ചരിത്രം കുറിക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലന്‍. ആരാണ് വില്ലന്‍ എന്ന ചോദ്യത്തിന്റെ ഉത്തരം തേടി 27ന് ആരാധകര്‍ തിയേറ്റര്‍ കൈയേറാനിരിക്കുമ്പോള്‍ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് നടന്‍ വിശാലിന് ചിത്രത്തെ കുറിച്ചും ലാലേട്ടനെ കുറിച്ചും ചിലത് പറയാനുണ്ട്. 

വില്ലന്‍ വിശേഷങ്ങളുമായി തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിശാല്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെങ്കിലും താന്‍ ലാല്‍ സാറിനോട് ചോദിക്കുന്നു പറയൂ.. ഇപ്പോള്‍ വില്ലന്‍ ഞാനോ നിങ്ങളോ...- ഇതാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദുവെന്ന് വിശാല്‍ പറയുന്നു. മലയാള ഭാഷ കടുകട്ടിയാണെന്നും എല്ലാ മലയാളികളോടും ഇക്കാര്യത്തില്‍ ബഹുമാനമുണ്ട്. ശക്തിവേല്‍ പളനിച്ചാമി എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും വിശാല്‍ വെളിപ്പെടുത്തുന്നു.

ലാലിനൊപ്പമുള്ള അനുഭവം മറക്കാനാകില്ല. ഒരു സീനിയര്‍ നടനാണെന്ന ഭാവമില്ലാത്ത അദ്ദേഹത്തിന്റെ പെരുമാറ്റം ഞങ്ങളെയും ചെറുതാക്കുന്നതാണ്. അദ്ദേഹത്തിന്റെ കണ്ണില്‍ നോക്കി അഭിനയിക്കുക എന്നത്, വരാനിരിക്കുന്ന നിരവധി ചിത്രങ്ങള്‍ക്ക് എനിക്ക് മുതല്‍ക്കൂട്ടാകുന്ന കാര്യമാണെന്നും വിശാല്‍ പറയുന്നു.

സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ മികച്ച പിന്തുണ നല്‍കി. മലയാളം സംഭാഷണങ്ങള്‍ പറയാന്‍ വളരെ സഹായിച്ചു. അദ്ദേഹത്തിന്റെ ക്ഷമ അപാരമാണെന്നും വിശാല്‍ പറഞ്ഞുവയ്ക്കുന്നു.

വില്ലന്റെ വിശേഷങ്ങളും ഷൂട്ടിങ് അനുഭവങ്ങളും ലാലിനൊപ്പമുള്ള ഓരോ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് വിശാല്‍.

വീഡിയോ കാണാം... ( രണ്ടര മിനുട്ടിന് ശേഷം അഭിമുഖം ആരംഭിക്കുന്നു)