അനശ്വര പ്രണയത്തിന്‍റെ കഥപറയുന്ന ചിത്രമായിരുന്നു ടൈറ്റാനിക്. ജാക്കിന്‍റെയും റോസിന്‍റെയും പ്രണയത്തില്‍ അലിഞ്ഞു ചേരാത്തവരാരുമുണ്ടാവില്ല. ഒടുവില്‍ ആ പ്രണയ ലോകം ഒരു കപ്പല്‍ ദുരന്തമായി പ്രേക്ഷകരെ ദു: ഖത്തിലാഴ്ത്തികൊണ്ടാണ് പര്യവസാനിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ ജാക്കിന്‍റെയും റോസിന്‍റെയും പ്രണയം ഇന്നും ഓരോ സിനിമാ പ്രേമികളുടെയും ഉള്ളിലുണ്ട്. മാത്രമല്ല സിനിമയിലൂടെ ലോകം മുഴുവന്‍ ജയിംസ് കാമറൂണ്‍ എന്ന പേര് വാഴ്ത്തപ്പെട്ടു. 

 എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ടൈറ്റാനിക് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നുവെന്നതാണ്. ടൈറ്റാനിക് പുറത്തിറക്കിയതിന്‍റെ 20 ാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമ വീണ്ടും വരാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഇതിന്‍റെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബര്‍ ഒന്നിനാണ് സിനിമ വീണ്ടും പ്രദര്‍ശനത്തിന് എത്തുന്നതെന്നാണ് ട്രെയിലര്‍ പറയുന്നത്. 

 ആദ്യം പുറത്തിറക്കിയതില്‍ നിന്നും വ്യത്യസ്തമായി ഏറ്റവും പുതിയ ഡോള്‍ബി ആറ്റംസ് സാങ്കേതി വിദ്യ പ്രയോജനപ്പെടുത്തിയാണ് ചിത്രം വീണ്ടും പുറത്തിറക്കുന്നത്. 912 ല്‍ സതാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ ആര്‍ എം എസ് ടൈറ്റാനിക് കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും ഭീമന്‍ മഞ്ഞുപാളിയില്‍ ഇടിച്ച് തകരുകായിരുന്നു. ഇത് ടൈറ്റാനിക് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. കപ്പല്‍ ദുരന്തത്തിന്റെ വ്യാപ്തി ലോകം തിരിച്ചറിഞ്ഞത് ഈ സിനിമയിലൂടെയാണ്.