കോമഡി ഡ്രാമ എന്നാണ് ജീത്തു ചിത്രത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക.

കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി. 42 ദിവസത്തെ ഷെഡ്യൂളിലാണ് ജീത്തു ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. എബ്രിഡ് ഷൈനിന്‍റെ പൂമരത്തിന് ശേഷം കാളിദാസ് നായകനാവുന്ന മലയാളചിത്രമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ജീത്തു ജോസഫ് സിനിമ.

സുഹൃത്തുക്കളോടൊപ്പം ഒരു ക്വട്ടേഷന്‍ സംഘത്തിന്‍റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്ന യുവാവിന്‍റെ വേഷമാണ് കാളിദാസിന്‍റേതെന്നാണ് കേള്‍ക്കുന്നത്. ഒരു കോമഡി ഡ്രാമ എന്നാണ് ജീത്തു ചിത്രത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. വിജയ് ബാബു, ഗണപതി, ഭഗത് മാനുവല്‍ എന്നിവരും അഭിനയിക്കുന്നു. ശ്രീഗോകുലം മൂവീസ്, വിന്‍റേജ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 പ്രണവ് മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രം ആദിയാണ് ജീത്തുവിന്‍റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. മിഥുന്‍ മാനുവല്‍ തോമസിന്‍റെ അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍റ് ജില്‍, അല്‍ഫോന്‍സ് പുത്രന്‍റെ തമിഴ് ചിത്രം എന്നിവയാണ് കാളിദാസ് ജയറാം കരാര്‍ ഒപ്പിട്ടിരിക്കുന്ന മറ്റ് പ്രോജക്ടുകള്‍.