അന്തിയുറങ്ങാൻ വീടില്ലെന്ന് ആക്ഷൻ സൂപ്പര്‍താരം ജാക്കി ചാന്റെ മകള്‍ എറ്റ ഇങ്. യുട്യൂബില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെയാണ് എറ്റ ഇങ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പാലത്തിന്റെ താഴെയാണ് താനും കാമുകിയും ഉറങ്ങുന്നതെന്നും എറ്റ ഇങ് പറയുന്നു.

സ്വവര്‍ഗാനുരാഗത്തെ മാതാപിതാക്കള്‍ എതിര്‍ക്കുകയാണെന്നും അതുകൊണ്ടാണ് തങ്ങള്‍ക്ക് പുറമ്പോക്കില്‍ കഴിയേണ്ടി വരുന്നതെന്നും എറ്റ ഇങ് പറയുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. ഞങ്ങള്‍ പൊലീസിനെ സമീപിച്ചു. ട്രാൻസ്ജെൻഡര്‍ വിഭാഗത്തെ സമീപിച്ചു. പക്ഷേ ആരും സഹായിക്കാൻ തയ്യാറാകുന്നില്ല- എറ്റ ഇങ് പറയുന്നു. മുൻ മിസ് ഏഷ്യ ജേതാവായ എലെയ്ൻ ഇങ്ങില്‍ ജാക്കി ചാനുണ്ടായ മകളാണ് എറ്റ ഇങ്. വീഡിയോയില്‍ എറ്റ ഇങ് പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നാണ് എലെയ്ൻ ഇങ് പറയുന്നത്. അവര്‍ക്ക് പണമില്ലെങ്കില്‍ ജോലി എടുക്കുകയാണ് വേണ്ടത്. ലോകത്തെ എല്ലാ ജനങ്ങളും കഠിനാദ്ധ്വാനം ചെയ്യുകയാണ് ചെയ്യുന്നത്. അല്ലാത മറ്റൊരാളുടെ പ്രശസ്‍തി പണമുണ്ടാക്കാനുള്ള മാര്‍ഗമായി മാറ്റുകയല്ല ചെയ്യുന്നത്- എലെയ്ൻ ഇങ് പറയുന്നു.