ഒരു കൊലപാതകത്തിനു പിന്നാലെ പ്രതിയെ തേടി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണമാണിത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തി ജീവിതവും അന്വേഷണവും പല വഴികളില്‍ സന്ധിക്കുന്നു. ചെറിയ തുമ്പുകള്‍ പിന്തുടര്‍ന്ന് പ്രതിയിലേക്ക് എത്തുന്ന അലക്‌സ് എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ എത്തുന്നത് കുറ്റത്തെയും ശിക്ഷയെയും കുറിച്ചുള്ള വ്യത്യസ്തമായ നിഗമനങ്ങളിലാണ്.
സ്വന്തം ജീവിതാനുഭവങ്ങളാണ് അയാളെ തോല്‍വിയെയും ജയത്തെയും കുറിച്ചുള്ള ആത്മഗതങ്ങളില്‍ എത്തിക്കുന്നത്. ക്രൂരമായ വിധിക്ക് ഇരയാവേണ്ടി വന്ന സ്വന്തം മകളോട് നീതി കാട്ടാന്‍ കഴിഞ്ഞില്ലെന്ന വേദന അയാളെ ശരിതെറ്റുകളുടെ വിചിത്രമായ യുക്തിയിലെത്തിക്കുന്നു. മകളെ ഇരയാക്കിയവരോട് പ്രതികാരം ചെയ്യാന്‍ കഴിയാത്ത തന്റെ ദുര്‍വിധിയുമായാണ് അയാള്‍ ഈ കേസ് അന്വേഷണത്തെ ബന്ധിപ്പിക്കുന്നത്. പെങ്ങളെ കൊന്നവനോട് പ്രതികാരം ചെയ്യുന്ന ഈ കേസിലെ പ്രതിക്കുനേരെ കണ്ണടയ്ക്കുമ്പോള്‍ അയാള്‍ സ്വന്തം വ്യക്തിജീവിതത്തിലെ നിസ്സഹായതയോടാണ് പകരം വീട്ടുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തി ജീവിതവും അന്വേഷണവും പല വഴികളില്‍ സന്ധിക്കുന്നു.
അലക്‌സ് എന്ന പൊലീസ് ഉദ്യോഗസ്ഥനും സഹായിയായ ജയന്തന്‍ എന്ന എസ്‌ഐയുമാണ് പ്രധാനകഥാപാത്രങ്ങള്‍. വിഷ്ണു പ്രേംകുമാറാണ് അലക്‌സ് ആയി വേഷമിടുന്നത്. ഒരു ടിപ്പിക്കല്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മാനറിസങ്ങളുള്ള എസ്.ഐ ജയന്തനായി അബു വളയംകുളം എത്തുന്നു.
സംവിധായകന്‍ വിഷ്ണു ഭരതന്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. സ്്റ്റീവ് ബെഞ്ചമിനാണ് ക്യാമറയും പശ്ചാത്തല സംഗീതവും. എഡിറ്റിംഗ്: സംജിത് മുഹമ്മദ്.

