നായകന്‍ ഡാനിയല്‍ ക്രെയ്ഗ് തന്നെ ഡിസംബര്‍ 3ന് പ്രൊഡക്ഷന്‍ ആരംഭിക്കും
അവസാന ജെയിംസ് ബോണ്ട് ചിത്രം സ്പെക്ടര് (2015) പുറത്തെത്തി ഏതാനും മാസങ്ങള് പിന്നിട്ടപ്പോള് തുടങ്ങിയതാണ് അടുത്ത 007 ചിത്രത്തെക്കുറിച്ചുള്ള വാര്ത്തകള്. ആരാധകരില് ആഘാതമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ഇനി ജെയിംസ് ബോണ്ടിന്റെ കുപ്പായം അണിയാനില്ലെന്ന ഡാനിയല് ക്രെയ്ഗിന്റെ പ്രസ്താവന. എന്നാല് പിന്നീട് ക്രെയ്ഗ് നിലപാട് മാറ്റി. 25ാമത് ബോണ്ട് ചിത്രത്തിലും താന് നായകനാവുമെന്ന് അറിയിച്ചു. സംവിധായകന്റെ കസേരയിലേക്ക് ആരെത്തും എന്നതായിരുന്നു ആരാധകര്ക്കിടെ നിലനിന്ന പിന്നത്തെ തര്ക്കം. അറൈവല് സംവിധായകന് ഡെനിസ് വിലന്യു, എഡ്ഗാര് റൈറ്റ്, സാക്ഷാല് ക്രിസ്റ്റഫര് നോളന് എന്നിവരുടെയൊക്കെ പേരുകള് സംവിധായകന്റെ റോളിലേക്ക് പലപ്പോഴായി പറഞ്ഞുകേട്ടു. എന്നാല് ചര്ച്ചകളില് വല്ലപ്പോഴും മാത്രം കടന്നുവന്ന ഒരു സംവിധായകനെ ബോണ്ട് 25ന്റെ സംവിധായകനായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള് നിര്മ്മാതാക്കള്.
സ്ലംഡോഗ് മില്യണയറിലൂടെ മികച്ച സംവിധായകനുള്ള ഓസ്കര് നേടിയ ഡാനി ബോയിലാണ് അടുത്ത ബോണ്ട് ചിത്രത്തിന്റെ സംവിധായകന്. മറ്റ് പല സംവിധായകരുടെയും പേരുകള് കൂടുതല് ഉച്ചത്തില് കേട്ടപ്പോള് അവസരം തനിക്ക് ലഭിച്ചേക്കുമെന്ന് ഡാനി ബോയില് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഡാനിയല് ക്രെയ്ഗ് നായകനാവുന്ന ചിത്രത്തിനുവേണ്ടി തന്റെ സ്ഥിരം തിരക്കഥാകൃത്ത് ജോണ് ഹോഡ്ജുമായി ഒരു സ്ക്രിപ്റ്റ് ഒരുക്കുകയാണെന്നും അദ്ദേഹം ഇടയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബോയിലുമായി ഏറെ സൌഹൃദം സൂക്ഷിക്കുന്ന താരമാണ് ഡാനിയല് ക്രെയ്ഗ്.
മുന് ബോണ്ട് നായകന്മാരേക്കാള് പുരോഗമനവാദിയായിരിക്കും തന്റെ നായകനെന്നാണ് ബോയില് നല്കുന്ന ഉറപ്പ്. സമകാലത്തോട് സംവദിക്കുന്നതാണ് പുതിയ ചിത്രത്തിന്റെ തിരക്കഥയെന്നും ഫെമിനിസവും മീ ടൂ ക്യാംപെയ്നുമൊക്കെ തിരക്കഥയില് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഡിസംബര് മൂന്നിന് ചിത്രത്തിന്റെ പ്രൊഡക്ഷന് ആരംഭിക്കും. അടുത്ത വര്ഷം തീയേറ്ററുകളിലെത്തും.
