'താനൊരു താരമല്ല, അഭിനേതാവാകാന്‍ ശ്രമിക്കുകയാണ്'

മുംബൈ:താനൊരു താരമല്ല, ഒരു അഭിനേതാവാകാന്‍ ശ്രമിക്കുകയാണെന്ന് 'ധടക്' നായിക ജാന്‍വി കപൂര്‍. ശ്രീദേവിയുടെ മകളായ ജാന്‍വിയുടെ കന്നി ചിത്രമാണ് ധടക്. ആദ്യദിനം തന്നെ 8.71 കോടി സ്വന്തമാക്കിയ ധടക് മികച്ച പ്രതികരണത്തോടെയാണ് തിയേറ്ററില്‍ മുന്നേറുന്നത്. ധടകിന്‍റെ വിജയത്തോടെ ജാന്‍വി ഒരു താരമായോ എന്ന ചോദ്യത്തിനാണ് താനരൊരു താരമല്ല, അഭിനേതാവാകാന്‍ ശ്രമിക്കുകയാണെന്ന് ജാന്‍വി പ്രതികരിച്ചത്.

പുതുമുഖങ്ങളെ വച്ച് ഇറക്കിയ ചിത്രങ്ങളില്‍ ഏറ്റവും അധികം കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം എന്ന പേര് ധടകിന് സ്വന്തമായിരിക്കുകയാണ്. ധര്‍മ്മ പ്രൊഡക്ഷൻസ് 2012 ല്‍ പുറത്തിറക്കിയ സ്റ്റുഡന്‍റ് ഓഫ് ദി ഇയറിന്‍റെ റെക്കോര്‍ഡിനെയാണ് ചിത്രം തകര്‍ത്തത്. എട്ടുകോടി രൂപയാണ് സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍ ആദ്യദിനത്തില്‍ സ്വന്തമാക്കിയത്. തനിക്ക് ചിത്രത്തെക്കുറിച്ച് ആത്മവിശ്വാസമുണ്ടായിരുന്നെന്നും ഇഷാന്‍, ജാന്‍വി എന്നീ രണ്ടുകുട്ടികളും ചിത്രം മനോഹരമായി ചെയ്തുവെന്നും സംവിധായകന്‍ ശശാങ്ക് ഖൈത്തന്‍ പറയുന്നു.