ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി

പൃഥ്വിരാജിന്‍റെ ആദ്യസംവിധാന സംരംഭമെന്ന നിലയ്ക്ക് പ്രഖ്യാപനസമയത്തുതന്നെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്ടാണ് ലൂസിഫര്‍. പക്ഷേ പല കാരണങ്ങളാല്‍ ഏറെ നീണ്ടുപോയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് രണ്ട് ദിവസം മുന്‍പാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. ഇന്നലെ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കിന് വലിയ പ്രതികരണമാണ് ലഭിച്ചത്. പിന്നാലെ സിനിമയെയും ലൂസിഫര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയും കുറിച്ചുള്ള ഒരു കൗതുകം സസ്പെന്‍സ് കലര്‍ത്തി അവതരിപ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ്. തന്‍റെ സോഷ്യല് മീഡിയ അക്കൗണ്ടുകളിലൂടെ ഒരു പഴയ അംബാസഡര്‍ ലാന്‍ഡ്‍മാസ്റ്റര്‍ കാര്‍ അവതരിപ്പിച്ചിരിക്കുകയാണ് പൃഥ്വി.

ലാന്‍ഡ്‍മാസ്റ്റര്‍ എന്നതിനൊപ്പം 'എല്‍' എന്ന ഹാഷ്‍ടാഗ് മാത്രമാണ് പൃഥ്വി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. എല്‍ എന്ന ഹാഷ്‍ടാഗിലൂടെ ലൂസിഫര്‍ എന്നാണ് പൃഥ്വി ഉദ്ദേശിച്ചിരിക്കുന്നതെന്നും ഇത് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ വാഹനമാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തീരുമാനിച്ചുകഴിഞ്ഞ നിലയിലാണ് ചര്‍ച്ചകള്‍. 

ഒരു കഥാപാത്രത്തിനുള്ള പ്രാധാന്യം തന്നെ ലഭിച്ച വാഹനങ്ങള്‍ മുന്‍പ് പല മോഹന്‍ലാല്‍ ചിത്രങ്ങളിലും വന്നിട്ടുണ്ട്. സ്ഫടികത്തിലെ മൂന്ന് തവണ പേര് മാറുന്ന ലോറിയും ബുള്ളറ്റും ഏയ് ഓട്ടോയിലെ 'സുന്ദരി' ഓട്ടോറിക്ഷയുമൊക്കെ ഉദാഹരണം. 

തിരുവനന്തപുരവും മുംബൈയുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. കുട്ടിക്കാനത്തും ചില ഭാഗങ്ങള്‍ ചിത്രീകരിക്കും. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, സായ്‍കുമാര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു, ബാബുരാജ്, പൗളി വല്‍സന്‍ എന്നിങ്ങനെ വലിയ താരനിരയുണ്ട് മോഹന്‍ലാലിനൊപ്പം. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മാണം.