നത്. പേര് പോലെ തന്നെ ആരാണ് ഇര ആരുടെ കഥയാണ് ഇര എന്ന് പ്രേക്ഷകരുടെ ഉള്ളില്‍ ഉയര്‍ന്ന് വന്ന ചോദ്യമായിരുന്നു. അതിന് ഉത്തരവുമായാണ് ഇപ്പോല്‍ ഉണ്ണിമുകുന്ദന്‍ എത്തിയിരിക്കുന്നത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ ഉണ്ണി മുകുന്ദന്‍ പങ്കുവയ്ക്കുന്നു.

 എന്താണ് ഇര? ഇതൊരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയാണോ സിനിമ നിര്‍മിച്ചിരിക്കുന്നത്?

ഒരു റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം പറയുന്നത്. ഒരു ഇമോഷണല്‍ ചിത്രം കൂടിയാണ്. കുറേ സംഭവവികാസങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ചിത്രം. കുടുംബത്തോടെ കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.. ഞാനിതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയും കഥാപാത്രവുമാണ് ഇതില്‍ അവതരിപ്പിക്കുന്നത്. എസ് .പി.രാജീവ് എന്നാണ് കഥാപാത്രമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ട്രെയിലറും നേരത്തെ തന്നെ ഹിറ്റായിരുന്നു. ഇത്തരം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്.

ഹിറ്റ് സിനിമകള്‍ തീര്‍ത്ത വൈശാഖ് ഉദയകൃഷ്ണ ടീം ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത് എന്ത് തോന്നുന്നു?

 വൈശാഖ് , ഉദയകൃഷ്ണ ചേട്ടന്റെയും ആദ്യ നിര്‍മാണ ചിത്രം എന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം 'ഇര' 'മല്ലുസിംഗിന്റെ' ഒരു ഫാമിലി ഗെറ്റുഗദര്‍ പോലെയുണ്ട്. മിക്കവരുമായി നേരത്തെ തന്നെ പരിചയമുള്ളവരാണ്. മല്ലുസിംഗ് എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചവരാണ്. വൈശാഖ്, ഉദയകൃഷ്ണ ചേട്ടനും എന്നെ തന്നെ നായകനാക്കിയതില്‍ സന്തോഷമുണ്ട്. ഇര നല്ലൊരു ചിത്രം തന്നെയായിരിക്കും. സൈജു എസ്. എസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. നവീണ്‍ ജോണ്‍ ആണ് ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എല്ലാത്തരത്തിലും നല്ല ചിത്രമാവും ഇര.

ഗോകുല്‍ സുരേഷുമായി രണ്ടാമത്തെ സിനിമയാണല്ലോ?

മാസ്റ്റര്‍പീസിലാണ് ഞാനും ഗോകുലും ഒരുമിച്ചെത്തുന്നത്. സംസാരിക്കാനൊക്കെ വളരെ രസം തോന്നുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സുരേഷ് ഗോപി എന്ന വലിയ നടന്റെ മകനാണെന്ന ഇമേജൊന്നും ഗോകുലിന് ഇല്ല.. ഗോകുലുമായി സിനിമ ചെയ്യാന്‍ വളരെ ഈസിയായിരുന്നു. അത്രയും നമ്മളോട് അടുത്ത് ഇടപെഴകുന്ന വ്യക്തിത്വമാണ്. എങ്കില്‍ പോലും എനിക്ക് ഗോകുലിനെ സുപ്പര്‍സ്റ്റാറിന്റെ മകന്‍ എന്ന രീതിയില്‍ തന്നെ മാത്രമേ അവനെ കാണാന്‍ കഴിയുകയുള്ളു. 

 ഇപ്പോള്‍ വ്യത്യസ്ത വേഷങ്ങളിലൂടെയുള്ള സഞ്ചാരമാണല്ലോ?

