ഇഷയുടെ പ്രവൃത്തി ഏവരും കൈയ്യടിയോടെ സ്വീകരിക്കുകയാണ്
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഫിറ്റ് ഇന്ത്യ ചലഞ്ചാണ് ഏറ്റവുമധികം ശ്രദ്ധനേടുന്നത്. ആരോഗ്യത്തിന്‍റെ പ്രാധാന്യം വിളിച്ചോതികൊണ്ട് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ് ഫിറ്റ് ഇന്ത്യ ചലഞ്ച് തുടങ്ങിവച്ചത്. മോദിയും കോലിയും മറ്റും ചലഞ്ച് ഏറ്റെടുത്തതോടെ സംഭവം ഹിറ്റായി. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലും ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.
എല്ലാവരും ജിമ്മില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ട് വെല്ലുവിളി നടത്തിയത്. എന്നാല്‍ പ്രമുഖ തെന്നിന്ത്യന്‍ താരം ഇഷാ തല്‍വാര്‍ വ്യത്യസ്തമായ രീതിയില്‍ ചലഞ്ച് നടത്തിയിരിക്കുകയാണ്. തുണികൊണ്ട് നിലം തുടച്ചുകൊണ്ടൊണ് താരം രംഗത്തെത്തിയിരിക്കുന്നത്. നിലം തുടയ്ക്കാനുള്ള നിരവധി സാമഗ്രികള്‍ ഉണ്ടായിട്ടും തുണികൊണ്ട് നിലത്തിരുന്നുള്ള ഇഷയുടെ പ്രവൃത്തി ഏവരും കൈയ്യടിയോടെ സ്വീകരിക്കുകയാണ്.
താരജാഡകളൊന്നുമില്ലാത്ത ഇഷ ചെയ്തുകാട്ടിയതാണ് യഥാര്‍ത്ഥ ഫിറ്റ്നസ് ചലഞ്ചെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ഇഷ പുറത്തുവിട്ട വീഡിയോ ഇതിനകം തരംഗമായിട്ടുണ്ട്.
