ഹോങ്കോങ്ങ്: ലോകത്ത് എങ്ങും ആരാധകരുള്ള സൂപ്പര്‍താരമാണ് ജാക്കിചാന്‍. ചൈനയില്‍ നിന്നും വളര്‍ന്ന് ലോകത്ത് ഇത്രയും ആരാധകരെ സൃഷ്ടിച്ച താരങ്ങള്‍ വിരളമാണ് എന്ന് പറയാം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ പോലെ രസിപ്പിക്കുന്നതാണ് ജാക്കിചാന്‍റെ ആക്ഷന്‍ രംഗങ്ങള്‍. ഇപ്പോള്‍ 64ാം വയസില്‍ എത്തിയിരിക്കുന്ന താരം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് തന്‍റെ ആത്മകഥയിലൂടെയാണ്.  ‘നെവര്‍ ഗ്രോ അപ്പ്’ എന്ന ആത്മകഥയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ചൊവ്വാഴ്ചയാണ് ഈ ബുക്ക് പുറത്തിറങ്ങുന്നത്.

1973 ല്‍ ബ്രൂസ് ലിയ്ക്ക് ഹോളിവുഡില്‍ സിംഹാസനം നേടിക്കൊടുത്ത എന്റര്‍ ദി ഡ്രാഗണില്‍ ചെറിയ വേഷം ചെയ്തതിലൂടെയാണ് ജാക്കിയുടെ സിനിമാ കരിയര്‍ തുടങ്ങുന്നത്. ഒരു കാലത്ത് സിനിമയില്‍ വളര്‍ന്നപ്പോള്‍ ലഭിക്കുന്ന പണം എല്ലാം പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണ് ചിലവഴിച്ചത് എന്നാണ് ജാക്കി ചാന്‍ ബുക്കില്‍ വെളിപ്പെടുത്തുന്നത്. എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആനന്ദമെന്ന് ജാക്കി ആത്മകഥയില്‍ പറയുന്നു. പലപ്പോഴും കൂട്ടത്തില്‍ കിടക്കുന്ന സ്ത്രീകളുടെ പേരുപോലും അറിഞ്ഞിരുന്നില്ല . ആദ്യ പ്രണയകാലത്ത് കാമുകി വീട്ടില്‍ ഉണ്ടായിരിക്കുമ്പോള്‍ പോലും വീട്ടിലെത്തിയാലുടന്‍ ചൂതുകളിക്കാനും മദ്യപിക്കാനുമായി ഓടുമായിരുന്നു.

തന്‍റെ ചെറുപ്പത്തെക്കുറിച്ച് ജാക്കി ബുക്കില്‍ ഓര്‍മ്മിക്കുന്നുണ്ട്,  ബോര്‍ഡിംഗ് സ്‌കൂളില്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കണമായിരുന്നു. അഭിനയവും പാട്ടും ആയോധനകലയുമെല്ലാം അഭ്യസിപ്പിച്ചിരുന്ന ഇവിടുത്തെ കുട്ടികള്‍ക്ക് സിനിമയില്‍ അവസരം കിട്ടിയാല്‍ മാസ്റ്റര്‍ക്ക് ദിവസവും പണം നല്‍കണമായിരുന്നു. പതിനഞ്ചാം വയസ്സിലായിരുന്നു ജാക്കി ആദ്യം പ്രണയത്തില്‍ അകപ്പെടുന്നത്. 

ചാംഗ് എന്ന് പേരിലുള്ള ആ സുന്ദരിയെ പക്ഷേ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ ജാക്കിയെ അനുവദിച്ചില്ല. എപ്പോഴും കാമുകിയെ കാണണമെന്ന് മോഹിക്കുന്ന പതിവ് കാമുകന്മാരെ പോലെയായിരുന്നില്ല താനെന്നും കിട്ടുന്ന ഏതു ജോലിക്കും ഹോങ്കോംഗിന് പുറത്താണെങ്കില്‍ പോലും പോയി ചെയ്തിരുന്നു. പ്രണയം തകര്‍ന്നതിന് ശേഷവും ചാങ്ങിനെ ജാക്കി സഹായിച്ചുകൊണ്ടിരുന്നു. ചാങ് അന്ന് ഒരു തുണിക്കട നടത്തുകയായിരുന്നു. ചാങ്ങിനെ സഹായിക്കാന്‍ തന്റെ കൂട്ടുകാരെ ജാക്കി പണം നല്‍കി ഈ കടയില്‍ നിന്നും തുണിവാങ്ങാന്‍ പതിവായി അയയ്ക്കും. 

