റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഇത്തിക്കര പക്കിയായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ഇതിനോടകം തന്നെ സിനിമയുടെ ലൊക്കേഷന്‍ കാഴ്ചകളും ഇത്തിക്കര പക്കിയുടെ ചിത്രവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.
എന്നാല്‍ മോഹന്‍ലാലിന്റെ വസ്ത്രത്തെ കുറിച്ച് ചിലര്‍ വിമര്‍ശിച്ചിരുന്നു. ഇത്തിക്കര പക്കിക്ക് എങ്ങനെ പോര്‍ച്ചുഗീസ് ശൈലിയിലുള്ള വസ്ത്രധാരണം വരുമെന്നും യാതൊരു പഠനവും കൂടാതെ ഒരു ചരിത്ര കഥാപാത്രത്തിന് ഇത്തരമൊരു വേഷം നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്ക് ചരിത്രപരമായ വസ്തുകള്‍ നിരത്തി വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി സംവിധായകനും തിരക്കഥാകൃത്തായ റോബിന്‍ തിരുമല രംഗത്ത് എത്തി.
റോബിന്‍ തിരുമലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഇത്തിക്കരപക്കി 1800കളുടെ പകുതിയോടെ പോർച്ചുഗീസുകാരെ അനുകരിച്ചുള്ള വേഷം ധരിക്കാറുണ്ടെന്ന് മൂർക്കോത്ത് കുമാരന്റെ ആദ്യകാലകഥകളിൽ പറഞ്ഞിട്ടുള്ളതായി ഒരു അധ്യാപക സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഈ വേഷം കൃത്യമാണ്. 1800 കളുടെ അവസാനം ജീവിച്ചിരുന്ന മൂർക്കോത്ത് കുമാരൻ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നിട്ട് കൂടി കോട്ടും സ്യൂട്ടുമാണ് ധരിച്ചിരുന്നത്. അന്നത്തെ കാലത്ത് താഴ്ന്ന ജാതർക്ക് ഇതൊന്നുമില്ലെന്ന് പ്രചാരണമുണ്ടല്ലോ. അപ്പോൾ മലയാളികൾ ഇത്തരം വേഷങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് പറയുന്നത് അസംബന്ധമാണ്. അന്ന് പലരും ഫ്രഞ്ച്, ബ്രിട്ടീഷ്, പോർച്ചുഗീസ് സ്വാധീനം കേരളത്തിന്റെ മേൽത്തട്ടുകളിലുണ്ടായിരുന്നു.
