മോഹന്‍ലാലിന് നന്ദി പറഞ്ഞ് നടന്‍ ജയറാം. ആകാശ മിഠായി എന്ന തന്റെ പുതിയ സിനിമയുടെ മോഷന്‍ പിക്ചറിന് ശബ്‍ദം നല്‍കിയതിനാണ് ജയറാം നന്ദി പറഞ്ഞത്. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ജയറാം നന്ദി പറഞ്ഞത്.

മോഷന്‍ ടൈറ്റില്‍ ഇത്രയും ഹിറ്റാവാന്‍ കാരണം അതിന് പിന്നിലെ മാസ്മരിക ശബ്‍ദമാണ്. അത് മറ്റാരുമല്ല. മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലാണ് അതിന് ശബ്‍ദം നല്‍കിയത്. ആകാശമിഠായിയുടെ ക്രൂ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. താങ്ക് യു ലാലേട്ടാ... താങ്ക് യു സോ മച്ച്. ആ മാജിക്കല്‍ വോയിസിന്.- ജയറാം പറഞ്ഞു.

സമുദ്രക്കനി തമിഴില്‍ സംവിധാനം ചെയ്‍ത അപ്പയുടെ മലയാളം റീമേക്കാണ് ആകാശ മിഠായി. ഇനിയ, കലാഭവന്‍ ഷാജോണ്‍, സരയു, ഉഷ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ഗിരീഷ് കുമാര്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. അളഗപ്പന്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.