 എന്നെ സംബന്ധിച്ചിടത്തോളം 2017 വര്‍ഷം നല്ലവര്‍ഷമായിരുന്നു എനിക്ക് നല്ല സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു. അഭിനയത്തിന് പുറമെ പാട്ട് പാടാനും എഴുതാനും കഴിഞ്ഞു. മറ്റ് സിനിമകളില്‍ നിന്ന് 'മാസ്റ്റര്‍പീസ്' ജനമനസ്സുകളുടെ ഇടയില്‍ കുറച്ച് കൂടി ശ്രദ്ധ നേടി. അതില്‍ വില്ലന്‍ കഥാപാത്രമാണ് ചെയ്തത്. എന്നെ അറിഞ്ഞുകൊണ്ടാണ് ആ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമൊക്കെ ആ കഥാപാത്രത്തെ എന്നെ ഏല്‍പ്പിക്കുന്നത്. അതില്‍ സന്തോഷം തോന്നുന്നു. അതുപോലെ തന്നെയാണ് 'അച്ചായന്‍സും'. അന്ന് കണ്ണന്‍ താമരക്കുളത്തോടൊപ്പം അച്ചായന്‍സില്‍ സിനിമ ചെയ്യാന്‍ കഴിഞ്ഞു. എന്റെ അടുത്ത ചിത്രവും അദ്ദേഹത്തൊടൊപ്പമാണ്. 'ചാണക്യതന്ത്രം'. അതിലും അഭിനയത്തിന് പുറമെ ഞാന്‍ പാട്ട് പാടിയിട്ടുണ്ട്. എല്ലാത്തരത്തിലും നല്ല വര്‍ഷമായിരുന്നു.

 കഥാപാത്രം തിരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും മാനദണ്ഡം സ്വീകരിക്കാറുണ്ടോ?

 കഥയും കഥാപാത്രവും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ആ കഥയില്‍ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോയെന്നാണ് ശ്രദ്ധിക്കുന്നത്. പിന്നെ എല്ലാം ടീമിന്റെ സപ്പോര്‍ട്ടും കൂടിയാണ്. എല്ലാത്തരം സിനിമകളും ചെയ്യണമെന്നും എനിക്ക് ആഗ്രഹമുണ്ട്.

 മലയാളത്തിന് പുറമെ ഇനി അന്യഭാഷ ചിത്രങ്ങളിലും സജീവമാകുമോ?

 അനുഷ്‌കയ്‌ക്കൊപ്പം ചെയ്ത ചിത്രം 'ഭാഗമതി' നല്ല പ്രതികരണമാണ് നേടിയത്. അന്യഭാഷയിലും ചെയ്യണമെന്നുണ്ട്. ഭാഗമതിയിലേത് പോലെ ഒരു കഥാപാത്രം മലയാളത്തിലേത്ത് വരികയാണെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ട്. കാരണം നമ്മള്‍ എപ്പോഴും കാണുന്നത് നായകന്റെ പ്രശ്‌നങ്ങളും അവനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ്. ഈ ചിത്രത്തിലെ കഥാപാത്രം ജനകീയ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങളാക്കിയ നായകനാണ്.

 അഭിനയത്തില്‍ നിന്ന് പലരും സംവിധാന രംഗത്തേക്ക് വരുന്നവരുണ്ട് അങ്ങനെ പ്രതീക്ഷിക്കാമോ?

 എല്ലാം ചെയ്യണമെന്ന് ആഗ്രഹിച്ചാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. സിനിമയെ കുറിച്ച് അറിയുന്നതും പഠിക്കുന്നതും ഈ മേഖലയില്‍ എത്തിയതിന് ശേഷമാണ്. എന്റെ എനര്‍ജി പോകുന്നതിന് മുന്‍പ് എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. അതിനായുള്ള ശ്രമം നടത്തുന്നു.

ഇപ്പോള്‍ ഏഴ് വര്‍ഷമായില്ലേ, കരിയറില്‍ സന്തോഷവാനാണോ?
 കരിയറില്‍ ഞാന്‍ സന്തോഷവാനല്ല. കാരണം സംതൃപ്തി ലഭിക്കുന്ന തരത്തില്‍ എനിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചിട്ടില്ല. കുറേ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ചെയ്യണമെന്നും ആഗ്രഹമുണ്ട്..