ഒടുവില്‍ തനിക്ക് ജാക്കി അയയ്ക്കുന്നവരല്ലാതെ കച്ചവടക്കാര്‍ ഇല്ലെന്നും എല്ലാറ്റിനും പണം നല്‍കുന്നത് ജാക്കിയാണെന്നും അറിഞ്ഞതോടെ അവര്‍ കട നിര്‍ത്തി. എന്നാല്‍ പിന്നീട് ജാക്കിയെ അതിയായി സ്‌നേഹിച്ച ചാങ്ങ് ഒരിക്കല്‍ താരം സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് പ്രയാസപ്പെട്ട കാലത്ത് 2,500 ഡോളര്‍ കൊടുത്ത് സഹായിക്കാന്‍ ഓടിയെത്തുകയും ചെയ്തു. 

അക്കാലത്ത് മദ്യപിച്ച് വണ്ടിയോടിച്ച് രാത്രിയില്‍ പോര്‍ഷെ കാറും പകല്‍ മെഴ്‌സിഡസ് എന്ന കണക്കില്‍ അപകടം ഉണ്ടാക്കുമായിരുന്നു. നടിയായ ജോവാന്‍ ലിന്നിനോട് തോന്നിയത് ഭ്രാന്തമായ ആവേശമായിരുന്നു. ജോവാന്‍ ലിന്‍ ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കുകയായിരുന്നു.  1982 ലായിരുന്നു വിവാഹം. വിവാഹശേഷവും ധാരാളം കാമുകിമാരുണ്ടായെന്ന് ജാക്കി ചാന്‍ പറയുന്നു.

സ്വാര്‍ത്ഥനും എളുപ്പം മറ്റുള്ളവരുടെ വലയില്‍ വീഴുന്നയാളുമായ തന്‍റെ സ്വഭാവത്തിന്റെ നേരെ വിപരീതമായിരുന്നു ജോവാന്‍. തന്നെ തന്റെ വഴിക്ക് ജോവാന്‍ വിട്ടെന്നു താരം പറയുന്നു. എന്നിട്ടും ജോവാനെ ജാക്കി വഞ്ചിച്ചു. എലൈനുമായി ബന്ധത്തില്‍ പെട്ടു. 1999 ല്‍ ഇത് പുറത്തായപ്പോഴായിരുന്നു എല്ലാ ആണുങ്ങള്‍ക്കും പറ്റുന്ന ഒരു തെറ്റ് എന്ന് ജാക്കി പരസ്യമായി പറഞ്ഞത്. 

അന്ന് വീട്ടിലെത്തിയ ജാക്കി ഭാര്യയോടും മകനോടും വിവരം പറഞ്ഞു. കരയുകയായിരുന്നു ജോവാന്‍റെ പ്രതികരണം. മകന്‍ തുറിച്ചുനോക്കി. എന്നാല്‍ പിന്നീട് രണ്ടുപേരും താരത്തിന് മാപ്പു കൊടുത്തു. ഒരിക്കല്‍ ഭാര്യയുമായി വീട്ടില്‍ വഴക്കുണ്ടാക്കിയപ്പോള്‍ കുഞ്ഞായിരുന്ന മകനെ ഒരു കയ്യിലെടുത്ത് സോഫയിലേക്ക് എറിഞ്ഞെന്നും അതുകണ്ട് ജോവാന്‍ പേടിച്ചുപോയെന്നും ജാക്കി പറയുന്നു. പിന്നീട് ഇക്കാര്യത്തില്‍ ജാക്കി മാപ്പു പറയുകയും ചെയ്തു.

അതേ സമയം താന്‍ ഒരിക്കലും ഒരു നല്ല പിതാവോ ഭര്‍ത്താവോ ആയിരുന്നില്ലെന്നും എന്നാല്‍ ആ രണ്ടു റോളിലും പരാജയമായിരുന്നില്ലെന്നും ജാക്കി പറയുന്നു. അതേസമയം എലൈനിലുള്ള മകള്‍ എറ്റയെക്കുറിച്ച് പുസ്തകത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.  

ജാക്കിയുടെ വ്യക്തിപരമായുള്ള വരുമാനം മാത്രം 350 ദശലക്ഷം എന്നാണ് ഫോര്‍ബ്‌സ് കണക്കാക്കിയത്. റമ്പിള്‍ ഇന്‍ ദി ബ്രോംഗ്‌സ്, റഷ് അവര്‍ പോലെയുള്ള സിനിമകള്‍ വന്‍ഹിറ്റായ താരം ആര്‍മര്‍ ഓഫ് ഗോഡ് എന്ന സിനിമയില്‍ ഏറ്റ പരിക്കാണ് ജീവിതത്തില്‍ ഏറ്റവും വലുതായി കണക്കാക്കുന്നത്.